അശാസ്ത്രീയമായ ഉത്തരവുകളും ഉദ്യോഗസ്ഥരുടെയും ഭരണ കൂടത്തിന്‍റെയും കെടുകാര്യസ്ഥതതയും സാധാരണക്കാരന്‍റെ ജീവിതം ദുരിത പൂർണമാക്കുമ്പോഴും പ്രതികരണ ശേഷി നഷ്ടപ്പെട്ട് ഇടുക്കിയിലെ കോൺഗ്രസും യുഡിഎഫും. കാർഷിക മേഖലയും തൊഴിൽ മേഖലയും പ്രതിസന്ധിയിലായതോടെ ഇടത്തരം കുടുംബങ്ങൾ വലിയ കടക്കെണിയാണ് നേരിടുന്നത്.
വന്യമൃഗ ശല്യങ്ങളും പട്ടയ പ്രശ്നങ്ങളും ഉറക്കം കെടുത്തിയിട്ടും ഇടുക്കിക്കാരുടെ നീറുന്ന പ്രശ്നങ്ങൾക്ക് മേൽ പ്രതിപക്ഷമായ കോൺഗ്രസും യുഡിഎഫും മുഖം തിരിക്കുന്നതാണ് ഇന്ന് വലിയ വെല്ലുവിളിയായിരിക്കുന്നത്.
എല്ലാം ശരിയാക്കാമെന്ന് വാഗ്ദാനം നൽകി അധികാരത്തിലേറിയ എൽഡിഎഫ് സർക്കാർ അനുദിനം ഇടുക്കിക്ക് ദ്രോഹമാകുന്ന ഉത്തരവുകളിറക്കുന്നതിൽ മത്സരിക്കുകയായിരുന്നു.
ഇതിനിടെയാണ് സിപിഎം നേതാക്കളുടെ ഭീഷണിയെ തുടർന്ന് നിക്ഷേപകർ ജീവനൊടുക്കുന്ന സാഹചര്യം വരെ ജില്ലയിലുണ്ടായത്. ജില്ലാ സെക്രട്ടറിയുടെയും മകന്‍റെയും അനധികൃത ഇടപാടുകൾ സംബന്ധിച്ച റിപ്പോർട്ടുകൾ അടക്കം പുറത്തു വന്നെങ്കിലും ഇക്കാര്യങ്ങളിലെല്ലാം അനങ്ങാപ്പാറ നയമാണ് കോൺഗ്രസും യുഡിഎഫും സ്വീകരിക്കുന്നത്.
അനധികൃത ഇടപാടുകളിലുള്ള ചില നേതാക്കളുടെ പങ്കുകച്ചവടമാണ് ഇതിനു കാരണമെന്നാണ് ആക്ഷേപം ഉയരുന്നത്. ഇടുക്കിയിലെ ഭൂ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് വാഗ്ദാനം നൽകിയാണ് ഇടതുപക്ഷം ജില്ലയിൽ കഴിഞ്ഞ രണ്ട് ടേമുകളിലും തെരഞ്ഞെടുപ്പിനെ നേരിട്ടത്.
എന്നാൽ അധികാരത്തിൽ രണ്ട് ടേം പൂർത്തീയാക്കാനൊരുങ്ങുമ്പോഴും ഭൂ പ്രശ്നങ്ങളിൽ പേരിനു പോലും ഇടപെടൽ നടത്തിയിട്ടില്ല. സർക്കാരിൽ സമ്മർദം ചെലുത്തേണ്ട കോൺഗ്രസാവട്ടെ ഇക്കാര്യത്തിൽ അനങ്ങാപ്പാറ നയം തുടരുകയുമാണ്.
വന്യമൃഗങ്ങൾ ഓരോ ജീവനുകളെടുക്കുമ്പോഴും സർക്കാരും സർക്കാർ സംവിധാനങ്ങളും ഇവിടെ ഉറക്കത്തിലാണ്. എന്നിട്ടും ഇക്കാര്യത്തിൽ കാര്യമായ പ്രതിഷേധം ഉയർത്താൻ പ്രതിപക്ഷത്തിനു കഴിഞ്ഞിട്ടില്ല.
യൂത്ത് കോൺഗ്രസ് നടത്തുന്ന ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ മാത്രമാണ് ഇപ്പോൾ ജില്ലയിൽ ആകെയുള്ള എതിർ ശബ്ദം. സിപിഎം നേതാക്കളുടെ അടക്കം ഗുണ്ടാ കഥകളും അനധികൃത ഇടപാടുകളും അടക്കം പുറത്തു വന്നാലും പ്രതിപക്ഷം ഇടപെടാറില്ല. പരുന്തുംപാറയിലെ കൈയേറ്റത്തിൽ അടക്കം പ്രതിപക്ഷത്തിന്‍റെ മൗനം ദൂരൂഹമാണ്.
ജില്ലയിൽ ഇരുപക്ഷവും ഭായി ഭായി ആണെന്നതിന്‍റെ ഉദാഹരണമാണ് ഇതൊക്കെയെന്നാണ് പൊതുജനങ്ങൾ വിലയിരുത്തുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ ഇതുവരെയില്ലാത്ത പ്രതിഷേധങ്ങളുമായി ഇപ്പോൾ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ഇതിനെ നേരിടാൻ വീണ്ടും വാഗ്ദാന പെരുമഴയുമായി ഭരണ പക്ഷവും രംഗത്തുണ്ട്. വീണ്ടും ആളുകളെ മണ്ടൻമാരാക്കി അധികാര കസേരകൾ കൈയടക്കുകയെന്ന ലക്ഷ്യം മാത്രമാണ് ഇരുമുന്നണികൾക്കുമുള്ളത്.
Join Our Whats App group
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
Post A Comment: