ഇടുക്കി: വാഗമണ്ണിലെ സ്വകാര്യ റിസോർട്ടിൽ ചാരായം വാറ്റുന്നതിനിടെ സിപിഎം ലോക്കൽ കമ്മിറ്റി അംഗവും സഹായിയായ പാർട്ടി പ്രവർത്തകനും അറസ്റ്റിൽ. സിപിഎം പുള്ളിക്കാനം ലോക്കൽ കമ്മിറ്റിയംഗം പി.എ. അനീഷും (48) സഹായി അജ്‌മൽ (31) എന്നിവരാണ് ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ കുടുങ്ങിയത്.
അജ്മൽ സിപിഎം നിയന്ത്രണത്തിൽ വാഗമൺ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കേരള ടൂറിസം ഡവലപ്മെന്‍റ് സൊസൈറ്റി ഡയറക്ടർ ബോർഡംഗമാണ്. വാഗമണ്ണിലെ സ്വകാര്യ റിസോർട്ട് കേന്ദ്രീകരിച്ച് ഇവർ ചാരായം വാറ്റുന്നതായി രഹസ്യ വിവരമുണ്ടായിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷ്യൽ ടീം സംഘത്തെ വളയുകയായിരുന്നു.
റെയ്ഡിൽ 200 ലിറ്റർ വാഷും, ഏതാനും ലിറ്റർ ചാരായവും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. റെയ്ഡ് നടപടികൾ രാത്രി വൈകിയും തുടരുകയാണ്. മുൻ അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് അനീഷ്.
കണ്ണംകുളത്തിന് സമീപത്തെ റിസോർട്ട് കേന്ദ്രീകരിച്ചാണ് ഇയാൾ ചാരായം വാറ്റിയിരുന്നത്. റെയ്ഡിന് പൊലീസ് എത്തുമ്പോൾ ചാരായം ഉൽപാദിക്കുന്ന പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലായിരുന്നു.
സംഭവത്തിൽ കൂടുതൽ പേർക്കു പങ്ക് ഉണ്ടോയെന്ന് അന്വേഷിച്ചു വരുകയാണെന്ന് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ക്ലീറ്റസ് ജോസഫ് പറഞ്ഞു. പൂഞ്ഞാർ സ്വദേശിയുടെ പേരിലുള്ള റിസോർട്ടിന്‍റെ നോട്ടക്കാരനാണ് അനീഷ്.
Join Our Whats App group
Post A Comment: