മലപ്പുറം: ചാർജ് ചെയ്യുന്നതിനിടെ ഇലക്‌ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് വൻ അപകടം. വീട്ടിൽ ചാർജ് ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. കോട്ടക്കല്‍ ഈസ്റ്റ് വില്ലൂരിലാണ് സംഭവം നടന്നത്. തീപിടിത്തത്തില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പൂർണമായും, സമീപത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകള്‍ ഭാഗികമായും കത്തിനശിച്ചു.
സംഭവത്തില്‍ വീടിനും നിസാര കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ചാര്‍ജിങ്ങിനിടെ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിന്‍റെ കൃത്യമായ കാരണം ഉന്നത ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ എന്ന് അധികൃതര്‍ അറിയിച്ചു. പോര്‍ച്ചില്‍ വെച്ച് ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിയുണ്ടാവുകയും തീ അടുത്തുണ്ടായിരുന്ന വാഹനങ്ങളിലേക്ക് വേഗത്തില്‍ പടരുകയുമായിരുന്നു.
സ്‌കൂട്ടര്‍ പൊട്ടിത്തെറിക്കുന്ന ശബ്ദവും പുകയും കണ്ട ഉടന്‍ സമീപവാസികളും നാട്ടുകാരും കൃത്യസമയത്ത് ഇടപെട്ട് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളോ മറ്റ് ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Join Our Whats App group

Post A Comment: