കണ്ണൂർ: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16 കാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ 25 കാരിക്കെതിരെ പോക്സോ കേസ്. ഇന്ന് കേരളം ചർച്ച ചെയ്‌ത പ്രധാന വാർത്തയാണിത്. കാസർകോട് മേൽപ്പറമ്പ് പൊലീസാണ് സ്നേഹ മെർലിനെന്ന 25 കാരിക്കെതിരെ കേസെടുത്തിരിക്കുന്നത്. മുമ്പ് മൂന്ന് പോക്സോ കേസുകളിൽ പ്രതിയാണ് ഇവർ.
നാലാമത്തെ കേസാണ് ഇവർക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്. നിലവിൽ സ്നേഹ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. സ്നേഹയുടെ കൂട്ടുകാരിയുടെ മകളാണ് പീഡനത്തിനിരയായത്. വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ ഇവർ പീഡനത്തിനിരയാക്കുകയായിരുന്നു.
കുട്ടിയോടുള്ള ഇഷ്ടം കാണിക്കാൻ സമ്മാനങ്ങളും നൽകിയിരുന്നതായി പൊലീസ് പറയുന്നു. സംസ്ഥാനത്ത് 25 വയസുള്ള യുവതിക്കെതിരെ നാല് പോക്സോ കേസുകൾ ചുമത്തുന്നത് ആദ്യ സംഭവമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തളിപ്പറമ്പ് സ്റ്റേഷനിൽ സ്നേഹക്കെതിരെ മൂന്ന് പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.
2025 ഫെബ്രുവരിയിലാണ് ആദ്യത്തെ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 12 വയസുകാരിയാണ് അന്ന് പീഡിപ്പിക്കപ്പെട്ടത്. സംഭവത്തിൽ സ്നേഹയെ റിമാന്‍റ് ചെയ്‌തിരുന്നു. ഇരയായ പെൺകുട്ടിയുടെ ബാഗിൽ നിന്നും ലഭിച്ച ഫോൺ പരിശോധിച്ച അധ്യാപകരാണ് പീഡന വിവരം അറിയുന്നത്. കുട്ടിയുടെ പെരുമാറ്റത്തിലും സംശയം തോന്നിയതോടെ അധ്യാപകർ വിവരം വീട്ടുകാരെ അറിയിച്ചു.
തുടർന്ന് ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി സ്നേഹ തന്നെ പീഡിപ്പിച്ചിരുന്നതായി വെളിപ്പെടുത്തിയത്. പെൺകുട്ടിക്ക് പ്രതി സ്വർണ ബ്രേസ് ലറ്റ് വാങ്ങി നൽകിയിരുന്നു. ഇതേ 12 കാരിയുടെ സഹോദരനെയും ഇവർ പീഡിപ്പിച്ചിരുന്നതായി പിന്നീട് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.
കുട്ടി തന്നെയാണ് തന്നെയും സ്നേഹ പീഡിപ്പിച്ചിരുന്നതായി വീട്ടുകാരോടെ വെളിപ്പെടുത്തിയത്. ഈ രണ്ട് കേസുകൾക്ക് പുറമേ 14 വയസുള്ള ആൺകുട്ടിയെ പീഡിപ്പിച്ചതായും ഇവർക്കെതിരെ കേസുണ്ട്. പീഡന ദൃശ്യങ്ങൾ പ്രതി ഫോണിൽ പകർത്തുകയും ചെയ്‌തിരുന്നു. ഈ വീഡിയോ കാട്ടി ആൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്.
തളിപ്പറമ്പിലെ സിപിഐ നേതാവ് കോമത്ത് മുരളീധരനെ ആക്രമിച്ച കേസിലും സ്നേഹ പ്രതിയാണ്. സാമ്പത്തിക തർക്കത്തെ തുടർന്നുണ്ടായ മധ്യസ്ഥ ചർച്ചക്കിടെ മുരളീധരനെ ഹെൽമറ്റ് കൊണ്ട് അടിച്ചെന്നാണ് കേസ്. ഒപ്പമുണ്ടായിരുന്ന എം. രഞ്ജിത്താണ് അടിച്ചത്. സ്നേഹ കൂട്ടു പ്രതിയാണ്.
Join Our Whats App group

Post A Comment: