ഇടുക്കി: സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കം അവസാനിച്ചത് ക്രൂരമായ കൊലപാതകത്തിൽ. അടിമാലി സെലീന വധക്കേസിൽ പ്രതി തൊടുപുഴ വണ്ടമറ്റം പടിക്കുഴയിൽ ഗിരോഷിനെ (40) ജീവപര്യന്തം തടവിന് ശിക്ഷിച്ചതോടെയാണ് വീണ്ടും നാടിനെ നടുക്കിയ കൊലപാതകം ചർച്ചയാകുന്നത്.
അടിമാലി ഇരുമ്പുപാലം, 14-ാം മൈൽ ചാരുവിള പുത്തൻവീട്ടിൽ സെലീന (38)യെ 2017 ഒക്ടോബർ 10 നാണ് കൊലപ്പെടുത്തുന്നത്. പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയുമാണ് തൊടുപുഴ പ്രിൻസിപ്പൽ ജില്ലാ കോടതി ശിക്ഷ വിധിച്ചത്.
സെലീനയെ കത്തികൊണ്ട് കുത്തി വീഴ്ത്തിയ ശേഷം മാറിടം മുറിച്ചെടുത്തെന്നാണ് കേസ്. സെലീനയുമായി പ്രതിക്ക് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. അടിമാലിയിൽ ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തിയിരുന്ന ഗിരോഷ് ഇവിടെ വച്ചാണ് സെലീനയുമായി പരിചയത്തിലാകുന്നത്.
പിന്നീട് ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായി. ഭാര്യ ഗർഭിണിയായതോടെ ഗിരോഷ് സെലീനയോട് പണം തിരികെ ആവശ്യപ്പെട്ടു. എന്നാൽ സെലീന നൽകാൻ തയാറായില്ല. ഗിരോഷിന്‍റെ പേരിൽ സെലീന എടുത്ത വായ്‌പയും കുടിശിക വരുത്തി. ഇതോടെ പക ഇരട്ടിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
സംഭവ ദിവസം രാവിലെ 10ന് ബൈക്കിൽ വീട്ടിലെത്തിയ പ്രതി കത്തി ഉപയോഗിച്ച് സെലീനയെ കുത്തി വീഴ്ത്തി. തുടർന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് സെലീനയുടെ വീട്ടിലെത്തി മരണം ഉറപ്പിച്ച ശേഷം മാറിടം മുറിച്ചെടുത്ത് ബാഗിലാക്കി തിരികെ വീട്ടിലേക്ക് പോകുകയായിരുന്നു.
വീട്ടിലെത്തിയ പ്രതി മാറിട ഭാഗം കംപ്യൂട്ടറിന്‍റെ യു.പി.എസിനു മുകളിൽ വച്ചിട്ട് ഉറങ്ങാൻ കിടന്നു. മീൻ കച്ചവടക്കാരനായ സെലീനയുടെ ഭർത്താവ് സിയാദ് രാത്രി വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. സിസി ടിവിയിൽ നിന്നാണ് പ്രതി വീട്ടിലെത്തിയ വിവരം പൊലീസിന് ലഭിക്കുന്നത്. മാറിടം പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയതാണ് കേസിൽ നിർണായക തെളിവായത്.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp

Post A Comment: