ചക്രത: റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ടുള്ള പലവിധത്തിലുള്ള സമരങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഉത്തരാഖണ്ഡിലെ ഒരു വേറിട്ട സമരം സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.
ചക്രതയിലെ റോഡിന്‍റെ ശോചനീയാവസ്ഥ പുറം ലോകത്തെ അറിയിക്കാൻ വധു വിവാഹ വേഷത്തിൽ നടന്നത് 18 കിലോമീറ്റർ ദൂരമാണ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയോട് ഗ്രാമത്തിലേക്ക് ഒരു റോഡ് നിര്‍മിച്ചു നല്‍കാന്‍ അഭ്യര്‍ഥിച്ചുകൊണ്ടാണ് ശര്‍മിള എന്ന യുവതി ദുര്‍ഘടമായ പാതയിലൂടെ കാല്‍നടയായി യാത്ര ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ബുല്‍ഹാര്‍ ഗ്രാമത്തില്‍ നിന്ന് ഡെറാഡൂണിന് സമീപമുള്ള ഉന്ദവ എന്ന ഉള്‍ഗ്രാമത്തിലേക്ക് വിവാഹ സംഘത്തോടൊപ്പം പോകുകയായിരുന്ന ശര്‍മിളയ്ക്ക്, റോഡ് ഇല്ലാത്തതിനാല്‍ അവസാന കിലോമീറ്ററുകള്‍ നടന്ന് താണ്ടേണ്ടി വരികയായിരുന്നു.
ഭവനപ്രവേശന ചടങ്ങിന്‍റെ ശുഭമുഹൂര്‍ത്തത്തില്‍ എത്തുന്നതിനായി കനത്ത വിവാഹ ലെഹങ്ക ധരിച്ച് കുടപിടിച്ചും ബുദ്ധിമുട്ടുകള്‍ വകവെക്കാതെയും യുവതി ദീര്‍ഘദൂരം നടക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ഗ്രാമവാസികള്‍ ചിത്രീകരിച്ച വീഡിയോയില്‍ ക്ഷീണിതയായ വധു മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയോട് നേരിട്ട് അപേക്ഷിക്കുന്നത് കാണാം. തങ്ങള്‍ അനുഭവിക്കുന്ന ഈ ദുരിതം മറ്റാരും അനുഭവിക്കാതിരിക്കാന്‍ ഉന്ദവ ഗ്രാമത്തിലേക്ക് എത്രയും പെട്ടെന്ന് ഒരു റോഡ് നിര്‍മിച്ചു നല്‍കണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു.
സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഉന്ദവ ഗ്രാമത്തില്‍ ഇതുവരെ റോഡ് സൗകര്യം എത്തിയിട്ടില്ല. ഇത് വിവാഹങ്ങള്‍ പോലെയുള്ള പ്രധാനപ്പെട്ട ചടങ്ങുകളെയും ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും ഗുരുതരമായി ബാധിക്കുന്നുണ്ട്.
ഉത്തര്‍ഖണ്ഡിലെ മലയോര മേഖലകളില്‍ റോഡുകള്‍ ഇല്ലാത്തത് ഗര്‍ഭിണികള്‍ക്കും രോഗികള്‍ക്കും പ്രായമായവര്‍ക്കും അത്യാഹിത ഘട്ടങ്ങളില്‍ ആശുപത്രികളില്‍ എത്തിച്ചേരുന്നതിന് വലിയ തടസമാണ് സൃഷ്ടിക്കുന്നത്.
ഇത്തരം ഉള്‍ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യമില്ലായ്മയും യാത്രാദുരിതവും ഒരിക്കല്‍ കൂടി ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ ഈ സംഭവം കാരണമായിരിക്കുകയാണ്.
Join Our Whats App group

Post A Comment: