ഒരു വശത്ത് സ്ഥാനാർഥി നിർണയ ചർച്ചകൾ ചൂടു പിടിക്കുമ്പോൾ തെരഞ്ഞെടുപ്പിൽ ഒഴുക്കാനുള്ള പണത്തിനു പിന്നാലെയാണ് മറുപക്ഷം. ലക്ഷങ്ങളല്ല, കോടികളുടെ കുത്തൊഴുക്ക് ഇത്തവണ സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നാണ് വിവിധ ഏജൻസികളുടെ വിലയിരുത്തൽ.
കേരളത്തിൽ ഇത്തവണ ഇടത്- വലത്- എൻഡിഎ മുന്നണികൾക്ക് നിർണായകമായ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. സംസ്ഥാനത്ത് മാറി മാറി ഭരണം കൈയാളിയിട്ടുള്ള ഇടത്- വലത് മുന്നണികൾക്ക് അത്രമേൽ പ്രിയപ്പെട്ടതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ്.
തുടർ ഭരണം കിട്ടിയില്ലെങ്കിൽ സിപിഎമ്മിന് ദേശീയ തലത്തിൽ തന്നെ പാർട്ടിയുടെ നിലനിൽപ്പിനെ ഇത് ബാധിക്കും. പിണറായി വിജൻ കാലം കഴിഞ്ഞാൽ വീണ്ടും ഭരണത്തിലേറുന്നത് കടുത്ത പരീക്ഷണമാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
രാജ്യത്ത് മറ്റു സംസ്ഥാനങ്ങളിൽ ഭരണത്തിലില്ലാത്തതും സിപിഎമ്മിനെ ഭീതിയിലാക്കുന്നുണ്ട്. ഘടക കക്ഷികളുടെ സ്ഥിതിയും ഇതൊക്കെ തന്നെയാണ്.
കോൺഗ്രസിനും യുഡിഎഫിനുമാകട്ടെ, പത്ത് വർഷമായി കേരളത്തിൽ അധികാരത്തിലില്ലാത്തത് ചില്ലറ ദോഷമല്ല വരുത്തിയിരിക്കുന്നത്. ഇത്തവണ ഭരണം പിടിക്കേണ്ടത് കോൺഗ്രസിന്‍റെയും ഘടക കക്ഷികളുടെയും നിലനിൽപ്പിന് തന്നെ അത്യാവശ്യമാണ്.
ബിജെപിയുടെ സ്ഥിതിയും മറിച്ചല്ല. ഒന്നിലധികം സീറ്റുകൾ കേരളത്തിൽ നേടുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി ഇത്തവണ രംഗത്തിറങ്ങുന്നത്. പതിവിൽ നിന്നും വിപരീതമായി കേരളത്തിൽ പുതിയ ഫോർമുലകൾ നടപ്പാക്കാനാണ് ബിജെപിയുടെ പദ്ധതികൾ.
അതേസമയം തെരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ പണം വേണമെന്നതാണ് രാഷ്ട്രീയ പാർട്ടികളെയും സ്ഥാനാർഥികളെയും വലക്കുന്ന കാര്യം. ഒരു മണ്ഡലത്തിൽ ഒരു സ്ഥാനാർഥി ചുരുങ്ങിയത് ഒരു കോടി രൂപയെങ്കിലും ചിലവാക്കേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് മണ്ഡലങ്ങളുടെയും ജില്ലയുടെയും എതിർ സ്ഥാനാർഥികളുടെയും കരുത്തനുസരിച്ച് രണ്ടും മൂന്നും കോടി വരെ ഉയരാം.
പഞ്ചായത്ത് വാർഡ് തലത്തിലുള്ള പ്രാദേശിക നേതാക്കൾക്കടക്കം വീതം വയ്ക്കാൻ തന്നെ ലക്ഷങ്ങൾ ചിലവിടേണ്ടി വരും. ഇതിനു പുറമേയാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനുബന്ധ ചിലവുകൾ.
സോഷ്യൽ മീഡിയ, പി.ആർ ഏജൻസികൾ അങ്ങനെ കണക്കു കൂട്ടി വരുമ്പോൾ സ്ഥാനാർഥിയും പാർട്ടിയും വലിയൊരുത തുക തന്നെ കണ്ടെത്തേണ്ടി വരും.
പാർട്ടികൾ പണം മുടക്കുമെങ്കിലും തെരഞ്ഞെടുപ്പിൽ ചിലവാകുന്നതിൽ ഏറിയ പങ്കും സ്ഥാനാർഥികൾ തന്നെ മുടക്കേണ്ടി വരുന്നതാണ് പതിവ്. ഇത്തവണ പല പാർട്ടികളും ഇത്തരത്തിൽ പണം മുടക്കാൻ കഴിവുള്ളവരെ സ്ഥാനാർഥികളാക്കാൻ ആലോചിക്കുന്നതായും വിവരമുണ്ട്.
അതേസമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം ഒഴുകാനുള്ള സാഹചര്യത്തിൽ വിവിധ ഏജൻസികളും ജാഗ്രത പുലർത്തുന്നുണ്ടെന്നാണ് വിവരം. തെരഞ്ഞെടുപ്പ് കമ്മിഷനും ജാഗ്രത പുലർത്തുന്നുണ്ട്.
Join Our Whats App group

Post A Comment: