ഇന്നു തീരും നാളെ തീരൂമെന്നുള്ള ലേലം വിളിയല്ലാതെ ഇടുക്കിയിലെ ഭൂ പ്രശ്നങ്ങൾക്ക് ഒരു പരിഹാരവുമില്ലെന്നതിന്‍റെ സൂചനകളാണ് ഇന്ന് സുപ്രീംകോടതിയിൽ നിന്നുണ്ടായിരിക്കുന്ന ഉത്തരവ്. ഏലമലക്കാടുകളിലെ പട്ടയ നടപടികൾക്ക് താൽകാലികമായി നിയന്ത്രണം ഏർപ്പെടുത്തിയ സുപ്രീം കോടതി സി.എച്ച്.ആറിലെ വാണിജ്യ നിർമാണങ്ങൾ തടഞ്ഞിട്ടുമുണ്ട്.
കോടതി ഉത്തരവുകളും സർക്കാർ ഉത്തരവുകളും വിലങ്ങുതടിയായ ജില്ലയിൽ ഇപ്പോൾ തന്നെ നിർമാണങ്ങൾ നടത്താൻ ആളുകൾ പെടാപാടുപെടുകയാണ്. കട്ടപ്പന നഗരമടക്കമുള്ള പ്രദേശങ്ങളെയാണ് നിലവിലെ സുപ്രീം കോടതി ഉത്തരവ് പ്രതികൂലമായി ബാധിക്കുന്നത്.
രാഷ്ട്രീയ പാർട്ടികളുടെയും സർക്കാരിന്‍റെയും കെടുകാര്യസ്ഥത തന്നെയാണ് ഇടുക്കിയിലെ ഭൂ പ്രശ്നങ്ങളെ എക്കാലത്തും രൂക്ഷമാക്കിയിട്ടുള്ളത്. എല്ലാം ശരിയാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്‌ത ഇടതു സർക്കാർ ഇപ്പം ശരിയാക്കി തരാമെന്ന് പറയുന്നതല്ലാതെ ഒന്നും ശരിയാക്കുന്ന മട്ട് കാണാനില്ല. ഇതിനു മുമ്പ് ഭരിച്ചവരും ഇതൊക്കെതന്നെയാണ് ചെയ്‌തത്.
കേരളത്തിൽ ഒരു ജില്ലയിലുമില്ലാത്ത ഭൂ പ്രശ്നങ്ങളാണ് അതാത് കാലത്തെ സർക്കാരുകളുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥതത കൊണ്ട് ഇന്ന് ഇവിടുത്തുകാർ അനുഭവിക്കുന്നത്. ഇതൊന്നും നേരെയാക്കാൻ ആർജവമുള്ള രാഷ്ട്രീയ നേതാക്കളോ രാഷ്ട്രീയ കക്ഷികളോ ഇവിടെ ഇല്ലെന്നതും ജില്ലയുടെ ശാപമാണ്.
അതാതു കാലത്ത് ഭരണം നേടാനും അധികാരം കൈയടക്കാനും വാഗ്ദാനങ്ങൾ മാത്രം നടത്തുന്നവരായി ഇടതു- വലതു മുന്നണികൾ മാറിയിട്ട് കാലങ്ങളായി. ഇതിനൊരു മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിൽ മാറി മാറി മുന്നണികൾക്ക് വോട്ട് ചെയ്യുന്ന വോട്ടർമാർ അക്ഷരാർഥത്തിൽ മണ്ടൻമാരായിക്കൊണ്ടിരിക്കുകയാണ്.
കേസ് നടത്തിപ്പിലുണ്ടായ വീഴ്ച്ച
കേസ് നടത്തിപ്പില്‍ പിണറായി സര്‍ക്കാരിനുണ്ടായ ഗുരുതരമായ വീഴ്ച്ചയാണ് സി.എച്ച.ആറില്‍ പട്ടയനടപടികള്‍ തടഞ്ഞ സുപ്രീംകോടതി ഉത്തരവിന് കാരണമായതെന്ന് ഡി.സി.സി. ജനറല്‍ സെക്രട്ടറി ബിജോ മാണി. ഈ ഉത്തരവ് സര്‍ക്കാര്‍ ചോദിച്ച് വാങ്ങിയതാണ്.
സി.എച്ച്.ആര്‍ റിസര്‍വ് വനമാണെന്ന സര്‍ക്കാര്‍ നിലപാട് ഈ കേസില്‍ തിരിച്ചടിയായി. സി.എച്ച്.ആറില്‍ കുറച്ചുഭാഗം വനം വകുപ്പിന് അവകാശപ്പെട്ടതാണെന്നായിരുന്നു റവന്യൂ മന്ത്രി പറഞ്ഞിരുന്നത്. 1964 ലെ ഭൂ പതിവ് നിയമപ്രകാരമുള്ള പട്ടയ നടപടികള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഹൈക്കോടതി തടഞ്ഞിരുന്നു.
സി.എച്ച്.ആറിലെ പട്ടയ നടപടി ഇപ്പോള്‍ സുപ്രീം കോടതിയും തടഞ്ഞതോടെ ജില്ലയിലെ പട്ടയ നടപടികള്‍ പൂര്‍ണമായും തടസ്സപ്പെടും. നിലവില്‍ 25000 ലേറെ അപേക്ഷകര്‍ക്ക് ജില്ലയില്‍ ഇനിയും പട്ടയം നല്‍കുവാനുണ്ട്. ഇവരുള്‍പ്പടെ പതിറ്റാണ്ടുകളായി പട്ടയത്തിന് കാത്തിരിക്കുന്ന പതിനായിരകണക്കിന് കര്‍ഷകരെ ഈ ഉത്തരവ് പ്രതികൂലമായി ബാധിക്കും.
സർക്കാർ വ്യാജ രേഖ ചമച്ചതിന്‍റെ പ്രത്യാഘാതം
ഇടുക്കിയിലെ കർഷകരെ ദ്രോഹിക്കുന്നതിന് ഇടതുപക്ഷ സർക്കാർ വ്യാജ രേഖകൾ കെട്ടിച്ചമച്ച് സുപ്രീംകോടതിയിൽ സമർപ്പിച്ചതിന്‍റെ പ്രത്യാഘാതമാണ് കാർഡമം ഹിൽ റിസർവ് ഭൂമിക്ക് പട്ടയം നൽകരുതെന്ന് സുപ്രീംകോടതി സർക്കാരിനോട് നിർദ്ദേശിക്കാനിടയായതെന്ന് യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി ആരോപിച്ചു.
സി എച്ച് ആർ ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിനും മരങ്ങളുടെ സംരക്ഷണച്ചുമതല വനംവകുപ്പിനും എന്നതായിരുന്നു എക്കാലത്തെയും സർക്കാർ നിലപാട്. 2006-2011 കാലയളവിലെ ഇടതു സർക്കാരും 2011 -2016 കാലയളവിലെ യുഡിഎഫ് സർക്കാരും സി എച്ച് ആറിനെ റവന്യൂഭൂമി എന്നാണ് വനംവകുപ്പിന്‍റെ വാർഷിക റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിട്ടുള്ളത്.
ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് 2018 സെപ്റ്റംബർ ആറിന് പുറത്തിറക്കിയ വനം പ്രിൻസിപ്പൽ സെക്രട്ടറിയുടെ 2016-17 വർഷത്തെ വാർഷിക റിപ്പോർട്ടിലാണ് സി എച്ച് ആർ ഭൂമി വനഭൂമിയാണെന്ന് രേഖപ്പെടുത്തി ആദ്യമായി സർക്കാർ രേഖ പുറത്തിറക്കിയത്. വനം വകുപ്പിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ ഹാജരാക്കിയ സത്യവാങ്മൂലത്തിന്‍റെ അടിസ്ഥാനത്തിലാണ് വിധി ഉണ്ടായിരിക്കുന്നത്.
കോടതിയിൽ നിന്നും കർഷക ദ്രോഹ വിധി ഉണ്ടാകുന്നതിന് വ്യാജ രേഖകൾ കെട്ടിച്ചമച്ച് കോടതിയിൽ ഹാജരാക്കിയ പിണറായി സർക്കാർ ജനങ്ങളോട് മാപ്പ് പറയുവാൻ തയ്യാറാകണം. സർക്കാർ അഭിഭാഷകർ കപട പരിസ്ഥിതിക്കാർക്ക് ഒത്താശചെയ്ത് കർഷകരെ ദോഷകരമായി ബാധിക്കുന്ന ഉത്തരവുകൾ സമ്പാദിച്ച് കൃഷിക്കാർക്ക് ഒരുതരത്തിലും ജീവിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നത് ഇടതുപക്ഷത്തിന് വിനോദമായി മാറിയിരിക്കുകയാണ്.
യഥാർത്ഥ വസ്തുതകൾ കോടതിയെ ബോധിപ്പിച്ച് സി എച്ച് ആർ ഭൂമി റവന്യൂ ഭൂമിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
Join Our Whats App group
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
Post A Comment: