ഇടുക്കി: വണ്ടിപ്പെരിയാറ്റിൽ പഴയ പാലത്തിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികനെ തിരിച്ചറിഞ്ഞു. 62-ാം മൈൽ സ്വദേശി തങ്കരാജാണ് മരിച്ചത്. ചൊവ്വാഴ്ച്ച പകലാണ് പഴയ പാലത്തിനടിയിൽ ഒരാൾ വീണു കിടക്കുന്നതായി ഇതുവഴി പോയവർ കണ്ടത്.
തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ആളെ തിരിച്ചറിഞ്ഞത്. മുൻ പഞ്ചായത്തംഗം സുഭാഷ് അടക്കമുള്ളവർ സ്ഥലത്തെത്തി പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം തങ്കരാജ് എങ്ങനെ ആറ്റിലേക്ക് വീണു എന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്. ടൗണിലെത്തിയ ഇയാൾ പാലത്തിലൂടെ നടന്നു പോകവെ വീണതാകാമെന്നാണ് കരുതുന്നത്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ സമീപത്തെ സിസി ടിവി ക്യാമറകൾ അടക്കം പരിശോധിക്കേണ്ടതായി വരും.
അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാൾക്കൊപ്പം ടൗണിൽ ആരെങ്കിലും ഉണ്ടായിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്. നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
Join Our Whats App group
Post A Comment: