
ഇടുക്കി: വിനോദ സഞ്ചാര മേഖലകളായ പരുന്തുംപാറ, വാഗമൺ മേഖലകളിൽ സർക്കാർ ഭൂമി അടക്കം കൈയേറി സ്വകാര്യ വ്യക്തികൾ നിർമിച്ച വൻ കെട്ടിടങ്ങളുടെ വിവരങ്ങളാണ് ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഏക്കർ കണക്കിനു ഭൂമിയാണ് ഇടുക്കി ജില്ലയ്ക്ക് പുറത്തു നിന്നുള്ള വൻകിടക്കാർ ഇവിടെ കൈയടക്കിയിരിക്കുന്നത്.
ജില്ലാ കലക്റ്റർ പുറപ്പെടുവിച്ച നിരോധനാജ്ഞ പോലും മറികടന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ നിർമാണം പുരോഗമിച്ചിരുന്നത്. ഭരണ കക്ഷിയിൽ നിന്നുള്ള ഉന്നത രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥ ലോബിയുടെയും പിന്തുണയാണ് ഇത്തരത്തിൽ പച്ചയായ നിയമ ലംഘനത്തിനു പിന്നിലെന്നത് നഗ്നമായ സത്യമാണ്.
ജില്ല രൂപീകരിച്ച് ഇത്രയും വർഷം പിന്നിടുമ്പോഴും ഇടുക്കി ജില്ലയിൽ മാത്രം ഭൂ പ്രശ്നങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല. നൂറ്റാണ്ടു മുമ്പ് തുടങ്ങി ഇടുക്കിയിലേക്ക് കുടിയേറിയ മുൻ തലമുറയുടെ പിൻതലമുറക്കാരാണ് ഇടുക്കിക്കാരായി ഇവിടെയുള്ളത്.
ജില്ലയിൽ ജനിച്ചു വളർന്ന തദ്ദേശീയർക്ക് സ്വന്തമായി ഒരു വീടോ, കെട്ടിടമോ നിർമിക്കാൻ അനുമതി നിഷേധിക്കുമ്പോഴാണ് സർക്കാർ സ്ഥലത്ത് ഒരു രേഖയുമില്ലാതെ ജില്ലക്ക് പുറത്തു നിന്നുള്ള വൻകിടക്കാർ ബഹുനില കെട്ടിടങ്ങളും അനുബന്ധ നിർമിതികളും നടത്തുന്നത്.
ഇതിനെല്ലാം കുടപിടിക്കുന്നതാവട്ടെ ജില്ലയിലെ തന്നെ രാഷ്ട്രീയ നേതൃത്വങ്ങളും റവന്യൂ വകുപ്പിലെ ഒരു കൂട്ടം ഉദ്യോഗസ്ഥരുമാണ്. അനുദിനം കൈയേറ്റങ്ങൾ പെരുകുന്നതും കേസുകൾ കോടതികളിലെത്തുന്നതും ഇടുക്കിക്കാരുടെ പട്ടയ സ്വപ്നങ്ങൾക്ക് എന്നും തിരിച്ചടിയാണ്.
സ്വാർത്ഥ ലാഭത്തിനായി ജില്ലയെ ഒറ്റു കൊടുക്കുന്ന രാഷ്ട്രീയ- ഉദ്യോഗസ്ഥ ലോബി തന്നെയാണ് ഇവിടെ ഭൂ പ്രശ്നങ്ങൾ ഇത്രയധികം വഷളാക്കിയതും. ജില്ലക്ക് പുറത്തു നിന്നുള്ള വൻകിടക്കാരുടെ പക്കൽ നിന്നും വൻ തുകകൾ കൈപ്പറ്റിയാണ് ഈ വ്യാജ ലോബിയുടെ പ്രവർത്തനം.
നിലവിൽ വിവാദമുയരുന്ന പരുന്തുംപാറയിലെ വൻകിട കെട്ടിടങ്ങൾ വർഷങ്ങൾ കൊണ്ട് പണിതുയർത്തിയതാണ്. ഈ കെട്ടിടം പണിതുയർത്തുന്ന കാലയളവിൽ ഉദ്യോഗസ്ഥരോ, രാഷ്ട്രീയ നേതൃത്വമോ ഇക്കാര്യം അറിഞ്ഞില്ലെന്ന് പറയുന്നത് എന്തൊരു വിഡ്ഢിത്തമാണ്.
ഓരോ സർക്കാരുകൾ അധികാരത്തിലെത്തുമ്പോഴും എല്ലാം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ഇടുക്കിക്കാർ കാത്തിരിക്കുന്നത്. എന്നാൽ ഇടുക്കിക്കാരെ കൂടുതൽ കൂടുതൽ സങ്കീർണമായ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ് ഓരോ സർക്കാരും ഇപ്പോൾ ചെയ്‌തു കൊണ്ടിരിക്കുന്നത്. വീണ്ടുമൊരു തെരഞ്ഞെടുപ്പ് കാലം അടുത്തതോടെ വാഗ്ദാന പെരുമഴയുമായി വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്.
പ്രതിപക്ഷത്തെ കുറ്റം പറഞ്ഞ് ഭരണ പക്ഷം തടിയൂരുമ്പോൾ അതേ നാണയത്തിലാണ് പ്രതിപക്ഷത്തിന്‍റെ തിരിച്ചടി. മാറി മാറി ഭരണം കിട്ടിയിട്ടും രണ്ട് പക്ഷങ്ങളും ഇവിടെ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന സത്യം മാത്രം ഇരു കക്ഷികളും മറച്ചു വക്കുന്നുമുണ്ട്.
ഇരുപക്ഷത്തെയും വിമർശിച്ച് ഇപ്പോൾ എല്ലാം ശരിയാക്കി ത്തരാമെന്ന വാഗ്ദാനത്തിലാണ് ബിജെപി. ഏത് കക്ഷി ഭരിച്ചാലും ഇവിടെ പ്രത്യേകിച്ചൊന്നും നടക്കാനില്ലെന്ന വിശ്വാസത്തിലാണ് ഇടുക്കിക്കാർ. പുതുതലമുറ നാടു വിട്ട് വിദേശത്തേക്ക് കടക്കുന്നതു തന്നെ ഈ പ്രശ്നങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമായിട്ടു വേണം കാണാൻ.
Join Our Whats App group
Post A Comment: