www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2039) Idukki (1955) Mostreaded (1617) Crime (1513) National (1262) Entertainment (859) world (450) Viral (448) Video (363) Health (212) Gallery (163) mollywood (161) Gulf (146) sports (144) Trending (109) business (103) bollywood (90) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (30) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) Fashion (14) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)
Showing posts with label Story. Show all posts

എലോണ ഭാഗം അഞ്ച്; ബാലണ്ണൻ



ജീപ്പിൽ നിന്നും പുറത്തിറങ്ങിയ ബാലണ്ണന് മുമ്പിൽ തൊഴിലാളികൾ അലമുറയിട്ട് കരയുകയായിരുന്നു...... ചിലർ മുട്ടുകുത്തി നിലത്തിരുന്നു.. നിലവിളിക്കുന്ന തൊഴിലാളികളെ സമാധാനിപ്പിക്കാൻ അയാൾ പാടുപെടുന്നുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്നവർ തൊഴിലാളികളെ അകറ്റി നിർത്താൻ ശ്രമിച്ചു. അവരെ തടഞ്ഞു കൊണ്ട് ബാലണ്ണൻ ഓരോരുത്തരെയായി ആശ്വസിപ്പിക്കുന്നത് കാണാമായിരുന്നു. 

ബാലണ്ണൻ..... ആ പേര് കേൾക്കുമ്പോൾ തോട്ടം മേഖലയിൽ ഒരേ സമയം ഭയവും അതേ പോലെ ബഹുമാനവും ഉണ്ടാകും. ട്രേഡ് യൂണിയൻ നേതാവാണ് ബാലണ്ണൻ.. പക്ഷേ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏല്ലാവർക്കും സ്വീകാര്യൻ. തോട്ടത്തിലെ ഏത് വീടും ബാലണ്ണന് സ്വന്തം വീടുപോലെയാണ്. 

തോട്ടം ഉടമകളുടെ പേടി സ്വപ്നം. സ്വയം ഓടിക്കുന്ന ജീപ്പിൽ ഒറ്റക്കാണ് യാത്ര അത്രയും. പാർട്ടി പരിപാടികൾക്ക് വരുമ്പോൾ ജീപ്പിൽ തിങ്ങി നിറഞ്ഞ് ആളുകളുണ്ടാകും. തൊഴിലാളികളെ വകഞ്ഞുമാറ്റി ബാലണ്ണൻ എസ്റ്റേറ്റ് മാനേജരുടെ മുറിയിലേക്ക് കയറി. തൊഴിലാളികൾ മുറിക്ക് പുറത്ത് കാത്തു നിൽക്കുകയാണ്. 

ഏറെ നേരത്തിനു ശേഷമാണ് ബാലണ്ണൻ പുറത്തേക്ക് വന്നത്. അയാളെ കണ്ടതും പലയിടത്തായി ചിതറി നിന്നിരുന്ന തൊഴിലാളികൾ കൂട്ടത്തോടെ അയാളെ വളഞ്ഞു. ചോദ്യ ശരങ്ങൾക്കിടെ കൈകൾ ഉയർത്തി അവരോട് ശാന്തരാകാൻ അയാൾ ആവശ്യപ്പെട്ടു. 

അൽപം ശാന്തനായി അയാൾ ഇങ്ങനെ പറഞ്ഞു. തോട്ടം ഉടമ ഉപേക്ഷിച്ചു കഴിഞ്ഞു. മുന്നോട്ടുള്ള കാര്യങ്ങൾ കൂടിയാലോചിച്ച് തീരുമാനിക്കാം. ആരും നിരാശരാകേണ്ടതില്ല... ഇത്രയും പറഞ്ഞ് അയാൾ ജീപ്പിനടുത്തേക്ക് നടന്നു. 

കിട്ടാനുള്ള ശമ്പളത്തെ കുറിച്ചും ഭാവിയെ കുറിച്ചും മക്കളുടെ പഠനത്തെ കുറിച്ചുമൊക്കെ പലരും ചോദിക്കുന്നുണ്ടായിരുന്നു. ഒന്നിനും മറുപടി പറയാതെ അയാൾ ജീപ്പെടുത്ത് ഓടിച്ചു പോയി. നിരാശരായ തൊഴിലാളികൾ പിരിയാൻ തുടങ്ങിയിരുന്നു. മുറിക്കുള്ളിൽ നിന്നും പപ്പ പുറത്തു വന്നു. എല്ലാവരും വീടുകളിലേക്ക് പോയി. 

പപ്പയുടെ കൈ പിടിച്ച് എലോണയും നടന്നു. എല്ലാവരുടെയും മുഖത്ത് നിരാശ. മുന്നോട്ട് എന്ത് എന്നുള്ള ചോദ്യം ഓരോ മുഖത്തും വായിച്ചെടുക്കാം. വീട്ടിലെത്തിയ എലോണ മുറിക്കുള്ളിലേക്ക് കയറി. പെട്ടൊരു ദിവസം എന്തൊക്കെയോ നഷ്ടപ്പെട്ടതുപോലെ ഒരു തോന്നൽ... 

അവൾ അവളുടെ ഡ്രോയിങ് സാധനങ്ങൾ കൈയിലെടുത്തു.. എന്തൊക്കെയോ ചിന്തകൾ അവളുടെ ഉള്ളിലേക്ക് വന്നു.. പപ്പയുടെ ജോലി നഷ്ടമായാൽ.. ഈ എസ്റ്റേറ്റ് വിട്ട് പോകേണ്ടി വന്നാൽ.. ഇനി പഠനം, പുതിയ സ്ഥലം.... അപ്പോൾ പള്ളി... ഈ വീട്.. കൂട്ടുകാർ... ജിൻസൺ ചേട്ടൻ..... എല്ലാം മാറുകയാണോ... അവൾ നിറങ്ങൾ ചാലിച്ച് എന്തൊക്കെയോ കുത്തിക്കുറിച്ചുകൊണ്ടിരുന്നു...... 

തുടരും... 

നോവലിന്‍റെ മുൻ ഭാഗങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുമല്ലോ..

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

എലോണ: ഭാഗം നാല്; തോട്ടം





ഹെലൻകിഴക്കേൽ
 

സന്ധ്യയോടടുത്ത സമയം... താഴ്‌വാരത്തിൽ നിന്നുള്ള കോടമഞ്ഞ് തേയില തോട്ടത്തെയാകെ മൂടിയിരിക്കുന്നു. പെയ്‌തിറങ്ങുന്ന മഞ്ഞിൻകണങ്ങൾ പച്ചവിരിച്ച തേയിലത്തോട്ടത്തെയാകെ വെള്ള നിറമാക്കുന്നുണ്ട്... തേയിലത്തോട്ടങ്ങൾക്ക് ഒത്ത മധ്യത്തിൽ മൂന്ന് നാല് നിലകളിലായി തലയുയർത്തി നിൽക്കുന്ന ഫാക്റ്ററി കെട്ടിടത്തിനു സമീപത്തേക്കാണ് ആളുകൾ ഓടിയെത്തുന്നത്. 

സദാസമയം പുക തുപ്പിക്കൊണ്ടിരുന്ന ഫാക്റ്ററിയുടെ പുകക്കുഴൽ നിശ്ചലയമായിരിക്കുന്നു. അസാധാരണമായി എന്തോ സംഭവിക്കാൻ പോകുകയാണെന്ന് എലോണയ്ക്ക് തോന്നി. തണുപ്പുണ്ട്. അവൾ മെല്ലെ വീടിനു പുറത്തേക്കിറങ്ങി. 

ദൂരെ ഫാക്റ്ററിയിൽ ആളുകളുടെ ശബ്ദം അവൾക്ക് കേൾക്കാം. ചിലർ വാവിട്ട് നിലവിളിക്കുന്നുണ്ട്. ചിലർ തമിഴും മലയാളവും കലർന്ന ഭാഷയിൽ ആരെയൊക്കെയോ അസഭ്യം പറയുന്നു. ഫാക്റ്ററി കോമ്പൗണ്ടിലെ എസ്റ്റേറ്റ് മാനേജരുടെ ഓഫീസിനു നേരെ ചിലർ കല്ലെറിയുന്നതും കണ്ടു. 

ആൾക്കൂട്ടത്തിനടുത്തേക്ക് അവൾ നടന്നു. തൊഴിലാളികളുടെ ആക്രോശങ്ങൾക്കിടെ അവൾ അത് വായിച്ചെടുത്തു. തോട്ടം പൂട്ടപ്പെട്ടിരിക്കുന്നു. കുറച്ചു നാളുകളായി തോട്ടത്തിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളതായി പപ്പയും അമ്മയും പറയുന്നത് കേട്ടിട്ടുണ്ട്. 

വർഷങ്ങളായി തോട്ടത്തിലെ കണക്ക് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് പപ്പയാണ്. തോട്ടത്തിലെ കോർട്ടേഴ്‌സിലാണ് തങ്ങൾ താമസിക്കുന്നത്. ജോലി പോയാൽ എവിടെ താമസിക്കുമെന്ന് പപ്പ അമ്മയോട് പറയുന്നത് കേട്ടിട്ടുണ്ട്. 

ഇപ്പോൾ തോട്ടം പൂട്ടപ്പെട്ടിരിക്കുന്നു. ഉടമയും അയാളുടെ ആളുകളും സ്ഥലം വിട്ടു. അതാണ് ഇപ്പോൾ തൊഴിലാളികൾ ഓടിക്കൂടിയത്. തൊഴിലാളികൾക്ക് മാസങ്ങളുടെ ശമ്പള കുടിശികയുണ്ട്. ആനുകൂല്യങ്ങളും തടയപ്പെട്ടിരിക്കുകയാണ്. ഇനി എന്തു ചെയ്യും.

ദൂര മലയോരങ്ങളിലെ ലയങ്ങളിൽ നിന്നുള്ള കുട്ടികളും സ്ത്രീകളും ഓടിയെത്തുന്നുണ്ട്. കുട്ടികളിൽ ചിലർ എലോണയുടെ സമീപത്ത് നിലയുറപ്പിച്ചു. വിവരം അറിഞ്ഞ് എസ്റ്റേറ്റിലെ പല ഡിവിഷനുകളിൽ നിന്നും തൊഴിലാളികൾ ഫാക്റ്ററിക്ക് സമീപത്തേക്ക് വരാൻ തുടങ്ങി. ചെറിയ കൂട്ടം വലുതായി വലുതായി വരുന്നു. കൊളുന്തു നുള്ളാൻ പോയ സ്ത്രീകൾ അതേ വേഷത്തിൽ ആൾക്കൂട്ടത്തിനൊപ്പമുണ്ട്.

ഫാക്റ്ററിയുടെ ഗേറ്റിനു മുൻവശത്താണ് തൊഴിലാളികൾ കൂട്ടം കൂടി നിൽക്കുന്നത്. പപ്പയടക്കം ഓഫീസിലെ ഉദ്യോഗസ്ഥരെല്ലാം ഫാക്റ്ററിയോട് ചേർന്ന ഓഫീസ് കോംപ്ലക്‌സിലുണ്ട്. ആരെയും പുറത്തേക്ക് വിടുന്നില്ല. അവർ പപ്പയെ വല്ല ദേഹോപദ്രവവും ഏൽപ്പിക്കുമോ. ആലോചിച്ചപ്പോൾ അവൾക്ക് പേടി തോന്നി. 

ബ്രിട്ടീഷുകാരുടെ കാലത്തോളം പഴക്കമുണ്ട് ഇടുക്കിയിലെ തേയിലത്തോട്ടങ്ങൾക്ക്. ഒരിക്കൽ പള്ളിയിലെ യൂത്ത് ക്യാമ്പിൽ ജിൻസൺ ചേട്ടൻ തേയിലത്തോട്ടങ്ങളുടെ ചരിത്രത്തെ കുറിച്ച് ക്ലാസെടുത്തത് അവൾ ഓർത്തു. ജിൻസൺ ചേട്ടൻ ഇടുക്കിയിലെ തേയിലത്തോട്ടങ്ങളെ കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. 

കാടുപിടിച്ചു കിടന്ന ഇടുക്കിയിലെ മലനിരകളിൽ തേയില നന്നായി വളരുമെന്ന് കണ്ടെത്തിയത് ബ്രിട്ടീഷുകാരാണ്. പിന്നീട് അവർ വ്യാവസായികമായി തേയില കൃഷി ചെയ്‌തു തുടങ്ങി. ബ്രിട്ടീഷ് ഭരണം അവസാനിച്ചെങ്കിലും തോട്ടങ്ങൾ ഇപ്പോഴും ബ്രിട്ടീഷ് ചിട്ടകളിൽ തന്നെയാണ് തുടർന്ന് വന്നത്. 

പക്ഷേ പുതിയ തലമുറ ഉടമകൾ തോട്ടങ്ങൾ കൈക്കലാക്കിയതോടെ പ്രതിസന്ധികൾ തുടങ്ങി. വ്യവസായം നഷ്ടമായതോടെ ഉടമകൾ തൊഴിലാളികളുടെ ശമ്പളവും ആനുകൂല്യവും മുടക്കി തുടങ്ങി. ഒരുകാലത്ത് സർക്കാർ ജോലികൾ പോലും രാജിവച്ച് തോട്ടത്തിൽ ജോലി തേടിയെത്തിയവർ ഇന്ന് പ്രതിസന്ധിയിലായി. സമീപത്തെ ചില തോട്ടങ്ങളൊക്കെ പൂട്ടപ്പെട്ടതായി പറഞ്ഞു കേട്ടിട്ടുണ്ട്.. ഇതിപ്പോൾ... നമ്മുടെ തോട്ടവും... അവൾ നെടുവീർപ്പെട്ടു... 


പപ്പ എത്ര നേരമായി ഓഫീസിനുള്ളിൽ.. എന്തെങ്കിലും കഴിച്ചിട്ടുണ്ടാകുമോ... തൊഴിലാളികൾ പിരിഞ്ഞു പോകുന്നില്ലല്ലോ... ആകെ ഒരു ഭയം.. ഉടമയോടുള്ള പക തൊഴിലാളികൾ ഉദ്യോഗസ്ഥരോട് തീർക്കുമോ.... 

ചിന്തകൾ കാടുകയറി പോകവെ അങ്ങ് ദൂരെ ഒരു ഹോൺ അടി മുഴങ്ങി... കൂട്ടം കൂടി നിന്ന തൊഴിലാളികൾ പൊടുന്നനെ ഹോൺ ശബ്ദം കേട്ട ദിശയിലേക്ക് നോക്കി... അവളും ആ ദിശയിലേക്ക് നോട്ടമെറിഞ്ഞു. ആ ഹോൺ ശബ്ദം തോട്ടത്തിലെ കൊച്ചു കുട്ടികൾക്ക് പോലും സുപരിചിതമാണ്... കൂട്ടം കൂടി നിന്ന തൊഴിലാളികളെല്ലാം ജീപ്പ് വരുന്ന ദിശയിലേക്ക് നടന്നടുത്തു...  മൺറോഡിൽ പൊടിപടലങ്ങൾ പറത്തിക്കൊണ്ട് ജീപ്പ് അതിവേഗം ഫാക്റ്ററിക്ക് മുമ്പിലേക്കെത്തി... 

തുടരും 

നോവലിന്‍റെ മുൻ ഭാഗങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുമല്ലോ... 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

എലോണ | ഭാഗം മൂന്ന് : സ്വപ്‌നം





ഹെലൻകിഴക്കേൽ

ഉച്ചവെയിലിന് കാഠിന്യം അൽപം കുറഞ്ഞു. അങ്ങ് ദൂരെ മലഞ്ചെരുവുകളെ തഴുകിയെത്തുന്ന ഇളം കാറ്റിന് നേരിയ കുളിരുണ്ട്. ഞായറാഴ്ച്ച പള്ളി കഴിഞ്ഞെത്തിയാൽ ഒരു മയക്കം പതിവാണ്. പള്ളിയിലെ പരിപാടികളൊക്കെ കഴിയുമ്പോൾ ഉച്ച കഴിയും. 

പിന്നെ വിശപ്പിന്‍റെ വിളിയാണ്. പള്ളിയിൽ നിന്നും ഒറ്റയോട്ടമാണ് വീട്ടിലേക്ക്. അമ്മ അപ്പോഴേക്കും എന്തെങ്കിലുമൊക്കെ ഉണ്ടാക്കി വച്ചിട്ടുണ്ടാകും. ഭക്ഷണം കഴിഞ്ഞാൽ ഒറ്റക്കിടപ്പ്. അതാണ് ഞായറാഴ്ച്ചത്തെ ശീലം. 

പക്ഷേ അന്ന് എലോണയ്ക്ക് ഉറക്കം വന്നില്ല. എന്തെന്നറിയില്ല, ജിൻസൺ ചേട്ടന്‍റെ മുഖം മനസിൽ നിന്നും മായുന്നില്ല. പഴയ ഓർമകൾ മനസിൽ അങ്ങനെ തങ്ങി നിൽക്കുന്നു. പതിവു പോലെ ഉച്ചയുറക്കത്തിനായി മുറിയിലെത്തിയെങ്കിലും ഓർമകൾ എവിടെയോ അലഞ്ഞു തിരിയുകയാണ്.

മുറിയിലെ സ്റ്റീൽ അലമാരയിലെ നീളൻ കണ്ണാടിയിൽ അവൾ അവളെ തന്നെ നോക്കി. ജിൻസൻ ചേട്ടനൊപ്പം ഉയരം ഇല്ല തനിക്ക്. കുറച്ചുകൂടി ഉയരം ഉണ്ടായിരുന്നെങ്കിൽ.. അവൾ കാലുകൾ മെല്ലെ പൊന്തിച്ചു.. അത്ര കുറവൊന്നും അല്ല... ആണേ തന്നെ പൊക്കത്തിലെ വ്യത്യാസമൊന്നും അത്ര കാര്യമാക്കാനില്ല. അവൾ ആത്മഗതം പറഞ്ഞു. 

ചിന്തകളുടെ ലോകത്ത്... സ്വപ്നങ്ങൾ കണ്ടു കണ്ട് അവൾ ഇടക്കെപ്പോഴോ അലമാരക്കടുത്ത് കിടന്ന ബെഡിലേക്ക് ചെരിഞ്ഞു. ഉറക്കം അവളെ തലോടിയെത്തിയത് അവൾ പോലും അറിഞ്ഞില്ല. ജിൻസൻ ചേട്ടനെ കുറിച്ചുള്ള ഓർമകൾ സ്വപ്നങ്ങളായി അവളുടെ കണ്ണുകളിലേക്കെത്തി. 


കട്ടിമീശക്കുള്ളിൽ ഒളിപ്പിച്ച ചിരി.... വെട്ടിയൊതുക്കിയ കുറ്റിത്താടി.. ചീകിയൊതുക്കിയാലും കാറ്റിൽ നെറ്റിയിലേക്ക് വീണുകൊണ്ടിരിക്കുന്ന നീളൻ മുടി..... ആരും ഒന്ന് നോക്കി പോകും ആളെ.. ജിൻസൺ ചേട്ടനെ കുറിച്ചു തന്നെയായിരുന്നു അപ്പോഴും ചിന്ത. തനിക്ക് മാത്രമല്ല, മറ്റു ചിലർക്കും ആളെ നോട്ടമുണ്ട്. ഇതിൽ ആരോടാണ് മൂപ്പർക്ക് ഇഷ്ടമെന്ന് മാത്രം ആർക്കും നിശ്ചയമില്ല. 

മുമ്പ് മൂപ്പർക്ക് ഒരു റിലേഷൻ ഉണ്ടായിരുന്നതായി ചേച്ചിമാർ പറഞ്ഞു കേട്ടിട്ടുണ്ട്. പള്ളിയിൽ തന്നെ ഉള്ള ചേച്ചിയുമായിട്ടായിരുന്നു. മൂപ്പർ അന്ന് പള്ളി ക്വയറിലൊക്കെ തിളങ്ങി നിൽക്കുന്ന സമയം. 

ഡബിൾ മുണ്ടും കൈമുട്ടു വരെ മടക്കിവച്ചിരിക്കുന്ന വെള്ള ഷർട്ടുമൊക്കെ ഇട്ട് പഴയ ഹീറോ ഹോണ്ടാ ബൈക്കിലാണ് ആൾ പള്ളിയിലെത്തുന്നത്. അന്ന് പള്ളിയിൽ ആകെ ബൈക്ക് ഉള്ളത് ഒന്നോ രണ്ടോ പേർക്കാണ്. ജിൻസൺ ചേട്ടന്‍റെ കൂടെ ബൈക്കിൽ കയറാൻ അന്ന് ചെക്കൻമാരൊക്കെ അടിയാരുന്നെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. 

ആ വരവും പോക്കും കണ്ടിട്ടാവണം സൗമ്യച്ചേച്ചി വീണു പോയത്. ചേച്ചി അന്ന് പള്ളിയിലെ സ്റ്റാർ ആരുന്നെന്നാ കേൾവി. സൺഡേ സ്കൂൾ, ക്വയർ, യൂത്ത് മൂവ് മെന്‍റ് എന്നു വേണ്ട സകല കച്ചേരിയിലും ചേച്ചിയുണ്ട്. ക്വയർ പിള്ളേരെയൊക്കെ വരച്ച വരയിൽ നിർത്തും. സൗമ്യച്ചേച്ചിയുണ്ടായിരുന്നേൽ നിന്‍റെയൊന്നും വിളച്ചിൽ നടക്കില്ലാന്ന് ഇപ്പോൾ പലരും പറയുന്നത് കേൾക്കാം. 

രണ്ടാളും കട്ട പ്രണയമായിരുന്നുവത്രേ. പ്രണയമെന്നു വച്ചാൽ താലി കെട്ടിയിട്ടില്ലെന്നേ ഉള്ളു, അവർ ഒരു മനസും രണ്ട് ശരീരവുമാണെന്നാ എല്ലാവരും പറയാറ്. അത്രക്ക് കൂട്ട്. യൂത്ത് ക്യാമ്പിനും മറ്റും രണ്ടാളും ഒന്നിച്ചാണ് പോകാറ്. അതും ആ ഹീറോ ഹോണ്ടാ ബൈക്കിൽ. 


മരിച്ച വീട്ടിൽ പാട്ട് പാടാനും, വീടുകളിലെ കൂട്ടായ്മ യോഗത്തിലും പോലും രണ്ടാളും ഒന്നിച്ചേ എത്തു. മരണ വീടുകളിൽ രാത്രി വൈകിയും സൗമ്യചേച്ചിയും ജിൻസൺ ചേട്ടനും ഉണ്ടാകും. രാത്രി എത്ര വൈകിയാലും ചേച്ചിയെ അവർ താമസിക്കുന്ന എസ്റ്റേറ്റ് ക്വാർട്ടേഴ്‌സിൽ ആക്കിയിട്ടേ ജിൻസൺ ചേട്ടൻ വീട്ടിൽ പോകു. 

പക്ഷേ അവർക്കിടയിൽ എന്തോ ഉണ്ടായി. അതെന്താണെന്ന് ആർക്കും അറിയില്ല. പെട്ടെന്നാണ് ഇടവകയിൽ സൗമ്യചേച്ചിയുടെ കല്യാണമാണെന്ന വിവരം അറിഞ്ഞത്. ഞാനും പോയാരുന്നു അന്ന് കല്യാണത്തിന്. കല്യാണത്തിന് പക്ഷേ സൗമ്യ ചേച്ചിയും ജിൻസൺ ചേട്ടനും സന്തോഷത്തിലായിരുന്നു. 

അന്ന് വിളമ്പാനൊക്കെ മുന്നിൽ നിന്നതും ജിൻസൺ ചേട്ടനാണ്. കല്യാണംകഴിഞ്ഞ് സൗമ്യചേച്ചി പിന്നെ നാട്ടിലേക്ക് അധികം വരാറില്ല. ഗൾഫ് കാരനാണ് കെട്ടിയത്. ഇടക്കിടെ വല്ലപ്പോഴും ഒരു മിന്നായം പോലെ വരും. പക്ഷേ അവർക്കിടയിൽ എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല. ചോദിക്കാൻ ആർക്കും ധൈര്യവുമില്ല. 

സമയം സന്ധ്യയോടടുത്തത് അവൾ പോലും അറിഞ്ഞില്ല. പുറത്ത് എന്തോ ബഹളം കേട്ട് എലോണ ഞെട്ടിയുണർന്നു. ആരൊക്കെയോ ബഹളം വക്കുന്നു. ചിലർ ഓടുന്ന ശബ്ദം കേൾക്കുന്നുണ്ട്. സ്വപ്‌നമാണെന്നാണ് ആദ്യം കരുതിയത്. കണ്ണ് തുറന്നപ്പോഴേക്കും ബഹളത്തിന്‍റെ ശബ്ദം കൂടി. ജനലിന്‍റെ കർട്ടൻ മാറ്റി നോക്കിയപ്പോഴാണ് അവൾ ആ കാഴ്ച്ച കണ്ടത്..... 

തുടരും.. 

എലോണ- ഭാഗം ഒന്ന്:  പള്ളിമണി.... വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 

എലോണ- ഭാഗം രണ്ട്: ക്യാമ്പിന്‍റെ രാത്രി-... വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

എലോണ; ഭാഗം രണ്ട്: ക്യാമ്പിന്‍റെ രാത്രി





ഹെലൻ കിഴക്കേൽ

പിന്നിൽ പടുകൂറ്റൻ മലഞ്ചെരിവുകളാണ്. മലയുടെ താഴ്‌വാരത്ത് പച്ച വിരിച്ചു നോക്കെത്താ ദൂരത്തോളം പടർന്നു കിടക്കുന്ന തേയിലത്തോട്ടം... ഇടക്കിടെ സോപ്പ് പെട്ടി അടുക്കി വച്ചതുപോലെ തൊഴിലാളികളുടെ ലയങ്ങൾ. തേലിയത്തോട്ടങ്ങൾക്കിയിലെ മൺ പാതയിലൂടെയാണ് എലോണയും അമ്മയും അനുജനൊപ്പം പള്ളിയിലേക്ക് നടക്കുന്നത്.

മഞ്ഞ് മെല്ലെ മാറി തുടങ്ങിയതോടെ സൂര്യനെ കാണാമെന്നായി. ഇളം വെയിൽ കൊണ്ട് പുലർച്ചെയുള്ള നടപ്പിന് ഒരു സുഖം തന്നെയുണ്ട്. പ്ലസ് ടു കഴിഞ്ഞതിൽ പിന്നെ ഞായറാഴ്ച്ച മാത്രമാണ് മിക്കവാറും പുറത്തിറങ്ങൽ. അതുകൊണ്ട് തന്നെ പള്ളിയിലേക്കുള്ള യാത്രക്ക് പ്രത്യേകതകളുമുണ്ട്. 

മൺ വഴിയിൽ പൊടി പടർത്തി ട്രിപ്പ് ജീപ്പുകൾ ഇടക്കിടെ പോകുന്നുണ്ട്. കവലയിലെ ചായക്കടയിലെ ചിമ്മിനി കുഴൽ പുക ചീറ്റി തുടങ്ങി. നല്ല ചൂടൻ പരിപ്പുവടയും ഇടിയപ്പവും പുട്ടുമൊക്കെ ചില്ലുകൂട്ടിൽ ഇടം പിടിച്ചു കഴിഞ്ഞു. വിശപ്പിന്‍റെ വിളി മെല്ലെ ചായക്കടയിലേക്ക് അടുപ്പിക്കുന്നുണ്ട്. പക്ഷേ അമ്മ സമ്മതിക്കില്ല. പപ്പയുണ്ടേൽ ഒരു കൈ നോക്കമായിരുന്നു. 


ഓർമകൾ അങ്ങനെ മിന്നി മറയവെ ചായക്കട പിന്നിട്ട് ദൂരം കുറച്ചങ്ങ് നീങ്ങിയിരുന്നു. പള്ളി കോമ്പൗണ്ടിലേക്ക് കയറുമ്പോൾ എലോണയുടെ കണ്ണുകൾ ആരെയോ തിരയുന്നതു പോലെ തോന്നി. ഞായറാഴ്ച്ച പുറത്തിറങ്ങുന്ന തന്നെ കാണാൻ പലയിടത്തും ഒളിച്ചും പതുങ്ങിയും ചിലരൊക്കെ നിൽക്കാറുണ്ട്. 

അമ്മ കൂടെ ഉള്ളതുകൊണ്ട് ആരും അടുത്തേക്ക് വരില്ല. അമ്മയെ അത്രക്ക് പേടിയാണ് എല്ലാവർക്കും. നോക്കുന്നത് ആരെങ്കിലും കണ്ടാൽ നോക്കിയവനെ കണ്ടം തുണ്ടം ചീത്ത പറയും അമ്മ. 

അതുകൊണ്ടു തന്നെ ഒരു ലൗ ലെറ്റർ പോലും തരാൻ എല്ലാവർക്കും പേടിയാണ്. കൂട്ടുകാരികളായ ജാൻസിക്കും ലിൻസിക്കുമൊക്കെ എത്ര ലെറ്ററുകളാണ് കിട്ടുന്നത്. ഇടക്ക് മൊട്ടക്കുന്നിൽ പോകുമ്പോൾ അവർ കത്തുകൾ കാണിക്കാറുണ്ട്... എന്തൊക്കെയാണ് അതിൽ എഴുതി വച്ചിരിക്കുന്നത്... ചില ഭാഗങ്ങളൊക്കെ വായിക്കുമ്പോൾ നാണം വരും. 

പള്ളി കോമ്പൗണ്ടിലെത്തി. കൈയിൽ കരുതിയിരുന്ന ഷോൾ തലയിലിട്ട് അവൾ സൺഡേ സ്കൂളിലേക്ക് ഓടി. ക്ലാസ് തുടങ്ങികഴിഞ്ഞു. പുസ്തകം തുറന്ന അവൾ ആരെയോ പരതുന്നുണ്ടായിരുന്നു. ഹാ.. വന്നിട്ടുണ്ട്. 

ജിൻസൺ ചേട്ടൻ. പള്ളിയിലെ ഓൾ ഇൻ ഓളാണ് ആൾ. തന്നെക്കാൾ ആറേഴ് വയസ് മൂത്തതാണ്. എല്ലാവർക്കും ജിൻസൺ ചേട്ടനെ വല്യകാര്യമാ. പള്ളിയിലെ സൺഡേ സ്കൂളിലും ക്വയറിലും യൂത്ത് മീറ്റിങ്ങിലും കമ്മിറ്റിയിലും എല്ലാം ചേട്ടനാണ് താരം. തന്‍റെ പ്രായക്കാരുടെയൊക്കെ ആരാധനാ കഥാപാത്രമാണ് ആൾ. 

പക്ഷേ പഞ്ചാരയടിക്കാനൊന്നും ആളെ കിട്ടില്ല. ഭയങ്കര സീരിയസ് ആണ്. ഇതിനു മുമ്പ് ഇഷ്ടമാണെന്ന് പറഞ്ഞ കൂട്ടുകാരികളെയൊക്കെ അനിയത്തിമാരാക്കിയ മഹാനാണ്. അതുകൊണ്ട് തന്നെ ഉള്ളിലെ ഇഷ്ടം അങ്ങനെ കൊണ്ടു നടക്കുകയാണ് എലോണ. ആ ഇഷ്ടം പ്രേമമാണോയെന്നൊന്നും അറിയില്ല.. ഒരിഷ്ടം.. ഈ എസ്റ്റേറ്റിനകത്ത് വേറെ കാണാൻ കൊള്ളാവുന്നവർ വേണ്ടേ ഇഷ്ടപ്പെടാൻ... എലോണക്ക് ചെറിയ ചിരി വന്നു. 

ടീച്ചറെന്താ ചിരിക്കുന്നേ... ക്ലാസിലെ കുട്ടിയുടെ ചോദ്യം കേട്ടപ്പോളാണ് അവൾ ചിന്താ ലോകത്തു നിന്നും പുറത്തു വന്നത്. പിന്നെ ക്ലാസിലേക്ക് മുഴുകി. ഇടക്കിടെ ഓട്ടക്കണ്ണിട്ട് ജിൻസൺ ചേട്ടനെ നോക്കാൻ മറക്കാറില്ല. ഇനി പള്ളി ആരാധനയിലും ക്വയർ പ്രാക്‌ടീയിലും യൂത്ത് മീറ്റിങ്ങിലുമൊക്കെ ഈ നോട്ടം ഇടക്കിടെ ഉണ്ടാകും. തിരിച്ച് കിട്ടുന്നതോ വളിച്ച ഒരു ചിരിമാത്രം. എന്നാലും ഒരാഴ്ച്ച കഴിച്ചു കൂട്ടാൻ ആ ചിരി ധാരാളം. 

എപ്പോഴാണ് ജിൻസൺ ചേട്ടനോട് ഇഷ്ടം തോന്നി തുടങ്ങിയത്.. അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു.. ഹൈസ് സ്കൂളിൽ പഠിക്കുന്ന സമയം.. സൺഡേ സ്കൂൾ ക്യാമ്പിൽ പങ്കെടുക്കാൻ ദൂരെയുള്ള പള്ളിയിലേക്ക് പോയതായിരുന്നു അന്ന്. രണ്ട് ദിവസത്തെ ക്യാമ്പാണ്. ജിൻസൺ ചേട്ടനും വേറെ കുറച്ച് ചേട്ടൻമാരുമാണ് അന്ന് തങ്ങളുടെ രക്ഷിതാക്കളായി കൂടെ വന്നത്.

കൃത്യ സമയത്ത് ആഹാരം വാങ്ങിത്തരും.. എല്ലാ കാര്യങ്ങളും നോക്കും. ക്യാമ്പ് കഴിഞ്ഞ് തിരിച്ചു വരുമ്പോൾ രാത്രി ആയിരുന്നു. അന്ന് എല്ലാവരെയും വീട്ടിലാക്കാനുള്ള തയാറെടുപ്പിലായിരുന്നു ചേട്ടൻമാർ. ഓരോ ഭാഗത്തുള്ളവർ അതാത് ഭാഗത്തുള്ള ചേട്ടൻമാരോടൊപ്പം കൂടി. 

ഞാനും കുറച്ച് പിള്ളേരും ജിൻസൺ ചേട്ടനൊപ്പം. മറ്റുള്ളവരെ എല്ലാവരെയും വിട്ടു കഴിഞ്ഞാണ് എന്‍റെ വീട്. എല്ലാവരെയും വിട്ടു കഴിഞ്ഞപ്പോൾ രാത്രി ഏറെ വൈകി. തേയിലക്കാട്ടിലൂടെ കുറേ പോകണം വീട്ടിലേക്ക്. ആകെയുള്ളത് ഒരു മൊബൈൽ വെളിച്ചം മാത്രം. 

പാമ്പും കാട്ടുപന്നിയും മുള്ളൻപന്നിയും കാട്ടുപോത്തുമൊക്കെ ഇറങ്ങുന്ന സ്ഥലമാണ്. കുറച്ച് നടന്നപ്പോൾ ജിൻസൺ ചേട്ടൻ ചോദിച്ചു പേടിയുണ്ടോയെന്ന്.. നല്ല പേടിയുണ്ടായിരുന്നു. എന്നാലും പറഞ്ഞു.. ഏയ് ഇല്ല ചേട്ടാ.. ഞാൻ ഒറ്റക്ക് പൊക്കോളാമെന്ന്. 

കേക്കാൻ നോക്കിയിരുന്ന പോലെ പുള്ളി നിന്നു. എന്നാ ചെല്ല്... ഇനി കുറച്ചല്ലേ ഉള്ളൂ. കേട്ടതും എന്‍റെ പാതി ജീവൻ പോയി. ഈ കാലമാടൻ ഒറ്റക്കാക്കി പോകുവോ... ആകെ ഒരു വെപ്രാളം. പോകല്ലേ ചേട്ടായിന്ന് പറയണോന്നുണ്ട്.. നാക്ക് പൊങ്ങിയില്ല..

എന്തൊക്കെയോ ആലോചന ഉള്ളിൽ കയറി വന്നപ്പോഴേക്കും എന്‍റെ കൈ പിടിച്ച് ആൾ ഒറ്റ നടത്തം. ന്‍റെ പൊന്നോ... അന്നേരം തോന്നിയ ഒരു ഫീൽ ഉണ്ടല്ലോ... ആ കൈയിലെ ചൂട് എന്‍റെ തണുത്ത കൈയിലേക്ക് ഇറങ്ങി. തൂങ്ങി കിടക്കുന്ന വാച്ചിന്‍റെ ചെയിൻ എന്‍റെ കുപ്പി വളകളിൽ ഉരസുന്നുണ്ടായിരുന്നു. 


എന്തൊരു ബലമായിരുന്നു ഈ കൈകൾക്ക്... കൈവെള്ളയിലെ തഴമ്പ് നന്നായി അറിയാമായിരുന്നു.. ആ രാത്രി അവസാനിക്കാതിരുന്നെങ്കിൽ എന്ന് ചുമ്മാ ഒരു മോഹം തോന്നിയിരുന്നു അന്ന്. പക്ഷേ പത്തടി വച്ചതേ വീടെത്തി. മുറ്റത്ത് പപ്പയും അമ്മയും നോക്കിയിരിപ്പുണ്ടായിരുന്നു. 

എന്നെ ആക്കീട്ട് ജിൻസൺ ചേട്ടൻ പോയി. പക്ഷേ ആ കൈപിടുത്തം.... ക്യാമ്പിനെ കുറിച്ചുള്ള പപ്പയുടെയും മമ്മിയുടെയും ചോദ്യങ്ങൾ കേട്ടെങ്കിലും മറുപടികളില്ലായിരുന്നു.. മുറിയിലേക്ക് കയറുമ്പോൾ അവൾ മറ്റൊരു ലോകത്തെത്തിയിരുന്നു....

തുടരും. 

ഹെലൻ കിഴക്കേൽ എഴുതുന്ന നോവൽ എലോണ.. ഒന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക..  

സൂപ്പർ സ്റ്റൈൽ.. കിടിലൻ ഓഫർ.. 



Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

എലോണ ‌| ഭാഗം ഒന്ന് : പള്ളിമണി



 ഹെലൻ കിഴക്കേൽ.. 

പുറത്ത് പെയ്‌തിറങ്ങുന്ന മഞ്ഞിൻകണങ്ങൾ, വീശിയടിക്കുന്ന കാറ്റിൽ ജനൽപാളികളുടെ വിടവിലൂടെ മഞ്ഞിൻകണങ്ങൾ മുറിക്കുള്ളിലേക്ക് അരിച്ചിറങ്ങാൻ തുടങ്ങി.. അങ്ങ് ദൂരെ പൂന്തേനരുവിയിലെ പാറക്കെട്ടുകൾക്കിടയിലൂടെ വെള്ളം ഒഴുകിയിറങ്ങുന്ന ശബ്ദം കേൾക്കാം... സെന്‍റ് ജോർജ് പള്ളിയിലെ മണി നാദം കാറ്റിനൊപ്പം നേർത്ത ശബ്ദത്തിൽ കാതിൽ പതിയുന്നുണ്ട്.. 

എലോണ മെല്ലെ ഉറക്കത്തിൽ നിന്നും ഉണർന്നു. തണുപ്പാണ്... ഹാ... കാല് പുതപ്പിനു പുറത്താണല്ലോ... അവൾ കാല് പുതപ്പിനുള്ളിലേക്ക് വലിച്ചു.. തലവഴി പുതപ്പ് മൂടി വീണ്ടും കിടന്നു. ഉണരുന്നതിനു തൊട്ടുമുമ്പ് വരെ കണ്ടുകൊണ്ടിരുന്ന സുന്ദര സ്വപ്നം ആലോചിക്കുകയായിരുന്നു അവൾ. തേയിലത്തോട്ടത്തിൽ കണ്ട ആ സുന്ദരന്‍റെ മുഖമായിരുന്നു അപ്പോഴും മനസിൽ. 

ഉണർന്നില്ലായിരുന്നെങ്കിൽ ആ സ്വപ്നം പൂർണമാക്കാമായിരുന്നു. ഇനിയിപ്പോൾ അമ്മ വിളി തുടങ്ങും. പള്ളിയിൽ പോകണം.. അവൾ പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി. മധുര പതിനേഴ് കഴിഞ്ഞ് 18ലേക്ക് കടക്കുകയാണ് ഏലോണ. പ്ലസ് ടു വിദ്യാഭ്യാസം കഴിഞ്ഞു. ഇനി പഠിക്കണോ, ജോലി തേടണോ, അതോ... ആലോചനകൾ പലതാണ്. 

കെട്ടിച്ചു വിടാനാണ് അപ്പന്‍റെയും അമ്മയുടെയും ആലോചന. അല്ലേലും ഇടുക്കിയിലെ തേയില തോട്ടങ്ങളിൽ അങ്ങനെയാണ്. പ്രായപൂർത്തിയാകുന്നതേ പെൺകുട്ടികളെ കെട്ടിച്ചു വിടും. തനിക്കും ആലോചനകൾ പലതും വരുന്നുണ്ടെന്ന് അമ്മ പറയുന്നത് കേട്ടായിരുന്നു. പക്ഷേ അങ്ങനെ സമ്മതിക്കാൻ പറ്റുമോ.. എലോണയുടെ ആലോചനകൾ കാടുകയറി. 

എടിയേ... പള്ളിയിൽ പോകണ്ടേ... അമ്മയുടെ വിളിയെത്തി. ഓർത്തതേ ഉള്ളു.. ഈ അമ്മയെന്താ വിളിക്കാത്തതെന്ന്. ഞായറാഴ്ച്ചയാണ്. പള്ളിയിൽ പോകണം. രാവിലെ വേദപാഠം ക്ലാസുണ്ട്. തന്‍റെ ക്ലാസിലെ കുട്ടികൾ ഇന്ന് വരുമോ, മഴയും തണുപ്പും കാരണം എല്ലാം മടിപിടിച്ചിരിക്കും. എന്തായാലും വേഗത്തിൽ പള്ളിയിലെത്തണം. എലോണ പുതപ്പ് മാറ്റി. കൈകൾ കൂട്ടിപ്പിടിച്ച് അടുക്കളയിലേക്കെത്തി.. വിറകടുപ്പിന്‍റെ അരികിൽ ചൂട് പിടിച്ച് നിന്ന് അമ്മയുണ്ടാക്കിയ കട്ടൻകാപ്പി അവൾ അടുപ്പത്തെ പാത്രത്തിൽ നിന്നും ഗ്ലാസിലേക്കൊഴിച്ചു. 

ഒരു സിപ് കട്ടൻ അകത്താക്കിയപ്പോഴാണ് തണുപ്പിന് തെല്ല് ആശ്വാസമായത്. പപ്പ നേരത്തെ പള്ളിയിലെത്തിയിട്ടുണ്ടാകും. പള്ളിയിലെ കാര്യക്കാരനാണ്. ഞായറാഴ്ച്ച അതിരാവിലെ തന്നെ പള്ളിയിലേക്ക് പോകും. പിന്നെ അനുജൻ എലോണും ഞാനും അമ്മയും കൂടി ഒറ്റപ്പോക്കാണ്. 

എഴുന്നേറ്റുകഴിഞ്ഞാൽ പിന്നെ എല്ലാം വേഗത്തിലാണ്. എലോണിനെ എഴുന്നേൽപ്പിച്ച് റെഡിയാക്കുകയെന്ന ജോലിയാണ് പാട്. എഴുന്നേൽക്കാൻ തന്നെ മടിയാണ് ചെക്കന്. പിന്നാലെ നടക്കണം. അവനെ എഴുന്നേൽപ്പിച്ച് പല്ലു തേയ്ക്കാൻ നിർത്തിയിട്ട് എലോണ കുളിമുറിയിലേക്ക് കയറി. 

കുളിച്ചു വന്ന അവൾ അലമാരയിലേക്ക് നോക്കി... ഏത് ഡ്രസ് ഇടും. പപ്പ എടുത്തു തന്ന ഒരു വെള്ള ഫ്രോക് ഉണ്ട്. അതിട്ടാലോ. അതിൽ സുന്ദരിയാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. കുന്നിൻചെരുവിൽ തേയിലക്കാടിനിടയിലുടെയുള്ള മൺറോഡിലൂടെ പോകുമ്പോൾ പലരും തന്നെ നോക്കി നിൽക്കുന്നത് അവൾ ഒളി കണ്ണിട്ട് ശ്രദ്ധിക്കാറുണ്ട്. 

അമ്മയുടെ രൂക്ഷമായ നോട്ടം കാരണം ഇത്തരം ചെക്കൻമാരിൽ പലരെയും ഇപ്പോൾ റോഡിൽ കാണാറില്ല. ഈ അമ്മക്കെന്താണ്. അവർ എന്നെയല്ലേ നോക്കുന്നത്.. ഓർത്തപ്പോൾ ചുണ്ടിൽ ഒരു ചെറു ചിരി പടർന്നു. വസ്ത്രം മാറി... ബൈബിളും പുസ്തകവും എടുത്ത് അവൾപുറത്തേക്കിറങ്ങി... പള്ളിയിലേക്ക്...

തുടരും.... 


സൂപ്പർ സ്റ്റൈൽ.. കിടിലൻ ഓഫർ.. 



Portable Mini Air Cooler Fan with LED Light