ഇടുക്കി: ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് കുതിച്ചുയർന്നു. ഒറ്റ ദിവസം നാല് അടിയോളമാണ് ജലനിരപ്പ് ഉയർന്നത്. വെള്ളിയാഴ്ച്ച രാവിലെ 120.65 അടിയായിരുന്ന ജലനിരപ്പ് വൈകിട്ടോടെ 125 അടിയിലേക്കെത്തി. അണക്കെട്ടിലേക്ക് ശക്തമായ നീരൊഴുക്ക് തുടരുകയാണ്.
മഴ തുടർന്നാൽ ജലനിരപ്പ് ശനിയാഴ്ച്ച 130 അടി പിന്നിടുമെന്നാണ് കണക്കാക്കുന്നത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കു സെക്കന്‍റിൽ 3153 ഘനയടിയായിരുന്നത് വെള്ളിയാഴ്ച്ച വൈകിട്ടോടെ 22000 ഘനയടിയായി കുതിച്ചുയർന്നു.
തമിഴ്നാട്ടിൽ മഴ ശക്തമാകുന്നതിനാൽ പെൻസ്റ്റോക്ക് വഴി തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ തോത് 105 ഘനയടിയായി കുറച്ചിട്ടുണ്ട്. ഇതിനിടെ ഇടുക്കി ജില്ലയിൽ വ്യാപകമായി മഴ തുടരുകയാണ്. കനത്ത മഴയിൽ ദേശീയപാത 183 ലെ കുമളി ടൗണില്‍ വെള്ളം കയറി.
പട്ടംകോളനി മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലും രാമക്കല്‍മേട് ബംഗ്ലാദേശ് കോളനിയിലും വീടുകളിലും കൃഷിസ്ഥലങ്ങളിലും വെള്ളം കയറി. കല്ലാര്‍ പുഴ കരകവിഞ്ഞതിനെത്തുടര്‍ന്ന് വൈകുന്നേരം നാലോടെ കല്ലാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു.
കമ്പംമെട്ട് പാറക്കടവില്‍ വന്‍മരം വീണ് വൈദ്യുതി ലൈനുകള്‍ ഉള്‍പ്പടെയുള്ളവ തകര്‍ന്നു. വിദ്യാർഥികളുമായി പോയ കമ്പംമെട്ട് മഡോണ എല്‍പി സ്‌കൂളിന്‍റെ വാഹനം തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന്‍റെ രണ്ട് മീറ്റര്‍ മാത്രം മുമ്പിലായാണ് മരവും വൈദ്യുതി പോസ്റ്റും ഒടിഞ്ഞുവീണത്.
Join Our Whats App group
Post A Comment: