ഇടുക്കി: കട്ടപ്പന- കുട്ടിക്കാനം മലയോര ഹൈവേയിൽ പരപ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച് രണ്ട് കോളെജ് വിദ്യാർഥികൾ മരിച്ചു. മേരികുളം നിരപ്പേൽകട ആരംപുളിക്കൽ സാനിഫ് സലിം (19), ആലടി തോണിത്തടി വരിക്കയാനിക്കൽ നോയൽ അനീഷ് (18) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച്ച പുലർച്ചെ 1.30 ഓടെയാണ് അപകടം നടന്നത്. ലബ്ബക്കട ജെപിഎം കോളെജിലെ വിദ്യാർഥികളാണ് ഇവർ. ആലടിയിൽ സുഹൃത്തിന്‍റെ പിറന്നാൽ ആഘോഷത്തിൽ പങ്കെടുത്ത ശേഷം കട്ടപ്പന ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. സാനിഫ് സലീമിന്‍റെ ബൈക്ക് ഓടിച്ചിരുന്നത് നോയലായിരുന്നു.
മറ്റു സുഹൃത്തുക്കളും പിന്നാലെ ബൈക്കിൽ ഉണ്ടായിരുന്നു. പരപ്പിലെത്തിയപ്പോൾ എതിർ ദിശയിൽ കാർ വരികയും ബൈക്ക് നിയന്ത്രണം വിട്ട് പരപ്പിലെ ഓട്ടോ സ്റ്റാന്‍റിനോടു ചേർന്ന പോസ്റ്റിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു.
പിന്നാലെയെത്തിയ സുഹൃത്തുക്കൾ ബൈക്ക് നിർത്തി ഇറങ്ങുന്നതും സിസി ടിവിയിൽ ദൃശ്യമാണ്. സമീപവാസികളും പൊലീസും ഉടൻ ഓടിയെത്തി. എന്നാൽ ഒരാൾ സംഭവ സ്ഥലത്തും ഒരാൾ ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേയും മരിച്ചു. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
അപകടത്തിന്‍റെ സിസി ടിവി ദൃശ്യം കാണാം.
Join Our Whats App group

Post A Comment: