ജീപ്പിൽ നിന്നും പുറത്തിറങ്ങിയ ബാലണ്ണന് മുമ്പിൽ തൊഴിലാളികൾ അലമുറയിട്ട് കരയുകയായിരുന്നു...... ചിലർ മുട്ടുകുത്തി നിലത്തിരുന്നു.. നിലവിളിക്കുന്ന തൊഴിലാളികളെ സമാധാനിപ്പിക്കാൻ അയാൾ പാടുപെടുന്നുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്നവർ തൊഴിലാളികളെ അകറ്റി നിർത്താൻ ശ്രമിച്ചു. അവരെ തടഞ്ഞു കൊണ്ട് ബാലണ്ണൻ ഓരോരുത്തരെയായി ആശ്വസിപ്പിക്കുന്നത് കാണാമായിരുന്നു.
ബാലണ്ണൻ..... ആ പേര് കേൾക്കുമ്പോൾ തോട്ടം മേഖലയിൽ ഒരേ സമയം ഭയവും അതേ പോലെ ബഹുമാനവും ഉണ്ടാകും. ട്രേഡ് യൂണിയൻ നേതാവാണ് ബാലണ്ണൻ.. പക്ഷേ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏല്ലാവർക്കും സ്വീകാര്യൻ. തോട്ടത്തിലെ ഏത് വീടും ബാലണ്ണന് സ്വന്തം വീടുപോലെയാണ്.
തോട്ടം ഉടമകളുടെ പേടി സ്വപ്നം. സ്വയം ഓടിക്കുന്ന ജീപ്പിൽ ഒറ്റക്കാണ് യാത്ര അത്രയും. പാർട്ടി പരിപാടികൾക്ക് വരുമ്പോൾ ജീപ്പിൽ തിങ്ങി നിറഞ്ഞ് ആളുകളുണ്ടാകും. തൊഴിലാളികളെ വകഞ്ഞുമാറ്റി ബാലണ്ണൻ എസ്റ്റേറ്റ് മാനേജരുടെ മുറിയിലേക്ക് കയറി. തൊഴിലാളികൾ മുറിക്ക് പുറത്ത് കാത്തു നിൽക്കുകയാണ്.
ഏറെ നേരത്തിനു ശേഷമാണ് ബാലണ്ണൻ പുറത്തേക്ക് വന്നത്. അയാളെ കണ്ടതും പലയിടത്തായി ചിതറി നിന്നിരുന്ന തൊഴിലാളികൾ കൂട്ടത്തോടെ അയാളെ വളഞ്ഞു. ചോദ്യ ശരങ്ങൾക്കിടെ കൈകൾ ഉയർത്തി അവരോട് ശാന്തരാകാൻ അയാൾ ആവശ്യപ്പെട്ടു.
അൽപം ശാന്തനായി അയാൾ ഇങ്ങനെ പറഞ്ഞു. തോട്ടം ഉടമ ഉപേക്ഷിച്ചു കഴിഞ്ഞു. മുന്നോട്ടുള്ള കാര്യങ്ങൾ കൂടിയാലോചിച്ച് തീരുമാനിക്കാം. ആരും നിരാശരാകേണ്ടതില്ല... ഇത്രയും പറഞ്ഞ് അയാൾ ജീപ്പിനടുത്തേക്ക് നടന്നു.
കിട്ടാനുള്ള ശമ്പളത്തെ കുറിച്ചും ഭാവിയെ കുറിച്ചും മക്കളുടെ പഠനത്തെ കുറിച്ചുമൊക്കെ പലരും ചോദിക്കുന്നുണ്ടായിരുന്നു. ഒന്നിനും മറുപടി പറയാതെ അയാൾ ജീപ്പെടുത്ത് ഓടിച്ചു പോയി. നിരാശരായ തൊഴിലാളികൾ പിരിയാൻ തുടങ്ങിയിരുന്നു. മുറിക്കുള്ളിൽ നിന്നും പപ്പ പുറത്തു വന്നു. എല്ലാവരും വീടുകളിലേക്ക് പോയി.
പപ്പയുടെ കൈ പിടിച്ച് എലോണയും നടന്നു. എല്ലാവരുടെയും മുഖത്ത് നിരാശ. മുന്നോട്ട് എന്ത് എന്നുള്ള ചോദ്യം ഓരോ മുഖത്തും വായിച്ചെടുക്കാം. വീട്ടിലെത്തിയ എലോണ മുറിക്കുള്ളിലേക്ക് കയറി. പെട്ടൊരു ദിവസം എന്തൊക്കെയോ നഷ്ടപ്പെട്ടതുപോലെ ഒരു തോന്നൽ...
അവൾ അവളുടെ ഡ്രോയിങ് സാധനങ്ങൾ കൈയിലെടുത്തു.. എന്തൊക്കെയോ ചിന്തകൾ അവളുടെ ഉള്ളിലേക്ക് വന്നു.. പപ്പയുടെ ജോലി നഷ്ടമായാൽ.. ഈ എസ്റ്റേറ്റ് വിട്ട് പോകേണ്ടി വന്നാൽ.. ഇനി പഠനം, പുതിയ സ്ഥലം.... അപ്പോൾ പള്ളി... ഈ വീട്.. കൂട്ടുകാർ... ജിൻസൺ ചേട്ടൻ..... എല്ലാം മാറുകയാണോ... അവൾ നിറങ്ങൾ ചാലിച്ച് എന്തൊക്കെയോ കുത്തിക്കുറിച്ചുകൊണ്ടിരുന്നു......
തുടരും...
നോവലിന്‍റെ മുൻ ഭാഗങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുമല്ലോ..
Join Our Whats App group

Post A Comment: