ആലപ്പുഴ: മോഷ്ടിച്ച ബൈക്ക് അപകടത്തിൽപെട്ട് രണ്ട് യുവാക്കൾ മരിച്ചു. ഇന്ന് പുലർച്ചെ മൂന്നോടെ ആലപ്പുഴ കൈചൂണ്ടിമുക്കിലായിരുന്നു അപകടം. മണ്ണഞ്ചേരി സ്വദേശികളായ രണ്ടുപേരാണ് മരിച്ചത്. മൂന്നാമതൊരാള്‍ ഗുരുതര പരുക്ക് പറ്റി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അപകടത്തില്‍പെട്ടവര്‍ക്ക് 18 വയസില്‍ താഴെയാണെന്നാണ് പ്രാഥമിക വിവരം. അതേസമയം, അപകടത്തില്‍പ്പെട്ട ബൈക്ക് തന്‍റേതാണെന്ന് മണ്ണഞ്ചേരി സ്വദേശിയായ പ്രമോദ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി വീടിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ബൈക്കാണ് മോഷണം പോയത്.
ഹാന്‍ഡില്‍ ലോക്ക് പൊട്ടിച്ചാണ് ബൈക്ക് കൊണ്ടുപോയത്. വാഹനത്തിന്‍റെ താക്കോല്‍ ഇപ്പോഴും വീട്ടില്‍ തന്നെയാണെന്നും ഉടമ പറഞ്ഞു. പൊലീസ് ഫോണില്‍ വിളിച്ചപ്പോഴാണ് തന്‍റെ ബൈക്ക് മോഷണം പോയ വിവരം പ്രമോദ് അറിയുന്നത്.
മോഷ്ടിച്ച ബൈക്കില്‍ മൂന്ന് യുവാക്കളാണ് സഞ്ചരിച്ചിരുന്നത്. പുലര്‍ച്ചെ കൈചൂണ്ടിമുക്കില്‍ വച്ച് അമിതവേഗതയിലായിരുന്ന ബൈക്കിന് കുറുകെ നായ ചാടുകയായിരുന്നുവെന്നാണ് വിവരം. നിയന്ത്രണം വിട്ട ബൈക്ക് മീറ്ററുകളോളം നിരങ്ങിനീങ്ങി. അപകടത്തിന്‍റെ ആഘാതത്തില്‍ രണ്ടുപേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൂന്നാമത്തെ യുവാവിന് ഗുരുതരമായി പരുക്കേറ്റു.
അപകടസ്ഥലത്തുനിന്ന് 25 പാക്കറ്റ് സിഗററ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ എവിടെനിന്നാണ് ലഭിച്ചതെന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണത്തിന്‍റെ ഭാഗമാകും. മൂന്നാമത്തെ യുവാവില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ.
Join Our Whats App group

Post A Comment: