ഹെലൻകിഴക്കേൽ
ഉച്ചവെയിലിന് കാഠിന്യം അൽപം കുറഞ്ഞു. അങ്ങ് ദൂരെ മലഞ്ചെരുവുകളെ തഴുകിയെത്തുന്ന ഇളം കാറ്റിന് നേരിയ കുളിരുണ്ട്. ഞായറാഴ്ച്ച പള്ളി കഴിഞ്ഞെത്തിയാൽ ഒരു മയക്കം പതിവാണ്. പള്ളിയിലെ പരിപാടികളൊക്കെ കഴിയുമ്പോൾ ഉച്ച കഴിയും.
പിന്നെ വിശപ്പിന്‍റെ വിളിയാണ്. പള്ളിയിൽ നിന്നും ഒറ്റയോട്ടമാണ് വീട്ടിലേക്ക്. അമ്മ അപ്പോഴേക്കും എന്തെങ്കിലുമൊക്കെ ഉണ്ടാക്കി വച്ചിട്ടുണ്ടാകും. ഭക്ഷണം കഴിഞ്ഞാൽ ഒറ്റക്കിടപ്പ്. അതാണ് ഞായറാഴ്ച്ചത്തെ ശീലം.
പക്ഷേ അന്ന് എലോണയ്ക്ക് ഉറക്കം വന്നില്ല. എന്തെന്നറിയില്ല, ജിൻസൺ ചേട്ടന്‍റെ മുഖം മനസിൽ നിന്നും മായുന്നില്ല. പഴയ ഓർമകൾ മനസിൽ അങ്ങനെ തങ്ങി നിൽക്കുന്നു. പതിവു പോലെ ഉച്ചയുറക്കത്തിനായി മുറിയിലെത്തിയെങ്കിലും ഓർമകൾ എവിടെയോ അലഞ്ഞു തിരിയുകയാണ്.
മുറിയിലെ സ്റ്റീൽ അലമാരയിലെ നീളൻ കണ്ണാടിയിൽ അവൾ അവളെ തന്നെ നോക്കി. ജിൻസൻ ചേട്ടനൊപ്പം ഉയരം ഇല്ല തനിക്ക്. കുറച്ചുകൂടി ഉയരം ഉണ്ടായിരുന്നെങ്കിൽ.. അവൾ കാലുകൾ മെല്ലെ പൊന്തിച്ചു.. അത്ര കുറവൊന്നും അല്ല... ആണേ തന്നെ പൊക്കത്തിലെ വ്യത്യാസമൊന്നും അത്ര കാര്യമാക്കാനില്ല. അവൾ ആത്മഗതം പറഞ്ഞു.
ചിന്തകളുടെ ലോകത്ത്... സ്വപ്നങ്ങൾ കണ്ടു കണ്ട് അവൾ ഇടക്കെപ്പോഴോ അലമാരക്കടുത്ത് കിടന്ന ബെഡിലേക്ക് ചെരിഞ്ഞു. ഉറക്കം അവളെ തലോടിയെത്തിയത് അവൾ പോലും അറിഞ്ഞില്ല. ജിൻസൻ ചേട്ടനെ കുറിച്ചുള്ള ഓർമകൾ സ്വപ്നങ്ങളായി അവളുടെ കണ്ണുകളിലേക്കെത്തി.
കട്ടിമീശക്കുള്ളിൽ ഒളിപ്പിച്ച ചിരി.... വെട്ടിയൊതുക്കിയ കുറ്റിത്താടി.. ചീകിയൊതുക്കിയാലും കാറ്റിൽ നെറ്റിയിലേക്ക് വീണുകൊണ്ടിരിക്കുന്ന നീളൻ മുടി..... ആരും ഒന്ന് നോക്കി പോകും ആളെ.. ജിൻസൺ ചേട്ടനെ കുറിച്ചു തന്നെയായിരുന്നു അപ്പോഴും ചിന്ത. തനിക്ക് മാത്രമല്ല, മറ്റു ചിലർക്കും ആളെ നോട്ടമുണ്ട്. ഇതിൽ ആരോടാണ് മൂപ്പർക്ക് ഇഷ്ടമെന്ന് മാത്രം ആർക്കും നിശ്ചയമില്ല.
മുമ്പ് മൂപ്പർക്ക് ഒരു റിലേഷൻ ഉണ്ടായിരുന്നതായി ചേച്ചിമാർ പറഞ്ഞു കേട്ടിട്ടുണ്ട്. പള്ളിയിൽ തന്നെ ഉള്ള ചേച്ചിയുമായിട്ടായിരുന്നു. മൂപ്പർ അന്ന് പള്ളി ക്വയറിലൊക്കെ തിളങ്ങി നിൽക്കുന്ന സമയം.
ഡബിൾ മുണ്ടും കൈമുട്ടു വരെ മടക്കിവച്ചിരിക്കുന്ന വെള്ള ഷർട്ടുമൊക്കെ ഇട്ട് പഴയ ഹീറോ ഹോണ്ടാ ബൈക്കിലാണ് ആൾ പള്ളിയിലെത്തുന്നത്. അന്ന് പള്ളിയിൽ ആകെ ബൈക്ക് ഉള്ളത് ഒന്നോ രണ്ടോ പേർക്കാണ്. ജിൻസൺ ചേട്ടന്‍റെ കൂടെ ബൈക്കിൽ കയറാൻ അന്ന് ചെക്കൻമാരൊക്കെ അടിയാരുന്നെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
ആ വരവും പോക്കും കണ്ടിട്ടാവണം സൗമ്യച്ചേച്ചി വീണു പോയത്. ചേച്ചി അന്ന് പള്ളിയിലെ സ്റ്റാർ ആരുന്നെന്നാ കേൾവി. സൺഡേ സ്കൂൾ, ക്വയർ, യൂത്ത് മൂവ് മെന്‍റ് എന്നു വേണ്ട സകല കച്ചേരിയിലും ചേച്ചിയുണ്ട്. ക്വയർ പിള്ളേരെയൊക്കെ വരച്ച വരയിൽ നിർത്തും. സൗമ്യച്ചേച്ചിയുണ്ടായിരുന്നേൽ നിന്‍റെയൊന്നും വിളച്ചിൽ നടക്കില്ലാന്ന് ഇപ്പോൾ പലരും പറയുന്നത് കേൾക്കാം.
രണ്ടാളും കട്ട പ്രണയമായിരുന്നുവത്രേ. പ്രണയമെന്നു വച്ചാൽ താലി കെട്ടിയിട്ടില്ലെന്നേ ഉള്ളു, അവർ ഒരു മനസും രണ്ട് ശരീരവുമാണെന്നാ എല്ലാവരും പറയാറ്. അത്രക്ക് കൂട്ട്. യൂത്ത് ക്യാമ്പിനും മറ്റും രണ്ടാളും ഒന്നിച്ചാണ് പോകാറ്. അതും ആ ഹീറോ ഹോണ്ടാ ബൈക്കിൽ.
മരിച്ച വീട്ടിൽ പാട്ട് പാടാനും, വീടുകളിലെ കൂട്ടായ്മ യോഗത്തിലും പോലും രണ്ടാളും ഒന്നിച്ചേ എത്തു. മരണ വീടുകളിൽ രാത്രി വൈകിയും സൗമ്യചേച്ചിയും ജിൻസൺ ചേട്ടനും ഉണ്ടാകും. രാത്രി എത്ര വൈകിയാലും ചേച്ചിയെ അവർ താമസിക്കുന്ന എസ്റ്റേറ്റ് ക്വാർട്ടേഴ്‌സിൽ ആക്കിയിട്ടേ ജിൻസൺ ചേട്ടൻ വീട്ടിൽ പോകു.
പക്ഷേ അവർക്കിടയിൽ എന്തോ ഉണ്ടായി. അതെന്താണെന്ന് ആർക്കും അറിയില്ല. പെട്ടെന്നാണ് ഇടവകയിൽ സൗമ്യചേച്ചിയുടെ കല്യാണമാണെന്ന വിവരം അറിഞ്ഞത്. ഞാനും പോയാരുന്നു അന്ന് കല്യാണത്തിന്. കല്യാണത്തിന് പക്ഷേ സൗമ്യ ചേച്ചിയും ജിൻസൺ ചേട്ടനും സന്തോഷത്തിലായിരുന്നു.
അന്ന് വിളമ്പാനൊക്കെ മുന്നിൽ നിന്നതും ജിൻസൺ ചേട്ടനാണ്. കല്യാണംകഴിഞ്ഞ് സൗമ്യചേച്ചി പിന്നെ നാട്ടിലേക്ക് അധികം വരാറില്ല. ഗൾഫ് കാരനാണ് കെട്ടിയത്. ഇടക്കിടെ വല്ലപ്പോഴും ഒരു മിന്നായം പോലെ വരും. പക്ഷേ അവർക്കിടയിൽ എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല. ചോദിക്കാൻ ആർക്കും ധൈര്യവുമില്ല.
സമയം സന്ധ്യയോടടുത്തത് അവൾ പോലും അറിഞ്ഞില്ല. പുറത്ത് എന്തോ ബഹളം കേട്ട് എലോണ ഞെട്ടിയുണർന്നു. ആരൊക്കെയോ ബഹളം വക്കുന്നു. ചിലർ ഓടുന്ന ശബ്ദം കേൾക്കുന്നുണ്ട്. സ്വപ്‌നമാണെന്നാണ് ആദ്യം കരുതിയത്. കണ്ണ് തുറന്നപ്പോഴേക്കും ബഹളത്തിന്‍റെ ശബ്ദം കൂടി. ജനലിന്‍റെ കർട്ടൻ മാറ്റി നോക്കിയപ്പോഴാണ് അവൾ ആ കാഴ്ച്ച കണ്ടത്.....
തുടരും..
എലോണ- ഭാഗം ഒന്ന്: പള്ളിമണി.... വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
എലോണ- ഭാഗം രണ്ട്: ക്യാമ്പിന്‍റെ രാത്രി-... വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക.
Join Our Whats App group
Post A Comment: