ഹെലൻകിഴക്കേൽ
സന്ധ്യയോടടുത്ത സമയം... താഴ്‌വാരത്തിൽ നിന്നുള്ള കോടമഞ്ഞ് തേയില തോട്ടത്തെയാകെ മൂടിയിരിക്കുന്നു. പെയ്‌തിറങ്ങുന്ന മഞ്ഞിൻകണങ്ങൾ പച്ചവിരിച്ച തേയിലത്തോട്ടത്തെയാകെ വെള്ള നിറമാക്കുന്നുണ്ട്... തേയിലത്തോട്ടങ്ങൾക്ക് ഒത്ത മധ്യത്തിൽ മൂന്ന് നാല് നിലകളിലായി തലയുയർത്തി നിൽക്കുന്ന ഫാക്റ്ററി കെട്ടിടത്തിനു സമീപത്തേക്കാണ് ആളുകൾ ഓടിയെത്തുന്നത്.
സദാസമയം പുക തുപ്പിക്കൊണ്ടിരുന്ന ഫാക്റ്ററിയുടെ പുകക്കുഴൽ നിശ്ചലയമായിരിക്കുന്നു. അസാധാരണമായി എന്തോ സംഭവിക്കാൻ പോകുകയാണെന്ന് എലോണയ്ക്ക് തോന്നി. തണുപ്പുണ്ട്. അവൾ മെല്ലെ വീടിനു പുറത്തേക്കിറങ്ങി.
ദൂരെ ഫാക്റ്ററിയിൽ ആളുകളുടെ ശബ്ദം അവൾക്ക് കേൾക്കാം. ചിലർ വാവിട്ട് നിലവിളിക്കുന്നുണ്ട്. ചിലർ തമിഴും മലയാളവും കലർന്ന ഭാഷയിൽ ആരെയൊക്കെയോ അസഭ്യം പറയുന്നു. ഫാക്റ്ററി കോമ്പൗണ്ടിലെ എസ്റ്റേറ്റ് മാനേജരുടെ ഓഫീസിനു നേരെ ചിലർ കല്ലെറിയുന്നതും കണ്ടു.
ആൾക്കൂട്ടത്തിനടുത്തേക്ക് അവൾ നടന്നു. തൊഴിലാളികളുടെ ആക്രോശങ്ങൾക്കിടെ അവൾ അത് വായിച്ചെടുത്തു. തോട്ടം പൂട്ടപ്പെട്ടിരിക്കുന്നു. കുറച്ചു നാളുകളായി തോട്ടത്തിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളതായി പപ്പയും അമ്മയും പറയുന്നത് കേട്ടിട്ടുണ്ട്.
വർഷങ്ങളായി തോട്ടത്തിലെ കണക്ക് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് പപ്പയാണ്. തോട്ടത്തിലെ കോർട്ടേഴ്‌സിലാണ് തങ്ങൾ താമസിക്കുന്നത്. ജോലി പോയാൽ എവിടെ താമസിക്കുമെന്ന് പപ്പ അമ്മയോട് പറയുന്നത് കേട്ടിട്ടുണ്ട്.
ഇപ്പോൾ തോട്ടം പൂട്ടപ്പെട്ടിരിക്കുന്നു. ഉടമയും അയാളുടെ ആളുകളും സ്ഥലം വിട്ടു. അതാണ് ഇപ്പോൾ തൊഴിലാളികൾ ഓടിക്കൂടിയത്. തൊഴിലാളികൾക്ക് മാസങ്ങളുടെ ശമ്പള കുടിശികയുണ്ട്. ആനുകൂല്യങ്ങളും തടയപ്പെട്ടിരിക്കുകയാണ്. ഇനി എന്തു ചെയ്യും.ദൂര മലയോരങ്ങളിലെ ലയങ്ങളിൽ നിന്നുള്ള കുട്ടികളും സ്ത്രീകളും ഓടിയെത്തുന്നുണ്ട്. കുട്ടികളിൽ ചിലർ എലോണയുടെ സമീപത്ത് നിലയുറപ്പിച്ചു. വിവരം അറിഞ്ഞ് എസ്റ്റേറ്റിലെ പല ഡിവിഷനുകളിൽ നിന്നും തൊഴിലാളികൾ ഫാക്റ്ററിക്ക് സമീപത്തേക്ക് വരാൻ തുടങ്ങി. ചെറിയ കൂട്ടം വലുതായി വലുതായി വരുന്നു. കൊളുന്തു നുള്ളാൻ പോയ സ്ത്രീകൾ അതേ വേഷത്തിൽ ആൾക്കൂട്ടത്തിനൊപ്പമുണ്ട്.
ഫാക്റ്ററിയുടെ ഗേറ്റിനു മുൻവശത്താണ് തൊഴിലാളികൾ കൂട്ടം കൂടി നിൽക്കുന്നത്. പപ്പയടക്കം ഓഫീസിലെ ഉദ്യോഗസ്ഥരെല്ലാം ഫാക്റ്ററിയോട് ചേർന്ന ഓഫീസ് കോംപ്ലക്‌സിലുണ്ട്. ആരെയും പുറത്തേക്ക് വിടുന്നില്ല. അവർ പപ്പയെ വല്ല ദേഹോപദ്രവവും ഏൽപ്പിക്കുമോ. ആലോചിച്ചപ്പോൾ അവൾക്ക് പേടി തോന്നി.
ബ്രിട്ടീഷുകാരുടെ കാലത്തോളം പഴക്കമുണ്ട് ഇടുക്കിയിലെ തേയിലത്തോട്ടങ്ങൾക്ക്. ഒരിക്കൽ പള്ളിയിലെ യൂത്ത് ക്യാമ്പിൽ ജിൻസൺ ചേട്ടൻ തേയിലത്തോട്ടങ്ങളുടെ ചരിത്രത്തെ കുറിച്ച് ക്ലാസെടുത്തത് അവൾ ഓർത്തു. ജിൻസൺ ചേട്ടൻ ഇടുക്കിയിലെ തേയിലത്തോട്ടങ്ങളെ കുറിച്ച് പഠനം നടത്തിയിട്ടുണ്ട്.
കാടുപിടിച്ചു കിടന്ന ഇടുക്കിയിലെ മലനിരകളിൽ തേയില നന്നായി വളരുമെന്ന് കണ്ടെത്തിയത് ബ്രിട്ടീഷുകാരാണ്. പിന്നീട് അവർ വ്യാവസായികമായി തേയില കൃഷി ചെയ്‌തു തുടങ്ങി. ബ്രിട്ടീഷ് ഭരണം അവസാനിച്ചെങ്കിലും തോട്ടങ്ങൾ ഇപ്പോഴും ബ്രിട്ടീഷ് ചിട്ടകളിൽ തന്നെയാണ് തുടർന്ന് വന്നത്.
പക്ഷേ പുതിയ തലമുറ ഉടമകൾ തോട്ടങ്ങൾ കൈക്കലാക്കിയതോടെ പ്രതിസന്ധികൾ തുടങ്ങി. വ്യവസായം നഷ്ടമായതോടെ ഉടമകൾ തൊഴിലാളികളുടെ ശമ്പളവും ആനുകൂല്യവും മുടക്കി തുടങ്ങി. ഒരുകാലത്ത് സർക്കാർ ജോലികൾ പോലും രാജിവച്ച് തോട്ടത്തിൽ ജോലി തേടിയെത്തിയവർ ഇന്ന് പ്രതിസന്ധിയിലായി. സമീപത്തെ ചില തോട്ടങ്ങളൊക്കെ പൂട്ടപ്പെട്ടതായി പറഞ്ഞു കേട്ടിട്ടുണ്ട്.. ഇതിപ്പോൾ... നമ്മുടെ തോട്ടവും... അവൾ നെടുവീർപ്പെട്ടു...
പപ്പ എത്ര നേരമായി ഓഫീസിനുള്ളിൽ.. എന്തെങ്കിലും കഴിച്ചിട്ടുണ്ടാകുമോ... തൊഴിലാളികൾ പിരിഞ്ഞു പോകുന്നില്ലല്ലോ... ആകെ ഒരു ഭയം.. ഉടമയോടുള്ള പക തൊഴിലാളികൾ ഉദ്യോഗസ്ഥരോട് തീർക്കുമോ....
ചിന്തകൾ കാടുകയറി പോകവെ അങ്ങ് ദൂരെ ഒരു ഹോൺ അടി മുഴങ്ങി... കൂട്ടം കൂടി നിന്ന തൊഴിലാളികൾ പൊടുന്നനെ ഹോൺ ശബ്ദം കേട്ട ദിശയിലേക്ക് നോക്കി... അവളും ആ ദിശയിലേക്ക് നോട്ടമെറിഞ്ഞു. ആ ഹോൺ ശബ്ദം തോട്ടത്തിലെ കൊച്ചു കുട്ടികൾക്ക് പോലും സുപരിചിതമാണ്... കൂട്ടം കൂടി നിന്ന തൊഴിലാളികളെല്ലാം ജീപ്പ് വരുന്ന ദിശയിലേക്ക് നടന്നടുത്തു... മൺറോഡിൽ പൊടിപടലങ്ങൾ പറത്തിക്കൊണ്ട് ജീപ്പ് അതിവേഗം ഫാക്റ്ററിക്ക് മുമ്പിലേക്കെത്തി...
തുടരും
നോവലിന്‍റെ മുൻ ഭാഗങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുമല്ലോ...
Join Our Whats App group
Post A Comment: