നാട്ടിൽ കുറേ റോഡും പാലവും നിരത്തി പണിതിട്ട് ഞങ്ങൾ വികസനം കൊണ്ടുവന്നേ എന്ന് വീമ്പിളക്കുന്നതാണ് ഇന്നത്തെ ഭരണ തന്ത്രം. അടിസ്ഥാന പരമായി മനുഷ്യന് ജീവിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടിടത്ത്, ഇതൊന്നുമില്ലാതെ എന്തൊക്കെയോ കാട്ടിക്കൂട്ടലുകൾ നടത്തി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള വെമ്പലിലാണ് സർക്കാരുകൾ.
ഈ നൂറ്റാണ്ടിലും തൊഴിലിനും സുരക്ഷിതമായ ജീവിതത്തിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സർക്കാർ ജോലി അല്ലെങ്കിൽ വിദേശ ജോലി കണ്ടെത്തണമെന്ന ചിന്ത നിലനിൽക്കെയാണ് നാട്ടിൽ ചിലർ വികസനം നടത്തിയെന്ന വീമ്പ് പറഞ്ഞ് നടക്കുന്നത്.
ഒരു നാട്ടിൽ ഇത്രയൊക്കെ വികസനം നടത്തിയിട്ടും പുതു തലമുറയ്ക്ക് ജീവിക്കാൻ അന്യനാട് കണ്ടെത്തേണ്ടതിന്‍റെ സാഹചര്യത്തെ കുറിച്ച് ഇവിടുത്തെ ഒരു സംവിധാനങ്ങളും ചർച്ചചെയ്യാത്തതും വിരോധാഭാസം.
എൺപത്- തൊണ്ണൂറുകളിൽ റോഡും പാലവും ആശുപത്രികളും ഇല്ലാതിരുന്ന കാലത്ത് ഇതൊക്കെ കെട്ടിപ്പൊക്കി അന്നത്തെ രാഷ്ട്രീയക്കാർ വികസനം നടപ്പാക്കിയിട്ടുണ്ട്. അതൊക്കെ വോട്ടുകളായി പ്രതിഫലിച്ചിട്ടുമുണ്ട്. എന്നാൽ ഈ കാലത്ത് ഇതുമാത്രമാണോ വികസനമെന്നത് ഭരിക്കുന്നവരും പ്രതിപക്ഷത്തിരിക്കുന്നവരും എന്തിനേറെ സാധാരണക്കാരും ചിന്തിക്കേണ്ടിയിരിക്കുന്നു.
ഒരു നാട്ടിൽ ആളുകൾക്ക് ജീവിക്കാൻ ആവശ്യമായ സാഹചര്യം ഒരുക്കുകയെന്നതാണ് ഭരണ കൂടങ്ങൾ ചെയ്‌തുകൊടുക്കേണ്ടത്. വികസിത രാജ്യങ്ങളൊക്കെ ഈ കീഴ് വഴക്കങ്ങളാണ് ചെയ്തു വരുന്നതും. ജീവിക്കാനാവശ്യമായ പാർപ്പിടം, തൊഴിൽ, മതിയായ വേതനം, തൊഴിൽ സുരക്ഷ, ജീവിത നിലവാരം മെച്ചപ്പെടൽ, അടിസ്ഥാന സൗകര്യം തുടങ്ങിയവ ഉണ്ടാകുമ്പോഴാണ് നാട് വികസനത്തിലേക്ക് കുതിക്കുന്നത്.
ഇവിടെ അടിസ്ഥാന കാര്യങ്ങൾ ഇപ്പോഴും സ്വപ്നമായി ശേഷിക്കുമ്പോൾ രണ്ടറ്റം കൂട്ടിമുട്ടാത്ത കുറേ പാലങ്ങളും അശാസ്ത്രീയമായി നിർമിച്ച റോഡുകളും ചൂണ്ടിക്കാട്ടി ഇതാണ് വികസനമെന്ന രീതിയിലാണ് ചിലരുടെയൊക്കെ കാട്ടിക്കൂട്ടൽ.
നാട്ടിലെ വികസന കാട്ടിക്കൂട്ടലുകളിൽ മനം മടുത്തിട്ട് തന്നെയാണ് പുതിയ തലമുറയിൽ ഏറെയും പഠനം പൂർത്തിയാക്കും മുമ്പേ വിദേശത്തേക്ക് ചേക്കേറുന്നത്. മുമ്പൊക്കെ ഗൾഫ് രാജ്യങ്ങളിൽ നാലോ അഞ്ചോ വർഷം ജോലി ചെയ്‌ത് പണമുണ്ടാക്കി മടങ്ങിയെത്തിയവർ ഇന്ന് യൂറോപ്യൻ രാജ്യങ്ങളിൽ സെറ്റിൽ ചെയ്യാനായിട്ടാണ് നാട് വിടുന്നത്.
ഇവിടെ റോഡ് വികസനം തീരുമ്പോഴേക്കും പുതിയ തലമുറയിൽ നല്ല പങ്കും വിദേശ പൗരത്വം സ്വീകരിച്ചിരിക്കും. ഇതൊന്നും ഈ നാട്ടിലെ രാഷ്ട്രീയ പാർട്ടികൾക്കോ, ഭരണ കൂടത്തിനോ പ്രശ്നമേ അല്ലെന്നതാണ് വസ്തുത.
Join Our Whats App group
Post A Comment: