ഇടുക്കി: ഉപ്പുതറ മത്തായിപ്പാറയിൽ വീട്ടമ്മയെ വീടിനുള്ളിൽ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ഇന്നലെ വൈകിട്ടാണ് മത്തായിപ്പാറ എംസി കവല മലയക്കാവിൽ സുബിന്‍റെ ഭാര്യ രജനി സുബിനെ (38) മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇളയ കുട്ടി സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് യുവതിയെ കട്ടിലിൽ ചോര വാർന്ന നിലയിൽ കണ്ടത്. തുടർന്ന് നാട്ടുകാരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ഇവരുടെ ഭർത്താവ് സുബിൻ എന്ന രതീഷ് (43) ഒളിവിലാണ്.
യുവതിയെ തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. സുബിൻ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് പരപ്പിൽ നിന്നും ബസിൽ കയറി പോകുന്നതായി കണ്ടവരുണ്ട്. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണമെങ്കിലും മറ്റാർക്കെങ്കിലും കൃത്യത്തിൽ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സുബിനും രജനിയും തമ്മിൽ കുടുംബ വഴക്കുണ്ടായിരുന്നു.
ഇവർ ഒരുമാസം മുമ്പാണ് ഒരുമിച്ചു താമസം തുടങ്ങിയത്. അതേസമയം രജനിയുടെ മൃതദേഹം ഇപ്പോഴും വീടിനുള്ളിൽ പൊലീസ് കാവലിൽ സൂക്ഷിച്ചിരിക്കുകയാണ്. അന്വേഷണ സംഘം ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മാറ്റും.
ഇടുക്കി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി യൂനസ്, പീരുമേട് ഡി.വൈ.എസ്.പി വിശാല്‍ ജോണ്‍സണ്‍, ഉപ്പുതറ സി.ഐ എ. ഫൈസല്‍, എസ്.ഐ കെ.പി. സജി എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
Join Our Whats App group

Post A Comment: