കുന്നിൻ മുകളിൽ പാറയിടുക്കുകളുടെ നടുവിൽ പ്രകൃതിയൊരുക്കിയ ഷവർ..... അതാണ് കുട്ടിക്കാനത്തെ മാദാമ്മക്കുളം. ബ്രിട്ടീഷ് ഭരണകാലത്തെ ചരിത്രം പറയുന്ന കുളത്തിലേക്ക് ഇന്ന് സഞ്ചാരികളുടെ പ്രവാഹമാണ്.
ഓഫ് റോഡ് സവാരി ഇഷ്ടപ്പെടുന്നവർക്കും ഐസിനൊത്ത തണുപ്പിൽ കുളിക്കാൻ ഇഷ്ടപ്പെടുന്നവർക്കും ആവോളം ആസ്വദിക്കാനാവുന്നതാണ് മദാമ്മക്കുളം.
കുട്ടിക്കാനത്തു നിന്നും കോട്ടയം റൂട്ടിൽ ഒന്നര കിലോമീറ്റർ മാറിയാൽ ഇടത്തേക്ക് ഒരു വഴി കാണാം. തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടെയുള്ള ഈ വഴിയിലൂടെ പോയാൽ മദാമ്മക്കുളത്തിലെത്താം.
ഓഫ് റോഡ് യാത്രമാത്രമാണ് നിലവിൽ ഇവിടേക്കുള്ളത്. കാറിലും മറ്റും പോകുന്നവർക്ക് ലക്ഷ്യസ്ഥാനത്തിന് ഏതാനും കിലോമീറ്റർ മുമ്പ് വരെ പോകാമെങ്കിലും ബാക്കി ദൂരം നടക്കേണ്ടി വരും. കുട്ടിക്കാനത്തു നിന്നും പള്ളിക്കുന്ന് സിറ്റിയിൽ നിന്നും ഇവിടേക്ക് ജീപ്പ് ലഭ്യമാകും. ജീപ്പിലുള്ള യാത്രയാണ് സുഖകരവും.
മദാമ്മക്കുളത്തിന്‍റെ ചരിത്രം
പ്രകൃതി ഒരുക്കിയ ഒരു ഷവറാണ് മദാമ്മക്കുളത്തിന്‍റെ പ്രധാന ആകർഷണം. പാറയിടുക്കിൽ പാൽപോലെ വീഴുന്ന വെള്ളച്ചാട്ടത്തിൽ എത്ര നേരം കുളിച്ചാലും മതിവരില്ല.
ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ന് കുട്ടിക്കാനം കേന്ദ്രമാക്കി നിരവധി വിദേശികൾ താമസിച്ചിരുന്നു. ഇതിൽ ഒരു മദാമ്മ കുളിക്കാനായി തിരഞ്ഞെടുത്ത സ്ഥലമായിരുന്നു ഈ കുളം. വഴിയില്ലാതിരുന്നതിനാൽ കുതിരപ്പുറത്താണ് മദാമ്മ ഇവിടെ എത്തിയിരുന്നത്.
ഇറുകിയൊട്ടിയ വസ്ത്രങ്ങൾ മാറ്റി പ്രകൃതിയുടെ ഷവറിനു കീഴിൽ മദാമ്മ മണിക്കൂറുകളോളം നീരാടുന്നത് പതിവായിരുന്നു. ഈ കാഴ്ച്ച മറ്റാരും കാണാതിരിക്കാനായി സായിപ്പ് അക്കാലത്ത് ഇവിടേക്കുള്ള പ്രവേശനം പോലും നിരോധിച്ചിരുന്നുവെന്ന് പഴമക്കാർ പറയുന്നു.
എന്നാൽ ഇന്ന് പ്രദേശം സ്വകാര്യ വ്യക്തികളുടെ കൈകളിലാണ്. ഇവിടേക്ക് ഇപ്പോൾ ആർക്കും വരാം. മദാമ്മക്കുളത്തിലേക്ക് സഞ്ചാരികളുടെ എണ്ണം കൂടിയതോടെ സമീപത്ത് റിസോർട്ടുകളും ടെന്‍റ് ടൂറിസവുമൊക്കെ ഉയരുന്നുണ്ട്.
Join Our Whats App group

Post A Comment: