ഇടുക്കി: അയ്യപ്പൻകോവിൽ കെ. ചപ്പാത്ത്- ചെങ്കര റോഡിൽ സിമന്‍റ് പാലത്തിനു സമീപം റോഡ് ഇടിഞ്ഞു. കഴിഞ്ഞ ദിവസം പെയ്‌ത കനത്ത മഴയ്ക്ക് പിന്നാലെയാണ് റോഡിനു വശം ഇടിഞ്ഞു വീണത്. ഇവിടെ സംരക്ഷണ ഭിത്തി നിർമാണം നടന്നു വരികയായിരുന്നു.
തുടർച്ചയായി റോസ് ഇടിയുന്ന ഈ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തിൽ നിന്നും തുക അനുവദിച്ചിരുന്നു. ഇതിന്‍റെ നിർമാണത്തിനായി കരാറുകാരൻ ജെസിബി ഉപയോഗിച്ച് വാനം എടുത്തതിനു പിന്നാലെ ശക്തമായ മഴയുണ്ടാവുകയും റോഡ് ഇടിയുകയുമായിരുന്നു.
അപകടാവസ്ഥയിലായ റോഡിലൂടെ കഴിഞ്ഞ ദിവസം ഭാരമുള്ള തടി ലോറികൾ കടന്നു പോയതും റോഡ് ഇടിയുന്നതിനു കാരണമായിട്ടുണ്ട്. അമിത ഭാരം കയറ്റിയുള്ള വലിയ ലോറികൾ നിരന്തരം ഈ റൂട്ടിലൂടെ കടന്നു പോകുന്നത് റോഡിനു ഭീഷണിയാണ്.
വീതി കുറവുള്ള സിമന്‍റ് പാലം പ്രദേശത്ത് പലപ്പോഴും തടി ലോറികൾ കഷ്ടിച്ചാണ് കടന്നു പോകുന്നത്. അനുവദിച്ചിരിക്കുന്നതിലും അധികം ഭാരം കയറ്റിയാണ് മിക്ക ലോറികളും ശേഷിയില്ലാത്ത റോഡിലൂടെ കടന്നുപോകുന്നതെന്ന് നേരത്തെ ആക്ഷേപം ഉയർന്നിട്ടുള്ളതാണ്.
കഴിഞ്ഞ ദിവസം രാത്രിയിൽ ഇത്തരത്തിൽ തടിലോറി ഇതുവഴി കടന്നുപോയതായി പ്രദേശവാസികൾ പറയുന്നു. ഇതിനു പിന്നാലെയാണ് റോഡിനു വശം ഇടിഞ്ഞു താണത്.
ചപ്പാത്തിൽ നിന്നും ചെങ്കര, കുമളി, വണ്ടിപെരിയാർ തുടങ്ങി സ്ഥലങ്ങളിലേക്ക് പോകുന്ന നിരവധി പേർ നിത്യേന സഞ്ചരിക്കുന്ന റോഡാണിത്. റോഡ് ഇടിഞ്ഞതോടെ ഇതുവഴിയുള്ള സ്കൂൾ ബസുകൾക്ക് അടക്കം കടന്നു പോകാൻ കഴിയുന്നില്ല. നിലവിൽ ചെറു വാഹനങ്ങൾ മാത്രമാണ് കടന്നുപോകുന്നത്.
Join Our Whats App group
Post A Comment: