ഇടുക്കി: കട്ടപ്പന നഗരത്തിൽ വീണ്ടും ഹോട്ടൽ ഭക്ഷണത്തിൽ ജീവനുള്ള പുഴു. ഇടുക്കികവലയിൽ പ്രവർത്തിക്കുന്ന മഹാരാജ ഹോട്ടലിൽ നിന്നും കപ്പ ബിരിയാണി ഓർഡർ ചെയ്‌ത കാഞ്ചിയാർ സ്വദേശികളായ ദമ്പതികളാണ് ഭക്ഷണത്തിൽ ജീവനുള്ള പുഴുക്കളെ കണ്ടത്.
തിങ്കളാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. പുഴുക്കളെ കണ്ടതോടെ ഇതിന്‍റെ വീഡിയോ പകർത്താൻ ശ്രമിച്ച ദമ്പതികളെ ഹോട്ടൽ ജീവനക്കാർ തടഞ്ഞ് ഭക്ഷണം എടുത്തുകൊണ്ടുപോയി. പിന്നീട് ദമ്പതികളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇവർ നഗരസഭയിൽ പരാതി നൽകി.
ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ പരിശോധന നടത്തിയെങ്കിലും അപ്പോഴേക്കും പഴയ ഭക്ഷണ സാധനങ്ങള്‍ മുഴുവന്‍ ഹോട്ടലിലെ അടുക്കളയില്‍ നിന്ന് മാറ്റിയിരുന്നു.
എന്നാല്‍ ഹോട്ടല്‍ അടുക്കള വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നു കണ്ടെത്തിയതിനാല്‍ ഹോട്ടല്‍ ഉടമക്ക് ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കുമെന്ന് കട്ടപ്പന നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കട്ടപ്പനയിൽ നിരവധി ഹോട്ടലുകളിൽ സമാനമായ അനുഭവങ്ങൾ ഉണ്ടാകുന്നുണ്ട്. ഏതാനും ആഴ്ച്ചകൾ മുമ്പ് പള്ളിക്കവലയിലെ എയിസ് ഹോട്ടലിലും സമാനമായ അനുഭവം ഉണ്ടായി. ഇവിടെ നിന്നും ഭക്ഷണം കഴിച്ച കുട്ടികൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലായിരുന്നു. എന്നാൽ ഹോട്ടൽ ഇപ്പോൾ വീണ്ടും തുറന്നു പ്രവർത്തിക്കുന്നുണ്ട്.
സമാനമായി വൃത്തി ഹീനമായ ഭക്ഷണം കണ്ടെത്തിയ പല ഹോട്ടലുകളും ഇപ്പോഴും സമാന രീതിയിൽ തന്നെ തുറന്നു പ്രവർത്തിക്കുന്നുണ്ട്. ചില ഹോട്ടലുകൾക്കെതിരെ ഒന്നിലധികം പരാതികൾ ഉയർന്നതോടെ പേരുമാറ്റി പുതിയ പേരിലാണ് പ്രവർത്തനം.
നിലവിൽ പുഴുവിനെ ലഭിച്ച മഹാരാജാ ഹോട്ടലിൽ നിന്നും ഇതിനു മുമ്പും പഴകിയ ഭക്ഷണം കണ്ടെത്തിയിട്ടുണ്ട്. എന്തൊക്കെ പരാതികളും ആക്ഷേപങ്ങളും ഉണ്ടായിട്ടും കാര്യമായ നടപടികളില്ലാത്തതാണ് ഇത്തരക്കാർക്ക് തണലാകുന്നതെന്ന ആക്ഷേപമാണ് ഉയരുന്നത്.
പഴകിയ ഭക്ഷണം വിളമ്പിയാലും ഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തിയാലും ചെറിയ പിഴയും താക്കീതും നൽകി വീണ്ടും ഹോട്ടൽ തുടങ്ങാൻ അനുമതി നൽകുകയാണ് ആരോഗ്യ വിഭാഗം ചെയ്യുന്നത്.
ഇതോടെ വീണ്ടും ഇവർ ഇതേ രീതിയിൽ തന്നെ പ്രവർത്തനം തുടരും. ഇടക്കിടെ പിഴ ഈടാക്കുന്നത് ഉടമകളെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയല്ല.
തുടർച്ചയായി പഴകിയ ഭക്ഷണം കണ്ടെത്തിയിട്ടും ഹോട്ടലുകളെ തൊടാൻ നഗരസഭയ്ക്കും ധൈര്യമില്ല. ഒരു ജീവൻ പൊലിയുന്നതുവരെ അധികൃതരുടെ ഈ അലംഭാവം തുടരുമെന്ന ആശങ്കയാണ് നിലവിൽ ഉയരുന്നത്.
Join Our Whats App group
Post A Comment: