ഇടുക്കി: നാല് മാസം മുമ്പ് നിർമാണം തുടങ്ങിയ അയ്യപ്പൻകോവിൽ കെ. ചപ്പാത്ത്- ചെങ്കര റോഡ് നിർമാണം ഒച്ചിഴയുന്ന വേഗത്തിൽ. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നതിനാല്‍ റോഡില്‍ പൊടി നിറഞ്ഞ് യാത്ര ദുരിതമായിരിക്കുകയാണ്. വാഴൂര്‍ സോമന്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 50 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിര്‍മാണം ആരംഭിച്ചത്.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുമ്പ് നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനായി തിരക്കിട്ട് നിര്‍മാണം ആരംഭിച്ചെങ്കിലും തെരഞ്ഞെടുപ്പ് പിന്നിട്ടതോടെ നിര്‍മാണം ഒച്ചിഴയുന്ന വേഗത്തിലായി. ഇതോടെ നാട്ടുകാരും റോഡിലൂടെ കടന്നുപോകുന്നവരും ദുരിതത്തിലായി.
നിലവില്‍ നടക്കുന്ന റോഡ് നിര്‍മാണം അശാസ്ത്രീയമാണെന്ന ആരോപണവും ഉയരുന്നുണ്ട്. ചപ്പാത്തില്‍ നിന്ന് ചെങ്കര വഴി കുമളിയ്ക്കും, ശാന്തിപ്പാലത്തു നിന്ന് തിരിഞ്ഞ് മ്ലാമല വഴി വണ്ടിപ്പെരിയാറിനും പോകാനുള്ള ഏറ്റവും ദൂരം കുറഞ്ഞ പാതയാണിത്.
എന്നാല്‍ വര്‍ഷങ്ങളായി റോഡ് തകര്‍ന്ന് കിടക്കുകയായിരുന്നു. ഇതുകാരണം ഇതുവഴിയുണ്ടായിരുന്ന ബസ് സര്‍വീസ് പോലും പ്രതിസന്ധിയിലായിയിരുന്നു. ചെറു വാഹന യാത്രയും ബുദ്ധിമുട്ടിലായി. റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
സിമന്‍റ് പാലത്തിന് ശേഷം തകര്‍ന്ന് കിടക്കുന്ന ഭാഗം നന്നാകാന്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് 15 ലക്ഷം രൂപ അനുവദിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ജില്ലാ പഞ്ചായത്തും 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നിലവില്‍ ഏതാനും ഭാഗത്ത് ഐറീഷ് ഓടയുടെ നിര്‍മാണം മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്.
ചപ്പാത്ത് മുതല്‍ രണ്ട് കിലോമീറ്റര്‍ ദൂരമാണ് എം.എല്‍.എ ഫണ്ട് അനുവദിച്ചത്. ടാറിങിനുള്ള സാധനങ്ങള്‍ മാസങ്ങളായി റോഡരികില്‍ കിടക്കുന്നത് ഗതാഗത തടസവും സൃഷ്ടിക്കുന്നുണ്ട്. ഉദ്യോഗസ്ഥരും കരാറുകാരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് നിര്‍മാണത്തിലെ മെല്ലെപ്പോക്കെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. നിര്‍മാണം വൈകിയാല്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാനുള്ള നീക്കത്തിലാണ് പ്രദേശവാസികള്‍.
Join Our Whats App group

Post A Comment: