ഇടുക്കി: ആതുര സേവന രംഗത്ത് സംസ്ഥാനത്തെ തന്നെ ഏറ്റവും പിന്നോക്കാവസ്ഥയിലായി പീരുമേട് നിയോജക മണ്ഡലം. 20 വർഷമായി ഇടതുപക്ഷ എംഎൽഎ വിജയിച്ചു വന്ന മണ്ഡലത്തിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളും ബ്ലോക്ക് പഞ്ചായത്ത് ഭരണവും ഏറെക്കാലം ഇടതുകരങ്ങളിലായിരുന്നു.
എന്നിട്ടും നാളിതുവരെ മണ്ഡലത്തിൽ ആരോഗ്യ പരിപാലനത്തിനുള്ള സംവിധാനങ്ങൾ ഇല്ലെന്നതാണ് യാഥാർഥ്യം. ആകെയുള്ള പീരുമേട് താലൂക്ക് ആശുപത്രിയാകട്ടെ പരാധീനതകളുടെ നടുവിലും. തോട്ടം മേഖലയായ പീരുമേട്ടിൽ തൊഴിലാളികളും കർഷകരുമാണ് വോട്ടർമാരിൽ ഏറെയും. മണ്ഡലത്തിൽ ചികിത്സൗ സൗകര്യമില്ലാത്തത് മുമ്പും വലിയ വാർത്താ പ്രാധാന്യം നേടിയിട്ടുണ്ട്.
ഏതാനും ചില സ്വകാര്യ ആശുപത്രികൾ മാത്രമാണ് ഇവിടെ ആശ്രയിക്കാനുള്ളത്. ഇവിടെ സാധാരണക്കാരന് പ്രവേശിക്കാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്. വണ്ടിപ്പെരിയാറ്റിൽ പ്രാധമികാരോഗ്യ കേന്ദ്രവും പീരുമേട്ടിൽ താലൂക്ക് ആശുപത്രിയുമുണ്ടെങ്കിലും ഇവയുടെ അവസ്ഥ ഇന്നും പരിതാപകരമാണ്.
ആരോഗ്യ മന്ത്രി അടക്കം നേരിട്ടെത്തി ഇവിടുത്തെ സ്ഥിതിഗതികൾ വിലയിരുത്തിട്ടുണ്ടെങ്കിലും നാളിതുവരെ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. ഉപ്പുതറയിലെ ആശുപത്രിയും അസൗകര്യങ്ങളുടെ നടുവിലാണ്.
പ്രസവം, ഹൃദയാഘാതം തുടങ്ങി അടിയന്തിര ചികിത്സ ആവശ്യമായി വരുമ്പോൾ 70-90 കിലോമീറ്റർ അകലെയുള്ള ആശുപത്രികളിൽ എത്തിച്ചേരേണ്ട സ്ഥിതിയിലാണ് ഇവിടെയുള്ളവർ. വണ്ടിപ്പെരിയാറിന് ഉൾപ്രദേശമായ മൗണ്ട്, ഗ്രാമ്പി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ഒരു രോഗിയെ പുറം ലോകത്തെത്തിക്കാൻ തന്നെ മണിക്കൂറുകൾ വേണ്ടിവരും.
വിനോദ സഞ്ചാര കേന്ദ്രങ്ങളും ശബരിമല തീർഥാടകരുടെ ഇടത്താവളങ്ങളും ഉൾപ്പെടുന്ന പ്രദേശങ്ങളായിട്ടും ആതുര സേവന രംഗത്തെ ഈ ശോചനീയാവസ്ഥ എടുത്തു പറയേണ്ടതാണ്.
20 വർഷം മണ്ഡലതത്തിൽ വിജയം നേടിയിട്ടും ആരോഗ്യ രംഗം മെച്ചപ്പെടുത്താൻ എംഎൽഎമാരോ, ത്രിതല പഞ്ചായത്ത് അംഗങ്ങളോ ശ്രമിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ആരോഗ്യ മേഖലയിലെ ശോചനീയാവസ്ഥ വലിയ ചർച്ചകൾക്ക് വഴിവയ്ക്കുമെന്നാണ് വിലയിരുത്തൽ.
Join Our Whats App group

Post A Comment: