ഇടുക്കി: കട്ടപ്പന നഗരസഭയിലെ ഭരണ കക്ഷി കൗൺസിലർക്കെതിരെ കൈക്കൂലി ആരോപണവുമായി പരാതി. കോൺഗ്രസ് കൗൺസിലറായ യുവ നേതാവിനെതിരെയാണ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്കും ജില്ലാ കോൺഗ്രസ് കമ്മിറ്റിക്കും പരാതി നൽകിയിരിക്കുന്നത്.
കട്ടപ്പന പഴയ സ്റ്റാന്‍റിലെ ഹോട്ടലുമായി ബന്ധപ്പെട്ട പരാതി ഒത്തു തീർപ്പാക്കാനെന്ന പേരിൽ പണം കൈപ്പറ്റിയെന്നാണ് പരാതി. മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്ക് ലഭിച്ച പരാതി പുറത്തു വന്നതോടെ കൗൺസിലർക്കെതിരെ പാർട്ടിക്കുള്ളിൽ അമർഷം ഉടലെടുത്തിട്ടുണ്ട്.
ചേരമര്‍ സാംബവര്‍ ഡവലപ്പ്‌മെന്‍റ് സൊസൈറ്റി (സി.എസ്.ഡി.എസ്) ജില്ലാ വര്‍ക്കിങ് പ്രസിഡന്‍റ് കൂടിയായ മനോജ് തോമസാണ് പരാതിക്കാരൻ. നിലവില്‍ കട്ടപ്പന പഴയ സ്റ്റാന്‍റില്‍ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരിക്കുന്ന ഹോട്ടലിനെതിരെ മനോജ് തോമസ് നഗരസഭയില്‍ പരാതി നല്‍കിയിരുന്നു. ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
ഈ പരാതി ഒത്തു തീര്‍പ്പാക്കാമെന്ന് വിശ്വസിപ്പിച്ച് ഹോട്ടല്‍ ഉടമയോട് 15,000 രൂപയും കെട്ടിട ഉടമയോട് 10,000 രൂപയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേര് പറഞ്ഞ് കൗണ്‍സിലര്‍ വാങ്ങിയെന്നാണ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യം ഹോട്ടല്‍ ഉടമ ഫോണിലൂടെ വ്യക്തമാക്കിയെന്നും പരാതിക്കാരന്‍ പറയുന്നു. ഇതിനുള്ള തെളിവുകൾ കൈയിലുണ്ടെന്നാണ് പരാതിക്കാരൻ പറയുന്നത്.
ആരോപണ വിധേയനായ കൗണ്‍സിലര്‍ക്കെതിരെ മുമ്പും സമാനമായ പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളും വ്യക്തമാക്കി. നഗരത്തില്‍ വിവിധ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സമാനമായി പണപ്പിരിവ് നടത്തിയതായി നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു.
അടുത്തിടെ നടന്ന കട്ടപ്പന ഫെസ്റ്റ് നടത്തിപ്പില്‍ ബിനാമി പേരില്‍ കൊട്ടേഷന്‍ പിടിച്ച് ഫെസ്റ്റ് നടത്തിയതും ഇതേ കൗണ്‍സിലറാണ്. ഫെസ്റ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണ വിവാദം വരെ ഉണ്ടാകുകയും കൗണ്‍സില്‍ യോഗത്തില്‍ വരെ വിഷയം ചര്‍ച്ചയാകുകയും ചെയ്തിരുന്നു.
Join Our Whats App group
Post A Comment: