ഇടുക്കി: ഡ്രൈവിങ്ങിനിടെ ശാരീരികാസ്വാസ്ഥ്യം നേരിട്ട ഡ്രൈവർക്ക് രക്ഷകരായി ബസ് യാത്രികരായ പാലിയേറ്റീവ് ജീവനക്കാർ. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.30 ഓടെ കോട്ടയം- കട്ടപ്പന റൂട്ടിൽ ആലടിക്ക് സമീപത്തുവച്ചായിരുന്നു സംഭവം.
കോട്ടയത്തു നിന്നും കട്ടപ്പനയിലേക്ക് വരികയായിരുന്ന നീലാംബരി ബസിലെ ഡ്രൈവർ അനീഷ് മാത്യുവിനാണ് പൊടുന്നനെ ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്. ആലടി പി.എച്ച്.സിയിലെ പാലിയേറ്റീവ് നഴ്‌സ് അമൽ ആന്‍റണിയും ഡ്രൈവർ പി.എ. അജേഷും ആലടിയിൽ നിന്നാണ് ബസിൽ കയറിയത്.
ബസ് അൽപം മുന്നോട്ട് പോയതോടെ ഡ്രൈവർ അനീഷ് ബസ് നിർത്തി പുറത്തിറങ്ങി. അനീഷിന് ഡ്രൈവിങ്ങിനിടെ ശ്വാസം മുട്ടലുണ്ടാകുകയും രക്ത സമ്മർദം വർധിക്കുകയുമായിരുന്നു. ബസ് നിർത്തിയതിനു പിന്നാലെ ഇയാൾ ആകെ ക്ഷീണാവസ്ഥയിലായി.
ഉടൻ തന്നെ അജേഷും അമലും സഹായവുമായി എത്തി. അമൽ പ്രഥമ ശുശ്രൂഷ നൽകുന്നതിനിടെ അജേഷ് പിഎച്ച്‌സിയിലെത്തി പാലിയേറ്റീവിന്‍റെ വാഹനവുമായി സ്ഥലത്തെത്തി. മാട്ടുക്കട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് അനീഷിനെ എത്തിച്ചത്. തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Join Our Whats App group
Post A Comment: