മാവേലിക്കര: കാമുകിയുടെ രണ്ടു വയസുള്ള കുഞ്ഞിനെ യുവാവ് നിലത്തടിച്ച് കൊലപ്പെടുത്തിയത് മദ്യ ലഹരിയിൽ. മാംങ്കുഴിയിലാണ് സംഭവം. അസം ഗുവാഹത്തി സ്വദേശി പരിതോഷ് മണ്ടേലിനെയാണ് (27) പൊലീസ് പിടികൂടിയത്. അസം സ്വദേശിനിയായ റോണ്ട് വാലിയുടെ മകള്‍ ദീപികയാണ് കൊല്ലപ്പെട്ടത്. മാങ്കാംകുഴി കല്ലുവിള മുക്കിന് സമീപം സജിതാലയം വീട്ടില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇവര്‍.
കഴിഞ്ഞ ദിവസം രാത്രി എട്ടിന് ശേഷമാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. മദ്യപിച്ചെത്തിയ പരിതോഷ് വീട്ടില്‍ വഴക്കുണ്ടാക്കുകയും തുടര്‍ന്ന് യുവതിയുടെ മടിയിലിരുന്ന ദീപികയെ പിടിച്ചുവാങ്ങി നിലത്തേക്ക് എറിയുകയും മുഖം തറയിലടിക്കുകയുമായിരുന്നു. യുവതിയുടെ മൂത്ത മകളായ അഞ്ചുവയസുകാരി ലുധികയെയും ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു.
ഗുരുതരമായി പരുക്കേറ്റ ദീപികയെ പ്രതിയും അമ്മയും ചേര്‍ന്ന് ആദ്യം മാങ്കാംകുഴിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മാവേലിക്കര ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ ശരീരത്തിലെ മുറിവുകളും പാടുകളും കണ്ട് സംശയം തോന്നിയ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഇരുവരെയും സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. ഏഴ് വര്‍ഷമായി കേരളത്തില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയായ പരിതോഷ്, രണ്ടാഴ്ച മുമ്പാണ് മാങ്കാംകുഴിയില്‍ വീട് വാടകയ്‌ക്കെടുത്തത്.
ഭാര്യയും മക്കളുമാണെന്ന് വീട്ടുടമയെ തെറ്റിധരിപ്പിച്ചാണ് ഇയാള്‍ യുവതിയെയും മക്കളെയും താമസിപ്പിച്ചിരുന്നത്. പ്രതിക്ക് അസമില്‍ ഭാര്യയും മക്കളുമുണ്ടെന്നും യുവതിയോടുള്ള അടുപ്പത്തെത്തുടര്‍ന്ന് ഇവരെ നാട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.
പൊലീസ് സംഘവും ആലപ്പുഴ ഫോറന്‍സിക് വിഭാഗത്തിലെ ഹരിപ്രശാന്ത്, രണധീര്‍, വിരലടയാള വിദഗ്ധന്‍ അപ്പുക്കുട്ടന്‍ എന്നിവരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. വീടിനുള്ളിലെ തറയിലും സമീപത്തുണ്ടായിരുന്ന കുപ്പിയിലും കുട്ടിയുടെ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്.
മുറിയില്‍ നിന്ന് മദ്യക്കുപ്പികളും പൊലീസ് കണ്ടെടുത്തു. കുട്ടിയുടെ മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. യുവതിയെയും അഞ്ചുവയസുകാരിയായ മകളെയും സംരക്ഷണത്തിനായി മഹിളാ മന്ദിരത്തിലേക്ക് മാറ്റും. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മാവേലിക്കര കോടതിയില്‍ ഹാജരാക്കും.
Join Our Whats App group

Post A Comment: