പിന്നിൽ പടുകൂറ്റൻ മലഞ്ചെരിവുകളാണ്. മലയുടെ താഴ്‌വാരത്ത് പച്ച വിരിച്ചു നോക്കെത്താ ദൂരത്തോളം പടർന്നു കിടക്കുന്ന തേയിലത്തോട്ടം... ഇടക്കിടെ സോപ്പ് പെട്ടി അടുക്കി വച്ചതുപോലെ തൊഴിലാളികളുടെ ലയങ്ങൾ. തേലിയത്തോട്ടങ്ങൾക്കിയിലെ മൺ പാതയിലൂടെയാണ് എലോണയും അമ്മയും അനുജനൊപ്പം പള്ളിയിലേക്ക് നടക്കുന്നത്.
മഞ്ഞ് മെല്ലെ മാറി തുടങ്ങിയതോടെ സൂര്യനെ കാണാമെന്നായി. ഇളം വെയിൽ കൊണ്ട് പുലർച്ചെയുള്ള നടപ്പിന് ഒരു സുഖം തന്നെയുണ്ട്. പ്ലസ് ടു കഴിഞ്ഞതിൽ പിന്നെ ഞായറാഴ്ച്ച മാത്രമാണ് മിക്കവാറും പുറത്തിറങ്ങൽ. അതുകൊണ്ട് തന്നെ പള്ളിയിലേക്കുള്ള യാത്രക്ക് പ്രത്യേകതകളുമുണ്ട്.
മൺ വഴിയിൽ പൊടി പടർത്തി ട്രിപ്പ് ജീപ്പുകൾ ഇടക്കിടെ പോകുന്നുണ്ട്. കവലയിലെ ചായക്കടയിലെ ചിമ്മിനി കുഴൽ പുക ചീറ്റി തുടങ്ങി. നല്ല ചൂടൻ പരിപ്പുവടയും ഇടിയപ്പവും പുട്ടുമൊക്കെ ചില്ലുകൂട്ടിൽ ഇടം പിടിച്ചു കഴിഞ്ഞു. വിശപ്പിന്‍റെ വിളി മെല്ലെ ചായക്കടയിലേക്ക് അടുപ്പിക്കുന്നുണ്ട്. പക്ഷേ അമ്മ സമ്മതിക്കില്ല. പപ്പയുണ്ടേൽ ഒരു കൈ നോക്കമായിരുന്നു.
ഓർമകൾ അങ്ങനെ മിന്നി മറയവെ ചായക്കട പിന്നിട്ട് ദൂരം കുറച്ചങ്ങ് നീങ്ങിയിരുന്നു. പള്ളി കോമ്പൗണ്ടിലേക്ക് കയറുമ്പോൾ എലോണയുടെ കണ്ണുകൾ ആരെയോ തിരയുന്നതു പോലെ തോന്നി. ഞായറാഴ്ച്ച പുറത്തിറങ്ങുന്ന തന്നെ കാണാൻ പലയിടത്തും ഒളിച്ചും പതുങ്ങിയും ചിലരൊക്കെ നിൽക്കാറുണ്ട്.
അമ്മ കൂടെ ഉള്ളതുകൊണ്ട് ആരും അടുത്തേക്ക് വരില്ല. അമ്മയെ അത്രക്ക് പേടിയാണ് എല്ലാവർക്കും. നോക്കുന്നത് ആരെങ്കിലും കണ്ടാൽ നോക്കിയവനെ കണ്ടം തുണ്ടം ചീത്ത പറയും അമ്മ.
അതുകൊണ്ടു തന്നെ ഒരു ലൗ ലെറ്റർ പോലും തരാൻ എല്ലാവർക്കും പേടിയാണ്. കൂട്ടുകാരികളായ ജാൻസിക്കും ലിൻസിക്കുമൊക്കെ എത്ര ലെറ്ററുകളാണ് കിട്ടുന്നത്. ഇടക്ക് മൊട്ടക്കുന്നിൽ പോകുമ്പോൾ അവർ കത്തുകൾ കാണിക്കാറുണ്ട്... എന്തൊക്കെയാണ് അതിൽ എഴുതി വച്ചിരിക്കുന്നത്... ചില ഭാഗങ്ങളൊക്കെ വായിക്കുമ്പോൾ നാണം വരും.
പള്ളി കോമ്പൗണ്ടിലെത്തി. കൈയിൽ കരുതിയിരുന്ന ഷോൾ തലയിലിട്ട് അവൾ സൺഡേ സ്കൂളിലേക്ക് ഓടി. ക്ലാസ് തുടങ്ങികഴിഞ്ഞു. പുസ്തകം തുറന്ന അവൾ ആരെയോ പരതുന്നുണ്ടായിരുന്നു. ഹാ.. വന്നിട്ടുണ്ട്.
ജിൻസൺ ചേട്ടൻ. പള്ളിയിലെ ഓൾ ഇൻ ഓളാണ് ആൾ. തന്നെക്കാൾ ആറേഴ് വയസ് മൂത്തതാണ്. എല്ലാവർക്കും ജിൻസൺ ചേട്ടനെ വല്യകാര്യമാ. പള്ളിയിലെ സൺഡേ സ്കൂളിലും ക്വയറിലും യൂത്ത് മീറ്റിങ്ങിലും കമ്മിറ്റിയിലും എല്ലാം ചേട്ടനാണ് താരം. തന്‍റെ പ്രായക്കാരുടെയൊക്കെ ആരാധനാ കഥാപാത്രമാണ് ആൾ.
പക്ഷേ പഞ്ചാരയടിക്കാനൊന്നും ആളെ കിട്ടില്ല. ഭയങ്കര സീരിയസ് ആണ്. ഇതിനു മുമ്പ് ഇഷ്ടമാണെന്ന് പറഞ്ഞ കൂട്ടുകാരികളെയൊക്കെ അനിയത്തിമാരാക്കിയ മഹാനാണ്. അതുകൊണ്ട് തന്നെ ഉള്ളിലെ ഇഷ്ടം അങ്ങനെ കൊണ്ടു നടക്കുകയാണ് എലോണ. ആ ഇഷ്ടം പ്രേമമാണോയെന്നൊന്നും അറിയില്ല.. ഒരിഷ്ടം.. ഈ എസ്റ്റേറ്റിനകത്ത് വേറെ കാണാൻ കൊള്ളാവുന്നവർ വേണ്ടേ ഇഷ്ടപ്പെടാൻ... എലോണക്ക് ചെറിയ ചിരി വന്നു.
ടീച്ചറെന്താ ചിരിക്കുന്നേ... ക്ലാസിലെ കുട്ടിയുടെ ചോദ്യം കേട്ടപ്പോളാണ് അവൾ ചിന്താ ലോകത്തു നിന്നും പുറത്തു വന്നത്. പിന്നെ ക്ലാസിലേക്ക് മുഴുകി. ഇടക്കിടെ ഓട്ടക്കണ്ണിട്ട് ജിൻസൺ ചേട്ടനെ നോക്കാൻ മറക്കാറില്ല. ഇനി പള്ളി ആരാധനയിലും ക്വയർ പ്രാക്‌ടീയിലും യൂത്ത് മീറ്റിങ്ങിലുമൊക്കെ ഈ നോട്ടം ഇടക്കിടെ ഉണ്ടാകും. തിരിച്ച് കിട്ടുന്നതോ വളിച്ച ഒരു ചിരിമാത്രം. എന്നാലും ഒരാഴ്ച്ച കഴിച്ചു കൂട്ടാൻ ആ ചിരി ധാരാളം.
എപ്പോഴാണ് ജിൻസൺ ചേട്ടനോട് ഇഷ്ടം തോന്നി തുടങ്ങിയത്.. അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു.. ഹൈസ് സ്കൂളിൽ പഠിക്കുന്ന സമയം.. സൺഡേ സ്കൂൾ ക്യാമ്പിൽ പങ്കെടുക്കാൻ ദൂരെയുള്ള പള്ളിയിലേക്ക് പോയതായിരുന്നു അന്ന്. രണ്ട് ദിവസത്തെ ക്യാമ്പാണ്. ജിൻസൺ ചേട്ടനും വേറെ കുറച്ച് ചേട്ടൻമാരുമാണ് അന്ന് തങ്ങളുടെ രക്ഷിതാക്കളായി കൂടെ വന്നത്.
കൃത്യ സമയത്ത് ആഹാരം വാങ്ങിത്തരും.. എല്ലാ കാര്യങ്ങളും നോക്കും. ക്യാമ്പ് കഴിഞ്ഞ് തിരിച്ചു വരുമ്പോൾ രാത്രി ആയിരുന്നു. അന്ന് എല്ലാവരെയും വീട്ടിലാക്കാനുള്ള തയാറെടുപ്പിലായിരുന്നു ചേട്ടൻമാർ. ഓരോ ഭാഗത്തുള്ളവർ അതാത് ഭാഗത്തുള്ള ചേട്ടൻമാരോടൊപ്പം കൂടി.
ഞാനും കുറച്ച് പിള്ളേരും ജിൻസൺ ചേട്ടനൊപ്പം. മറ്റുള്ളവരെ എല്ലാവരെയും വിട്ടു കഴിഞ്ഞാണ് എന്‍റെ വീട്. എല്ലാവരെയും വിട്ടു കഴിഞ്ഞപ്പോൾ രാത്രി ഏറെ വൈകി. തേയിലക്കാട്ടിലൂടെ കുറേ പോകണം വീട്ടിലേക്ക്. ആകെയുള്ളത് ഒരു മൊബൈൽ വെളിച്ചം മാത്രം.
പാമ്പും കാട്ടുപന്നിയും മുള്ളൻപന്നിയും കാട്ടുപോത്തുമൊക്കെ ഇറങ്ങുന്ന സ്ഥലമാണ്. കുറച്ച് നടന്നപ്പോൾ ജിൻസൺ ചേട്ടൻ ചോദിച്ചു പേടിയുണ്ടോയെന്ന്.. നല്ല പേടിയുണ്ടായിരുന്നു. എന്നാലും പറഞ്ഞു.. ഏയ് ഇല്ല ചേട്ടാ.. ഞാൻ ഒറ്റക്ക് പൊക്കോളാമെന്ന്.
കേക്കാൻ നോക്കിയിരുന്ന പോലെ പുള്ളി നിന്നു. എന്നാ ചെല്ല്... ഇനി കുറച്ചല്ലേ ഉള്ളൂ. കേട്ടതും എന്‍റെ പാതി ജീവൻ പോയി. ഈ കാലമാടൻ ഒറ്റക്കാക്കി പോകുവോ... ആകെ ഒരു വെപ്രാളം. പോകല്ലേ ചേട്ടായിന്ന് പറയണോന്നുണ്ട്.. നാക്ക് പൊങ്ങിയില്ല..
എന്തൊക്കെയോ ആലോചന ഉള്ളിൽ കയറി വന്നപ്പോഴേക്കും എന്‍റെ കൈ പിടിച്ച് ആൾ ഒറ്റ നടത്തം. ന്‍റെ പൊന്നോ... അന്നേരം തോന്നിയ ഒരു ഫീൽ ഉണ്ടല്ലോ... ആ കൈയിലെ ചൂട് എന്‍റെ തണുത്ത കൈയിലേക്ക് ഇറങ്ങി. തൂങ്ങി കിടക്കുന്ന വാച്ചിന്‍റെ ചെയിൻ എന്‍റെ കുപ്പി വളകളിൽ ഉരസുന്നുണ്ടായിരുന്നു.
എന്തൊരു ബലമായിരുന്നു ഈ കൈകൾക്ക്... കൈവെള്ളയിലെ തഴമ്പ് നന്നായി അറിയാമായിരുന്നു.. ആ രാത്രി അവസാനിക്കാതിരുന്നെങ്കിൽ എന്ന് ചുമ്മാ ഒരു മോഹം തോന്നിയിരുന്നു അന്ന്. പക്ഷേ പത്തടി വച്ചതേ വീടെത്തി. മുറ്റത്ത് പപ്പയും അമ്മയും നോക്കിയിരിപ്പുണ്ടായിരുന്നു.
എന്നെ ആക്കീട്ട് ജിൻസൺ ചേട്ടൻ പോയി. പക്ഷേ ആ കൈപിടുത്തം.... ക്യാമ്പിനെ കുറിച്ചുള്ള പപ്പയുടെയും മമ്മിയുടെയും ചോദ്യങ്ങൾ കേട്ടെങ്കിലും മറുപടികളില്ലായിരുന്നു.. മുറിയിലേക്ക് കയറുമ്പോൾ അവൾ മറ്റൊരു ലോകത്തെത്തിയിരുന്നു....
തുടരും.
ഹെലൻ കിഴക്കേൽ എഴുതുന്ന നോവൽ എലോണ.. ഒന്നാം ഭാഗം...
Join Our Whats App group
Post A Comment: