ഇടുക്കി: പഴകിയ ഭക്ഷണം മാത്രമല്ല, വിളമ്പിയ ഭക്ഷണത്തിൽ ജീവനുള്ള പുഴുക്കളെ വരെ കണ്ടെത്തിയിട്ടും കട്ടപ്പന നഗരത്തിലെ ഇത്തരം ഹോട്ടലുകൾക്കെതിരെ നടപടിയെടുക്കാൻ കഴിയാതെ ആരോഗ്യ വിഭാഗം.
കഴിഞ്ഞ ദിവസം ഇടുക്കി കവലയിലെ മഹാരാജാ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ദമ്പതികൾ ജീവനുള്ള പുഴുക്കളെ കാണുകയും ഇത് വീഡിയോയിൽ പകർത്തുകയും ചെയ്‌തിരുന്നു.
സംഭവത്തിൽ രേഖാമൂലം ദമ്പതികൾ നഗരസഭയിൽ പരാതിയും നൽകി. എന്നാൽ ആരോഗ്യ വിഭാഗം പരിശോധനക്കെത്തിയപ്പോഴേക്കും ഈ ഭക്ഷണമെല്ലാം ഹോട്ടൽ ജീവനക്കാർ നശിപ്പിച്ചിരുന്നു.
ഇതോടെ വൃത്തി ഹീനമായ സാഹചര്യത്തിന് നോട്ടീസ് നൽകാൻ മാത്രമാണ് ആരോഗ്യ വിഭാഗത്തിനു സാധിച്ചത്. ആഴ്ച്ചകൾ മുമ്പ് പള്ളിക്കവലയിലെ ഏയിസ് ഹോട്ടലിൽ സമാനമായി ഭക്ഷണത്തിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തി. എന്നാൽ ഇപ്പോഴും ഈ ഹോട്ടൽ പ്രവർത്തിക്കുന്നുണ്ട്.
ബുധനാഴ്ച്ച പുലർച്ചെ ആരോഗ്യ വിഭാഗം കട്ടപ്പന നഗരത്തിൽ നടത്തിയ പരിശോധനയിൽ ഇടുക്കി കവലയിലെ റഹ്‌മത്ത് ഹോട്ടല്‍, ബൈപ്പാസ് റോഡിലെ രാജേശ്വരി ഹോട്ടല്‍, പുതിയ ബസ് സ്റ്റാന്‍ഡിലെ ആര്യ ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്നും പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.
ഹോട്ടലുകൾക്ക് പേരിന് നോട്ടീസ് നൽകി നടപടിയെടുത്തെന്ന് വരുത്തി തീർത്ത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം വിടും. വീണ്ടും ഇതേ ഹോട്ടലുകൾ ഇതിലും പഴകിയ ഭക്ഷണങ്ങൾ വിളമ്പിക്കൊണ്ടേയിരിക്കും.
ശക്തമായ നടപടിയുണ്ടാകില്ലെന്ന ഉറപ്പുള്ളതുകൊണ്ടാണ് കട്ടപ്പന നഗരത്തിൽ ഹോട്ടലുകൾ ഇത്തരത്തിൽ മനുഷ്യ ജീവനു തന്നെ ഭീഷണിയാകുന്ന തരത്തിൽ പഴകിയതും പുഴുവരിച്ചതുമായ ഭക്ഷണങ്ങൾ വിളമ്പുന്നതെന്ന ആക്ഷേപം ശക്തമാകുന്നുണ്ട്.
ഇത്തരത്തിൽ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള ശക്തമായ നടപടികളിലേക്ക് കടക്കാൻ നഗരസഭയോ ആരോഗ്യ വിഭാഗമോ തയാറാകുന്നില്ല. ഇതിനെതിരെ ശക്തമായ ജനരോഷം ഉയരുന്നുണ്ട്.
വൃത്തി ഹീനമായ ഭക്ഷണം കഴിക്കുന്നത് മനുഷ്യ ജീവനു തന്നെ ഭീഷണിയാണെന്ന് ബോധ്യമുണ്ടായിട്ടും വിഷയത്തിൽ തുടരുന്ന ഉദാസീന സമീപനം ഇത്തരം ഹോട്ടലുകാർക്കും തണലാകുകയാണ്.
Join Our Whats App group
Post A Comment: