കൊല്ലം: അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മകൻ ജീവനൊടുക്കി. കൊല്ലം ആയൂരിലാണ് സംഭവം നടന്നത്. ഇളമാട് സ്വദേശിയായ രഞ്ജിത്ത് (35) ആണ് മരിച്ചത്. ഇയാളുടെ അമ്മ സുജാത (58) പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രയിൽ ചികിത്സയിലാണ്.
സുജാതയും രഞ്ജിത്തും ചേർന്ന് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം. കടുത്ത സാമ്പത്തിക ബാധ്യതയും സുജാതയുടെ പ്രമേഹ രോഗവുമാണ് കാരണം. പഴുപ്പ് കയറിയതോടെ സുജാതയുടെ കാൽ മുറിച്ചു മാറ്റേണ്ടി വരുമെന്ന് ഡോക്‌ടർമാർ പറഞ്ഞിരുന്നു. ഇതെ തുടർന്ന് ഇരുവരും കടുത്ത മാനസിക സമ്മർദത്തിലായിരുന്നു.
വെള്ളിയാഴ്ച്ച വൈകിട്ട് ഇരുവരും അമിതമായി ഗുളികകൾ കഴിച്ചു. തുടർന്ന് രഞ്ജിത്ത് അമ്മ സുജാതയെ ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി. ഇതോടെ സുജാത ബോധരഹിതയായി വീണു. അമ്മ മരിച്ചെന്ന് കരുതിയ രഞ്ജിത്ത് പിന്നീട് സീലിങ് ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു.
ശനിയാഴ്ച്ച രാവിലെ കെഎസ്ഇബി ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോഴാണ് വിവരം അറിയുന്നത്. കരണ്ട് ബിൽ അടക്കാതിരുന്നതിനെ തുടർന്ന് വീട്ടിലെ ഫ്യൂസ് ഊരാനാണ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയത്. ഈ സമയത്ത് ദയനീയമായി വെള്ളത്തിനായി കേഴുന്ന സുജാതയുടെ ശബ്ദമാണ് കേട്ടത്.
ഇവർ ഉടൻ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും നാട്ടുകാരും ചേർന്നാണ് വാതിൽ തുറന്ന് അകത്തു കടന്ന് സുജാതയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവർക്ക് മറ്റു ബന്ധുക്കളാരും ഇല്ലെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: