ന്യൂയോർക്ക്: ലോക കപ്പിലെ പരാജയത്തിനു പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് ബ്രസീൽ സൂപ്പർതാരം നെയ്‌മർ. നോർവെയോട് 2-1ന് പരാജയപ്പെട്ടതിനു പിന്നാലെയാണ് ആരാധകരെ സങ്കടത്തിലാക്കി നെയ്മറിന്‍റെ വിരമിക്കൽ പ്രഖ്യാപനം.
34കാരനായ നെയ്മര്‍ തന്‍റെ 16 വര്‍ഷം നീണ്ട തിളക്കമാര്‍ന്ന അന്താരാഷ്ട്ര കരിയറിനാണ് ഇതോടെ തിരശീലയിട്ടത്. മത്സര ശേഷം മൈതാനത്ത് തളര്‍ന്നിരുന്ന നെയ്മര്‍ വികാരം നിയന്ത്രിക്കാന്‍ സാധിക്കാതെ പൊട്ടിക്കരഞ്ഞത് ആരാധകര്‍ക്ക് കൂടുതല്‍ വേദന നല്‍കുന്നതായി. ലോകകപ്പ് കിരീടമെന്ന സ്വപ്നം ബാക്കിയാക്കിയാണ് നെയ്മറിന്‍റെ വിരമിക്കൽ.
മത്സരത്തിന്‍റെ ഇഞ്ച്വറി ടൈമില്‍ നെയ്മര്‍ പെനാല്‍റ്റിയിലൂടെ ഒരു ഗോള്‍ മടക്കിയിരുന്നു. താരത്തിന്‍റെ ഈ ലോകകപ്പിലെ ഏക ഗോളാണിത്. കളിയുടെ അവസാന ഘട്ടത്തില്‍ എര്‍ലിങ് ഹാളണ്ട് നേടിയ ഇരട്ട ഗോളുകളുടെ കരുത്തില്‍ നോര്‍വെ ബ്രസീലിനെ 2-1ന് അട്ടിമറിക്കുകയായിരുന്നു.
അവസാന ലോകകപ്പിനായി താന്‍ സര്‍വതും നല്‍കി തിരിച്ചെത്തിയതാണെന്നും എന്നാല്‍ തന്‍റെ അന്താരാഷ്ട്ര ഫുട്‌ബോള്‍ യാത്ര ഇനി അവസാനിച്ചുവെന്നും മത്സര ശേഷമുള്ള തോല്‍വിയില്‍ വികാരാധീനനായി നെയ്മര്‍ പറഞ്ഞു.
പെലെയ്ക്കു ശേഷം ബ്രസീല്‍ ഫുട്‌ബോളിന്‍റെ അടുത്ത സൂപ്പര്‍ താരമെന്ന ഖ്യാതിയോടെ എത്തിയ നെയ്മർ 2010ല്‍ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു. 129 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 80 ഗോളുകളോടെ ബ്രസീലിന്‍റെ എക്കാലത്തെയും മികച്ച പുരുഷ ഗോള്‍വേട്ടക്കാരനായി. നാല് ഫിഫ ലോകകപ്പുകളിലായി ഒരു പതിറ്റാണ്ടിലേറെക്കാലം അദ്ദേഹം ബ്രസീലിയന്‍ ഫുട്‌ബോളിന്‍റെ മുഖമായിരുന്നു.
Join Our Whats App group

Post A Comment: