തിരുവനന്തപുരം: വീടിനുള്ളിലെ എസിക്കുള്ളിൽ നിന്നും അഞ്ച് പാമ്പുകളെ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യത്ത് ചെറുവയ്ക്കൽ സ്വദേശിയും ടെക്നോ പാർക്ക് ജീവനക്കാരനുമായ മാധവ് ജെ. പണിക്കരുടെ വീട്ടിലെ കിടപ്പുമറിയിൽ സ്ഥാപിച്ചിരുന്ന എസിക്കുള്ളിലാണ് പാമ്പുകൾ തമ്പടിച്ചിരുന്നത്.
മാധവ് വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ എസിയുടെ അടിഭാഗത്ത് വാലു പോലെ എന്തോ ശ്രദ്ധയില്‍പ്പെട്ടത് കണ്ട് നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ വാവാ സുരേഷിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് വനം വകുപ്പിലെ പരുത്തിപളളി റേഞ്ചിലെ സ്‌നേക്ക് റെസ്‌ക്യൂ ഓഫീസര്‍ റോഷ്‌നിയെ വീട്ടുകാര്‍ വിളിച്ചു. റോഷ്‌നിയുടെ നിര്‍ദേശ പ്രകാരം സര്‍പ്പയിലെ സ്‌നേക്ക് ക്യാച്ചര്‍ ഗൗതം ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തി.
ടോര്‍ച്ചടിച്ചു നോക്കിയപ്പോഴാണ് കൊമ്പേറി അഥവാ വില്ലൂന്നി എന്ന വിഭാഗത്തിലെ വിഷമില്ലാത്ത പാമ്പ് ആണെന്ന് മനസിലായത്. എസി ഇളക്കി മാറ്റാതെ ഇതിനെ പിടിക്കാന്‍ കഴിയില്ലെന്ന് മനസ്സിലായി. എസി ടെക്‌നീഷ്യനെത്തി എസി തുറന്നപ്പോള്‍ അഞ്ച് വില്ലൂന്നി പാമ്പുകളെ കണ്ടു. എസിയുടെ ഔട്ടര്‍ വാട്ടര്‍ പൈപ്പിനു സമീപം ചുമരില്‍ ഉണ്ടാക്കിയ ദ്വാരത്തിലൂടെയായിരുന്ന ഇവ എസിക്കുള്ളില്‍ കയറിയത്.
മണിക്കൂറുകള്‍ ശ്രമിച്ച് നാലെണ്ണത്തിനെ പിടിച്ചു. അഞ്ചാമത്തേത് ഔട്ടര്‍ പൈപ്പിന്‍റെ വശത്തു കൂടി പുറത്തേക്ക് ചാടി. മരചില്ലകള്‍ വീടിന്‍റെ ടെറസിലേക്ക് താഴ്ന്ന് കിടന്നതുകൊണ്ടാണ് ഇവ വീട്ടിലെ എസിക്കുള്ളില്‍ കയറിയത്. പിടികൂടിയ പാമ്പുകളെ ആള്‍ത്താമസമില്ലാത്ത സ്ഥലത്തെ കുറ്റിക്കാട്ടില്‍ തുറന്നുവിടുകയും ചെയ്തു.
Join Our Whats App group

Post A Comment: