കൊച്ചി: വിമാനത്താവളത്തിൽ കുഴഞ്ഞു വീണ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രന്‍റെ മകള്‍ സൂര്യ (24)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
യുകെയിലേക്കുള്ള വിമാനം കയറാന്‍ നെടുമ്പാശേരിയിലെത്തിയതായിരുന്നു സൂര്യ. ഞായറാഴ്ച രാവിലെ പതിനൊന്നരയ്ക്ക് ബന്ധുക്കള്‍ക്കൊപ്പം നെടുമ്പാശേരിയിലേക്കു പോയതാണ്. രാത്രി എട്ടരയ്ക്കുള്ള വിമാനത്തിലായിരുന്നു യാത്ര ചെയ്യേണ്ടിയിരുന്നത്.
ആലപ്പുഴയിലെത്തിയപ്പോള്‍ മുതല്‍ സൂര്യ ഛര്‍ദിച്ചിരുന്നു. വിമാനത്താവളത്തിലെത്തിയപ്പോഴേക്കും സ്ഥിതി വഷളായെങ്കിലും യാത്രയ്ക്കുള്ള പരിശോധനകള്‍ക്കായി സൂര്യ വിമാനത്താവളത്തിലേക്കുകയറി. അതിനിടെ കുഴഞ്ഞുവീണു. തുടര്‍ന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെനിന്നു രാത്രിതന്നെ പരുമലയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ബന്ധുക്കളോടു യാത്രപറയാനിറങ്ങിയപ്പോള്‍ സമീപത്തെ വീട്ടിലെ അരളിപ്പൂവ് കടിച്ചിരുന്നതായി സൂര്യ ഡോക്ടര്‍മാരോടു പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. എന്തെങ്കിലും തരത്തിലുള്ള അലര്‍ജി കാരണമാണോ മരണമെന്നു വ്യക്തമല്ല. കൂടുതല്‍ വിവരം പോസ്റ്റ്‌മോര്‍ട്ടവും ആന്തരീകാവയവങ്ങളുടെ പരിശോധനയും നടത്തിയാലേ വ്യക്തമാകൂയെന്ന് ഹരിപ്പാട് സ്റ്റേഷന്‍ഹൗസ് ഓഫീസര്‍ കെ. അഭിലാഷ് കുമാര്‍ പറഞ്ഞു.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
Post A Comment: