ഇടുക്കി: ദുരന്ത ഭൂമിയായി വയനാട് മാറുമ്പോൾ ഇടുക്കി ജില്ലയിൽ മലയോര- തീര മേഖലകളിൽ താമസിക്കുന്നവരും ഭീതിയിൽ. വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ 300 ലേറെ പേരുടെ ജീവനാണ് നഷ്ടമായത്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. 200 ലേറെ പേർ ഇപ്പോഴും കാണാ മറയത്താണ്.
ഉൾവനത്തിലുണ്ടായ ഉരുൾപൊട്ടൽ ചാലിയാർ പുഴയുടെ തീരത്ത് താമസിച്ചിരുന്നവരെയാണ് ദുരന്തം ഏറെ ബാധിച്ചത്. നിരവധി കുടുംബങ്ങളെ ബാധിച്ച ദുരന്തത്തിന്‍റെ വാർത്ത പുറത്തു വന്നതോടെ ഇടുക്കിയിലും മലയോര മേഖലകളിലും തീര പ്രദേശത്തും താമസിക്കുന്ന നൂറുകണക്കിനു കുടുംബങ്ങളാണ് വീണ്ടും ആശങ്കയിലാരിക്കുന്നത്.
വണ്ടിപ്പെരിയാർ, അയ്യപ്പൻകോവിൽ, ഉപ്പുതറ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന പെരിയാർ തീര പ്രദേശത്ത് തന്നെയാണ് ദുരന്ത ഭീതി ഏറെയുള്ളത്. മുല്ലപ്പെരിയാർ അണക്കെട്ട് ഉയർത്തുന്ന ഭീതി തന്നെയാണ് ഇവിടെ ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ഇന്നും മാറി മാറി വരുന്ന സർക്കാരുകൾ ഇതിനായി ശ്രമിക്കാറില്ല.
രാഷ്ട്രീയ പാർട്ടികളുടെ പതിവ് വോട്ടുബാങ്കുകളായി മുല്ലപ്പെരിയാർ വിഷയം മാറിയിരിക്കുകയാണ്. മൂന്നോളംപഞ്ചായത്തുകളിലായി തീര പ്രദേശത്ത് താമസിക്കുന്ന ആയിരങ്ങൾ ഏത് നിമിഷവും ദുരന്തം സംഭവിക്കാമെന്ന ഭീതിയിൽ കഴിയുമ്പോഴും ഇക്കാര്യത്തിൽ ഇടത്- വലത് സർക്കാരുകൾക്ക് നിസംഗ മനോഭാവം തുടരുകയാണ്.
ഉരുൾപൊട്ടൽ സാധ്യത ഏറെയുള്ള മലനിരകൾക്ക് നടുവിലൂടെയാണ് പെരിയാർ ഒഴുകിയെത്തുന്നത്. മുണ്ടക്കൈക്ക് സമാനമായി ഒരു ഉരുൾപൊട്ടൽ ഉണ്ടായാൽ ഇവിടെ വണ്ടിപ്പെരിയാർ, ചപ്പാത്ത്, ഉപ്പുതറ തുടങ്ങി നിരവധി ജനവാസ മേഖലകളെ ബാധിക്കും.
ഇതിനിടെ പെരിയാർ കൈയേറിയുള്ള നിർമാണ പ്രവർത്തനങ്ങളും ഇപ്പോഴും തകൃതിയായി നടക്കുന്നുണ്ട്. ചപ്പാത്തിൽ അടക്കം അടുത്തിടെ നിരവധി കെട്ടിടങ്ങളാണ് സ്വകാര്യ വ്യക്തികൾ കെട്ടിപ്പൊക്കിയിരിക്കുന്നത്.
പഞ്ചായത്തും വില്ലേജ് അധികൃതരും ജില്ലാ ഭരണകൂടവും രാഷ്ട്രീയ പാർട്ടിക്കാരുടെ ഭീഷണിക്ക് വഴങ്ങി ഇത്തരം അനധികൃത കൈയേറ്റങ്ങൾക്ക് കുടപിടിക്കുകയും ചെയ്യുന്നുണ്ട്.
Join Our Whats App group
Post A Comment: