ഇടുക്കി: സാമ്പത്തിക ബാധ്യത തീർക്കാൻ നാല് മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച ദമ്പതികളും ഇടനിലക്കാരനും അറസ്റ്റിൽ. ഇടുക്കി കട്ടപ്പനയിലാണ് സംഭവം നടന്നിരിക്കുന്നത്. നാല് ലക്ഷം രൂപയ്ക്ക് കുട്ടിയെ വിൽക്കാനായിരുന്നു ശ്രമം. കഞ്ഞിക്കുഴിയില്‍ ജോലി ചെയ്തു വന്നിരുന്ന അസം സ്വദേശികളാണ് തങ്ങളുടെ ആണ്‍കുഞ്ഞിനെ വിൽക്കാൻ ശ്രമം നടത്തിയത്.
ഇതിനായി അസം സ്വദേശിയായ ബ്രോക്കർ ജാദു ഗോഗോയിയെ ചുമതലപ്പെടുത്തി. ഇക്കാര്യം രഹസ്യത്തിൽ മനസിലാക്കിയ കട്ടപ്പന പൊലീസ് ഇടിനിലക്കാരനെയും മാതാപിതാക്കളെയും കുടുക്കുകയായിരുന്നു. കുട്ടിയെ വാങ്ങാനെന്ന വ്യാജേന ഇടനിലക്കാരനുമായി ബന്ധപ്പെട്ട പൊലീസ് വില പേശി രണ്ടര ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു.
തുടർന്ന് കുട്ടിയുമായെത്താൻ നിർദേശിച്ചതനുസരിച്ച് എത്തിയപ്പോഴായിരുന്നു അറസ്റ്റ്. സാമ്പത്തിക ബാധ്യതയാണ് കുട്ടിയെ വിൽക്കാൻ ശ്രമിച്ചതിനു പിന്നിലെന്ന് മാതാപിതാക്കൾ പറഞ്ഞു. ദമ്പതികൾക്ക് മൂന്നു കുട്ടികളാണുള്ളത്. മൂത്ത രണ്ട് കുട്ടികളും അസമിൽ സഹോദരിക്കൊപ്പം താമസിക്കുകയാണ്. ഇത്തരം സംഭവങ്ങൾ മുമ്പും നടന്നിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp

Post A Comment: