ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ ജീവൻ മരണ പോരാട്ടത്തിനിറങ്ങുന്ന സിപിഎമ്മും കോൺഗ്രസും അപ്രതീക്ഷിത നീക്കങ്ങളിലേക്ക്. ഇടുക്കി മണ്ഡലത്തിലെ വച്ചുമാറ്റം അടക്കം നിർണായക നീക്കങ്ങളിലൂടെ തെരഞ്ഞെടുപ്പിനെ നേരിടാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. അതേസമയം സസ്പെൻസ് സ്ഥാനാർഥികളെ അടക്കം അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് സിപിഎം.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ ഇടതുപക്ഷത്തിനു കനത്ത തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. ജില്ലാ പഞ്ചായത്തിൽ അടക്കം യുഡിഎഫ് മൃഗീയ ഭൂരിപക്ഷം നേടിയത് സിപിഎമ്മിന് വലിയ ക്ഷീണമായിട്ടുണ്ട്.
ഇതിനെ മറികടക്കാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേതിനു സമാനമായ വിജയം നേടുകയാണ് സിപിഎമ്മും ഇടതുപക്ഷവും ലക്ഷ്യമിടുന്നത്. എന്നാൽ എം.എം. മണി അടക്കമുള്ളവർ ഇത്തവണ മത്സര രംഗത്തില്ലാത്തത് നേരിയ ആശങ്കയാണ്.
ഇതിനാൽ തന്നെ ചില സസ്പെൻസ് സ്ഥാനാർഥികളെ ഇറക്കി കളം പിടിക്കാനുള്ള നീക്കങ്ങളാണ് സിപിഎം അണിയറയിൽ നടത്തുന്നതെന്നാണ് വിവരം. സിപിഐയുടെ സിറ്റിങ് സീറ്റായ പീരുമേട്ടിലും ഇടതുപക്ഷം ഇത്തവണ സർപ്രൈസ് സ്ഥാനാർഥിയെ ഇറക്കുമെന്ന് സൂചനയുണ്ട്.
20 വർഷമായി കൈപ്പിടിയിലുള്ള പീരുമേട് മണ്ഡലം ഇത്തവണയും നിലനിർത്താനുള്ള നീക്കങ്ങളാണ് ഇടതുമുന്നണിയിൽ നടക്കുന്നത്. മുൻ എംഎൽഎ ഇ.എസ്. ബിജിമോൾ അടക്കമുള്ളവരുടെ പേരുകൾ സ്ഥാനാർഥി പട്ടികയിലുണ്ടെങ്കിലും ഇതിനെ മറികടന്ന് മറ്റൊരു സ്ഥാനാർഥിയെ മണ്ഡലത്തിൽ കെട്ടിയിറക്കാനുള്ള നീക്കങ്ങൾ സജീവമാണ്. ഇന്നലെ കട്ടപ്പനയിൽ ചേർന്ന പ്രവർത്തക യോഗത്തിൽ ഇതുസംബന്ധിച്ച ധാരണയിലെത്തിയിട്ടുണ്ടെന്നും സൂചനകളുണ്ട്.
ഇതിനിടെ ഉടുമ്പൻചോലയിൽ എം.എം മണിക്ക് പകരം മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്തുന്നതിനുള്ള നീക്കങ്ങളും സജീവമാണ്. മണിയുടെ നോമിനി തന്നെയായിരിക്കും മണ്ഡലത്തിലെ സ്ഥാനാർഥിയെന്നാണ് വിവരം. മണിയുടെ കുടുംബക്കാർ തന്നെയാകാനുള്ള സാധ്യതകളാണ് നിലവിൽ കാണുന്നത്.
അതേസമയം ഇടുക്കി മണ്ഡലം ജോസഫിൽ നിന്നും പിടിച്ചെടുക്കാനാണ് കോൺഗ്രസ് നീക്കം നടത്തുന്നത്. റോഷി അഗസ്റ്റിനെതിരെ എ ഗ്രൂപ്പിൽ നിന്നുള്ള നേതാവ് മത്സരിക്കാനുള്ള ശ്രമമാണ് കോൺഗ്രസിന്‍റേത്. പീരുമേട്ടിലും ദേവികുളത്തും പുതുമുഖങ്ങളെ ഇറക്കാനും ശ്രമം നടക്കുന്നുണ്ട്.
Join Our Whats App group

Post A Comment: