ഇടുക്കി: പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന തിരുവാഭരണം മോഷ്ടിച്ചു കടത്തിയ ശേഷം ക്ഷേത്രം സെക്രട്ടറിക്ക് മേൽ ആരോപണം ഉന്നയിച്ച് നാടു വിട്ട പൂജാരി പിടിയിലായത് മാസങ്ങൾ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ. വണ്ടൻമേട് പഴയ കൊച്ചറ ശ്രീധർമശാസ്താ ക്ഷേത്രത്തിലെ മോഷണത്തിൽ ചുരുൾ അഴിയുമ്പോൾ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.
ക്ഷേത്രത്തിലെ താല്‍ക്കാലിക പൂജാരിയായിരുന്ന കൊല്ലം എഴുകോണ്‍ സ്വദേശി കെ.യു മിഥുനാണ് ഇപ്പോൾ വണ്ടന്‍മേട് പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ജനുവരിയിലാണ് ഇവിടെ നിന്നും പത്തു ലക്ഷം രൂപയോളം വില വരുന്ന തിരുവാഭരണങ്ങള്‍ ഇയാൾ മോഷ്ടിച്ചത്. ക്ഷേത്രത്തിലെ ഓഫീസ് മുറിയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങലാണ് കാണാതെ പോയത്. അലമാര താക്കോൽ ഉപയോഗിച്ച് തുറന്നായിരുന്നു മോഷണം.
ഫെബ്രുവരി 16ന് അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ മോഷണം പോയതായി കണ്ടെത്തുന്നത്. താക്കോൽ ഉപയോഗിച്ച് തുറന്നതിനാൽ അന്നത്തെ ക്ഷേത്രം സെക്രട്ടറിയാണ് മോഷ്ടാവെന്ന് ഭരണ സമിതിയിലെ ചില അംഗങ്ങൾ ആരോപണം ഉന്നയിച്ചു.
ജനുവരി ആറ് മുതൽ 18 വരെമാത്രമായിരുന്നു മിഥുൻ ഇവിടെ പൂജാരിയായി സേവനം ചെയ്‌തത്. ഇതിനു ശേഷം സ്ഥലം വിട്ട ഇയാൾ പോകുന്നതിനുമുമ്പ് മോഷണം നടത്തിയിരുന്നു. എന്നാൽ മോഷ്ടാവ് സെക്രട്ടറിയാണെന്ന തരത്തിൽ പ്രചരണം ശക്തമാകുകയും അന്നത്തെ സെക്രട്ടറിയായിരുന്ന സുരേന്ദ്രന്‍ നായര്‍ സ്വന്തം സ്ഥലം വിറ്റ് ക്ഷേത്രത്തിന് സ്വർണം വാങ്ങി നൽകുകകയും ചെയ്‌തു.
എന്നാൽ സുരേന്ദ്രൻ വിവരം പൊലീസിനെ അറിയിക്കുകയും മോഷ്ടാവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പരാതി നൽകുകയും ചെയ്‌തതാണ് കേസിൽ നിർണായക വഴിത്തിരിവായത്. പൊലീസ് നടത്തിവന്ന അന്വേഷണത്തിനൊടുവില്‍ മുൻ പൂജാരിയാണ് മോഷ്ടാവെന്ന് കണ്ടെത്തുകയായിരുന്നു.
മോഷ്ടിക്കപ്പെട്ട സ്വര്‍ണത്തിന്‍റെ കുറച്ചു ഭാഗങ്ങള്‍ പല സ്വര്‍ണക്കടകളിലായി വില്‍ക്കുകയും വേറെ സ്വര്‍ണം വാങ്ങുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. യഥാര്‍ഥ മോഷ്ടാവിനെ പിടികൂടിയതോടെ മാസങ്ങള്‍ നീണ്ട മാനസിക പീഡനത്തില്‍ നിന്നും വിമുക്തനായതിന്‍റെ ആശ്വാസത്തിലാണ് ക്ഷേത്രം സെക്രട്ടറിയായിരുന്ന സുരേന്ദ്രന്‍ നായര്‍. മോഷ്ടാവിനെ പിടികൂടിയ സാഹചര്യത്തില്‍ താന്‍ വാങ്ങി നല്‍കിയ സ്വര്‍ണം തിരിച്ചേല്‍പ്പിക്കാന്‍ ഭരണസമിതി തയ്യാറാകുമെന്നാണ് ഇദ്ദേഹം പ്രതീക്ഷിക്കുന്നത്.
Join Our Whats App group

Post A Comment: