ഹെലൻ കിഴക്കേൽ..
പുറത്ത് പെയ്‌തിറങ്ങുന്ന മഞ്ഞിൻകണങ്ങൾ, വീശിയടിക്കുന്ന കാറ്റിൽ ജനൽപാളികളുടെ വിടവിലൂടെ മഞ്ഞിൻകണങ്ങൾ മുറിക്കുള്ളിലേക്ക് അരിച്ചിറങ്ങാൻ തുടങ്ങി.. അങ്ങ് ദൂരെ പൂന്തേനരുവിയിലെ പാറക്കെട്ടുകൾക്കിടയിലൂടെ വെള്ളം ഒഴുകിയിറങ്ങുന്ന ശബ്ദം കേൾക്കാം... സെന്‍റ് ജോർജ് പള്ളിയിലെ മണി നാദം കാറ്റിനൊപ്പം നേർത്ത ശബ്ദത്തിൽ കാതിൽ പതിയുന്നുണ്ട്..
എലോണ മെല്ലെ ഉറക്കത്തിൽ നിന്നും ഉണർന്നു. തണുപ്പാണ്... ഹാ... കാല് പുതപ്പിനു പുറത്താണല്ലോ... അവൾ കാല് പുതപ്പിനുള്ളിലേക്ക് വലിച്ചു.. തലവഴി പുതപ്പ് മൂടി വീണ്ടും കിടന്നു. ഉണരുന്നതിനു തൊട്ടുമുമ്പ് വരെ കണ്ടുകൊണ്ടിരുന്ന സുന്ദര സ്വപ്നം ആലോചിക്കുകയായിരുന്നു അവൾ. തേയിലത്തോട്ടത്തിൽ കണ്ട ആ സുന്ദരന്‍റെ മുഖമായിരുന്നു അപ്പോഴും മനസിൽ.
ഉണർന്നില്ലായിരുന്നെങ്കിൽ ആ സ്വപ്നം പൂർണമാക്കാമായിരുന്നു. ഇനിയിപ്പോൾ അമ്മ വിളി തുടങ്ങും. പള്ളിയിൽ പോകണം.. അവൾ പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി. മധുര പതിനേഴ് കഴിഞ്ഞ് 18ലേക്ക് കടക്കുകയാണ് ഏലോണ. പ്ലസ് ടു വിദ്യാഭ്യാസം കഴിഞ്ഞു. ഇനി പഠിക്കണോ, ജോലി തേടണോ, അതോ... ആലോചനകൾ പലതാണ്.
കെട്ടിച്ചു വിടാനാണ് അപ്പന്‍റെയും അമ്മയുടെയും ആലോചന. അല്ലേലും ഇടുക്കിയിലെ തേയില തോട്ടങ്ങളിൽ അങ്ങനെയാണ്. പ്രായപൂർത്തിയാകുന്നതേ പെൺകുട്ടികളെ കെട്ടിച്ചു വിടും. തനിക്കും ആലോചനകൾ പലതും വരുന്നുണ്ടെന്ന് അമ്മ പറയുന്നത് കേട്ടായിരുന്നു. പക്ഷേ അങ്ങനെ സമ്മതിക്കാൻ പറ്റുമോ.. എലോണയുടെ ആലോചനകൾ കാടുകയറി.
എടിയേ... പള്ളിയിൽ പോകണ്ടേ... അമ്മയുടെ വിളിയെത്തി. ഓർത്തതേ ഉള്ളു.. ഈ അമ്മയെന്താ വിളിക്കാത്തതെന്ന്. ഞായറാഴ്ച്ചയാണ്. പള്ളിയിൽ പോകണം. രാവിലെ വേദപാഠം ക്ലാസുണ്ട്. തന്‍റെ ക്ലാസിലെ കുട്ടികൾ ഇന്ന് വരുമോ, മഴയും തണുപ്പും കാരണം എല്ലാം മടിപിടിച്ചിരിക്കും. എന്തായാലും വേഗത്തിൽ പള്ളിയിലെത്തണം. എലോണ പുതപ്പ് മാറ്റി. കൈകൾ കൂട്ടിപ്പിടിച്ച് അടുക്കളയിലേക്കെത്തി.. വിറകടുപ്പിന്‍റെ അരികിൽ ചൂട് പിടിച്ച് നിന്ന് അമ്മയുണ്ടാക്കിയ കട്ടൻകാപ്പി അവൾ അടുപ്പത്തെ പാത്രത്തിൽ നിന്നും ഗ്ലാസിലേക്കൊഴിച്ചു.
ഒരു സിപ് കട്ടൻ അകത്താക്കിയപ്പോഴാണ് തണുപ്പിന് തെല്ല് ആശ്വാസമായത്. പപ്പ നേരത്തെ പള്ളിയിലെത്തിയിട്ടുണ്ടാകും. പള്ളിയിലെ കാര്യക്കാരനാണ്. ഞായറാഴ്ച്ച അതിരാവിലെ തന്നെ പള്ളിയിലേക്ക് പോകും. പിന്നെ അനുജൻ എലോണും ഞാനും അമ്മയും കൂടി ഒറ്റപ്പോക്കാണ്.
എഴുന്നേറ്റുകഴിഞ്ഞാൽ പിന്നെ എല്ലാം വേഗത്തിലാണ്. എലോണിനെ എഴുന്നേൽപ്പിച്ച് റെഡിയാക്കുകയെന്ന ജോലിയാണ് പാട്. എഴുന്നേൽക്കാൻ തന്നെ മടിയാണ് ചെക്കന്. പിന്നാലെ നടക്കണം. അവനെ എഴുന്നേൽപ്പിച്ച് പല്ലു തേയ്ക്കാൻ നിർത്തിയിട്ട് എലോണ കുളിമുറിയിലേക്ക് കയറി.
കുളിച്ചു വന്ന അവൾ അലമാരയിലേക്ക് നോക്കി... ഏത് ഡ്രസ് ഇടും. പപ്പ എടുത്തു തന്ന ഒരു വെള്ള ഫ്രോക് ഉണ്ട്. അതിട്ടാലോ. അതിൽ സുന്ദരിയാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. കുന്നിൻചെരുവിൽ തേയിലക്കാടിനിടയിലുടെയുള്ള മൺറോഡിലൂടെ പോകുമ്പോൾ പലരും തന്നെ നോക്കി നിൽക്കുന്നത് അവൾ ഒളി കണ്ണിട്ട് ശ്രദ്ധിക്കാറുണ്ട്.
അമ്മയുടെ രൂക്ഷമായ നോട്ടം കാരണം ഇത്തരം ചെക്കൻമാരിൽ പലരെയും ഇപ്പോൾ റോഡിൽ കാണാറില്ല. ഈ അമ്മക്കെന്താണ്. അവർ എന്നെയല്ലേ നോക്കുന്നത്.. ഓർത്തപ്പോൾ ചുണ്ടിൽ ഒരു ചെറു ചിരി പടർന്നു. വസ്ത്രം മാറി... ബൈബിളും പുസ്തകവും എടുത്ത് അവൾപുറത്തേക്കിറങ്ങി... പള്ളിയിലേക്ക്...
തുടരും....
Post A Comment: