റായ്‌പൂർ: 23 കാരിയായ കാമുകിയ്ക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത 19 കാരൻ മരിച്ച നിലയിൽ. രാത്രിയിൽ യുവാവിന്‍റെ ബോധം പോയെന്നാണ് യുവതിയുടെ മൊഴി. അതേസമയം സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുവാവിന്‍റെ ബന്ധുക്കൾ രംഗത്തെത്തി.
ഛത്തീസ്ഗഢിലെ ഭിലായിലാണ് സംഭവം. കലാകാരനും ഡ്രമ്മറുമായ യുവാവാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് 23-കാരിയായ കാമുകിയ്‌ക്കൊപ്പം യുവാവ് ഹോട്ടലില്‍ മുറിയെടുത്തത്. ഹോട്ടിലില്‍വെച്ച് ഇരുവരും മദ്യപിച്ചതായി കാമുകിയും മൊഴി നല്‍കിയിട്ടുണ്ട്.
ഇതിനിടെ യുവാവിന് വന്ന ഒരു ഫോണ്‍കോളിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. കലഹത്തിനിടെ യുവതി ബ്ലേഡ് കൊണ്ട് കൈയില്‍ സ്വയം മുറിവേല്‍പ്പിച്ചു. പിന്നാലെ മദ്യലഹരിയിലായിരുന്ന തനിക്ക് ബോധം നഷ്ടമായെന്നും ബുധനാഴ്ച രാവിലെ ബോധം വീണ്ടെടുത്തപ്പോഴാണ് ഫാനില്‍ തൂങ്ങിയനിലയില്‍ യുവാവിനെ കണ്ടതെന്നുമാണ് യുവതിയുടെ മൊഴി.
ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ യുവാവിനെ യുവതി തന്നെ കെട്ടഴിച്ച് താഴെ ഇറക്കുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കളെ വിവരമറിയിച്ച് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തേ മരണം സംഭവിച്ചിരുന്നു.
അതേസമയം, സംഭവം കൊലപാതകമാണെന്നാണ് യുവാവിന്‍റെ ബന്ധുക്കളുടെ ആരോപണം. ആറുമാസം മുന്‍പാണ് യുവാവും യുവതിയും അടുപ്പത്തിലായത്. പലതവണ ഇവര്‍ ഒരുമിച്ച് ഹോട്ടലുകളില്‍ താമസിച്ചിട്ടുണ്ട്. യുവതി നേരത്തേ യുവാവിനെ മര്‍ദിച്ച സംഭവവുമുണ്ടായി. യുവാവിന്‍റെ മൃതദേഹത്തില്‍ പലയിടത്തായി പരുക്കേറ്റ പാടുകളുണ്ടെന്നും യുവാവ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
അതിനിടെ, സംഭവത്തില്‍ എല്ലാവശങ്ങളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് സൂപ്രണ്ട് വിജയ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച രാത്രി ഇരുവരും നന്നായി മദ്യപിച്ചിരുന്നു.
യുവാവ് തൂങ്ങിമരിച്ചതാണെന്ന് തന്നെയാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൂടുതല്‍ വ്യക്തത ലഭിക്കും. ഫൊറന്‍സിക് തെളിവുകളടക്കം ശേഖരിച്ചിട്ടുണ്ടെന്നും ആരോപണങ്ങള്‍ക്ക് തെളിവ് ലഭിച്ചാല്‍ നടപടികളുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.
Join Our Whats App group

Post A Comment: