ഇടുക്കി: രാഷ്ട്രീയ വ്യത്യാസം മറന്ന് നാട്ടുകാർ രംഗത്തിറങ്ങിയതിനു പിന്നാലെ അയ്യപ്പൻകോവിൽ കെ. ചപ്പാത്ത്- ചെങ്കര റോഡ് നിർമാണത്തിൽ ഇടപെട്ട് പത്ര മാധ്യമങ്ങളും. റോഡ് നിർമാണത്തിൽ അഴിമതി ആരോപണം ഉയർത്തിയാണ് പത്ര മാധ്യമങ്ങൾ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.
റോഡ് പണിയിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി പ്രൈംടൈം ന്യൂസ് നേരത്തെ റിപ്പോർട്ട് പുറത്തു വിട്ടിരുന്നു. ഇതിനിടെ ഇന്ന് (ചൊവ്വ) സിമന്‍റ് പാലത്ത് റോഡ് ഉപരോധം അടക്കം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് നാട്ടുകാർ.
നാട്ടുകാരെ വിഡ്ഢികളാക്കി നടത്തുന്ന റോഡ് നിർമാണമാണ് പ്രതിഷേധത്തിനു കാരണമായത്. കരാറുകാരനും നാട്ടിലെ ചില രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള ഒത്തുകളിയാണ് ഇതിനു പിന്നിലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. അനുവദിച്ച തുകയുടെ നാലിനൊന്ന് പോലും നിലവിൽ നിർമാണത്തിനായി ചിലവാക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ മണ്ടൻമാരാക്കാൻ തുടങ്ങിയ റോഡ് പണി പിന്നീട് നിന്നു പോയിരുന്നു. മാധ്യമ വാർത്തകളെ തുടർന്നാണ് റോഡ് പണി വീണ്ടും ആരംഭിച്ചത്. എന്നാൽ കുറച്ച് കോൺക്രീറ്റും ടാറും വാരിയിട്ട് റോഡ് പണി തീർത്തെന്നു വരുത്തി തീർക്കാനായിരുന്നു കരാറുകാരന്‍റെ നീക്കം.
ഇതിനിടെ റോഡ് പണി നടക്കുന്ന പ്രദേശത്തെ വാർഡ് മെമ്പർ അടക്കം വിഷയത്തിൽ മൗനം തുടരുന്നതും ദുരൂഹതയ്ക്ക് കാരണമാകുന്നുണ്ട്. കരാറുകാരനിൽ നിന്നും ചിലർ പണം പറ്റിയതായി വാട്‌സാപ് ഗ്രൂപ്പുകളിൽ ആക്ഷേപം ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും റോഡ് പണിയിലെ അഴിമതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ സമരത്തിലേക്ക് നീങ്ങുകയാണ്.
പ്രദേശത്തെ രാഷ്ട്രീയ നേതാക്കളിൽ ചിലർ പണം പറ്റിയിട്ടുണ്ടെങ്കിൽ ഇതിൽ വിജിലൻസ് അടക്കം അന്വേഷിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ വിജിലൻസിനടക്കം പരാതി നൽകാനുള്ള നീക്കവും നാട്ടുകാർ നടത്തുന്നുണ്ട്.
Join Our Whats App group

Post A Comment: