ഇടുക്കി: മദ്യലഹരിയിൽ ആടിയുലഞ്ഞ് വാഹനം ഓടിച്ച കെഎസ്ആർടിസി ഡ്രൈവറെ യാത്രികർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇടുക്കി വണ്ടിപ്പെരിയാറ്റിൽ രാവിലെയായിരുന്നു സംഭവം.
കുമളി ഡിപ്പോയിൽ നിന്നും 7.50ന് കോട്ടയത്തേക്ക് പുറപ്പെട്ട ബസിലാണ് ഡ്രൈവർ മുണ്ടക്കയം ഇളംകാട് സ്വദേശി ബിനീഷ് മദ്യലഹരിയിൽ കയറിയത്. ചോറ്റുപാറയ്ക്ക് സമീപവും നെല്ലിമലയിലും വാഹനം നിയന്ത്രണം വിട്ടതോടെ യാത്രികർക്ക് സംശയമുണ്ടായി.
തുടർന്ന് മുന്നിരുന്ന യാത്രികർ ഡ്രൈവറോട് ദേഹാസ്വാസ്ഥ്യം ഉണ്ടോയെന്ന് ചോദിച്ചെങ്കിലും ഇയാൾ നിഷേധിച്ചു. സംശയം തോന്നിയ യാത്രികർ വാഹനം നിർത്താൻ ആവശ്യപ്പെട്ടു. വാഹനത്തിന്‍റെ താക്കോലും ഊരിയെടുത്തു. നാട്ടുകാർ അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ഡ്രൈവർ ലഹരിയിലാണെന്ന് കണ്ടെത്തിയത്.
നെല്ലിമലയിലും ചോറ്റുപാറയിലും വണ്ടിപ്പെരിയാറ്റിലും ബസ് എതിരെ വന്ന വാഹനങ്ങളിൽ ഇടിക്കാൻ പോയിരുന്നു. ഇതോടെയാണ് യാത്രികർ ഇടപെട്ടത്. ബസിൽ ഈ സമയത്ത് 45 ഓളം യാത്രികർ ഉണ്ടായിരുന്നു. ഡ്രൈവർ ബിനീഷിനെതിരെ വണ്ടിപ്പെരിയാർ പൊലീസ് കേസെടുത്തു. ഇയാളുടെ ലൈസൻസ് അടക്കം സസ്പെന്‍റ് ചെയ്യാൻ നിർദേശം നൽകും.
Join Our Whats App group

Post A Comment: