കൊച്ചി: രാവിലെ സ്കൂളിലേക്ക് പോയ പ്ലസ് വൺ വിദ്യാർഥിനിയെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയന്‍ സുഹൃത്ത് അപകടത്തില്‍ മരിച്ചെന്ന വിവരം ലഭിച്ചെന്നും ഇതിന്‍റെ വിഷമം സഹിക്കാന്‍ കഴിയുന്നില്ലെന്നുമാണ് കത്തിലുള്ളത്.
എന്നാല്‍ പെണ്‍കുട്ടിയുടെ ഫോണ്‍ കൂടി പരിശോധിച്ചാലേ എന്താണു നടന്നതെന്നറിയാന്‍ കഴിയൂ എന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. നാലു പേജുള്ള കുറിപ്പ് ലഭിച്ച കാര്യം ചോറ്റാനിക്കര പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിലാണ് കൊറിയന്‍ ആണ്‍ സുഹൃത്തിന്‍റെ മരണത്തെക്കുറിച്ചുള്ള വിവരമുള്ളത്.
ഇതില്‍ മനംനൊന്ത് ജീവനൊടുക്കുന്നു എന്നു പറയുന്നുണ്ടെങ്കിലും ഫോണ്‍ പരിശോധിച്ച ശേഷം തീര്‍പ്പിലെത്താമെന്ന നിലപാടിലാണ് പൊലീസ്. ഫോണ്‍ ലോക്ക് ആയതിനാല്‍ ഇത് തുറക്കേണ്ടതുണ്ട്. ഇതില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.
സ്‌കൂളിലേക്ക് പോകാന്‍ രാവിലെ 7.45 ഓടെ വീട്ടില്‍ നിന്നിറങ്ങിയ തിരുവാണിയൂര്‍ കക്കാട് കരയില്‍ താമസിക്കുന്ന പ്ലസ് വണ്‍ വിദ്യാർഥിനിയെയാണ് കുറച്ചു സമയത്തിനു ശേഷം വീടിനടുത്തു പാറമടയിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചോറ്റാനിക്കര ഗവ. വിഎച്ച്എസിലെ വിദ്യാർഥിനിയാണ്. കുട്ടിയുടെ ബാഗും പുസ്തകങ്ങളും ലഞ്ച് ബോക്‌സും കരയില്‍ വച്ച നിലയിയിലായിരുന്നു. ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന ഈ പാറമടയ്ക്ക് ഏകദേശം 400 അടിയോളം ആഴമുണ്ട്. കിണര്‍നിര്‍മാണ തൊഴിലാളിയായ പിതാവിന്‍റെയും മാതാവിന്‍റെയും ഏക മകളാണ് മരിച്ച വിദ്യാർഥിനി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056).
Join Our Whats App group

Post A Comment: