ഇടുക്കി: കാട്ടുപന്നിയെ ഇടിച്ച് കാർ മറിഞ്ഞതുൾപ്പെടെ പീരുമേട്, വണ്ടിപ്പെരിയാർ മേഖലയിൽ നാല് അപകടങ്ങളിലായി അഞ്ചോളം പേർക്ക് പരുക്ക്. വണ്ടിപ്പെരിയാർ മ്ലാമലയിൽ നിന്നും കൊടുവയിലേക്ക് പോയ കാറിൽ കൊടുവയ്ക്ക് സമീപത്ത് വച്ച് കാട്ടുപന്നി ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട കാർ തേയിലക്കാട്ടിലേക്ക് മറിഞ്ഞു.
യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ രാവിലെ നാലിനായിരുന്നു സംഭവം. പ്രദേശത്ത് നിര്‍മ്മിക്കുന്ന റിസോര്‍ട്ടിലെ ടൈല്‍ പണിക്ക് തിരുവനന്തപുരത്ത് നിന്നും വരികയായിരുന്ന രണ്ടുപേര്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്.
വണ്ടിപ്പെരിയാർ മഞ്ചുമല പുതുലയത്തിന് സമീപം നിയന്ത്രണം വിട്ട കാര്‍മറിഞ്ഞ് യാത്രികരായ ദമ്പതികള്‍ക്ക് പരുക്കേറ്റു. അരണക്കല്‍ സ്വദേശികളായ കറുപ്പ് സ്വാമി, റാണി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ വണ്ടിപ്പെരിയാര്‍ സി.എച്ച്.സിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം തേനി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ഇന്ന് രാവിലെ ഒന്‍പതിനാണ് അപകടം നടന്നത്. അരണക്കല്ലില്‍ നിന്നും വണ്ടിപ്പെരിയാറിലേക്ക് വരികയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മൂന്ന് തവണ കരണം മറിഞ്ഞ് തേയിലക്കാട്ടിലേക്ക് പതിക്കുകയായിരുന്നു.
അപകടത്തില്‍ കറുപ്പുസ്വാമിയുടെ നെഞ്ചിനും ഭാര്യ റാണിയുടെ നടുവിനും പരുക്കേറ്റു. ഇതു വഴി വന്ന മറ്റ് വാഹന യാത്രികര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
നിയന്ത്രണം വിട്ട കാര്‍ പീരുമേട് പാലത്തിന്‍റെ കൈവരിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. പ്ലാശനാല്‍ സ്വദേശികളായ ഫ്രാന്‍സിസ് (62), ഭാര്യ സെലിന്‍ (60), ഡ്രൈവര്‍ ഈരാറ്റുപേട്ട സ്വദേശി ജെയ്‌സണ്‍ (34) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ പാലാ ചേര്‍പ്പുങ്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ പത്തിനായിരുന്നു അപകടം.
ദേശീയപാത 183ല്‍ പുല്ലുപാറയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ചരക്ക് ലോറിക്ക് പിന്നിലിടിച്ചു. കോട്ടയത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ് ആണ് അപകടത്തില്‍പെട്ടത്. പുല്ലുപാറക്ക് സമീപം എത്തിയപ്പോള്‍ നിയന്ത്രണം വിട്ട് മുമ്പേ പോകുകയായിരുന്ന ചരക്ക് ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കുകള്‍ ഇല്ല.
Join Our Whats App group
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
Post A Comment: