ഇടുക്കി: ഒരു സ്ഥാനാർഥിയുടെ വിജയത്തിനായി ഒരു നാട് ഒന്നടങ്കം ഒന്നിക്കുക.... വെയിലും മഴയും മഞ്ഞും മറന്ന് സ്ത്രീകളും കുട്ടികളും വയോധികരും അടക്കം ഒരു ജനാവലി തന്നെ വോട്ട് തേടിയിറങ്ങുക...... പരസ്പര കൂട്ടായ്‌മകൊണ്ട് വേറിട്ട കാഴ്ച്ചയാകുകയാണ് അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ഹെവൻവാലി വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി വിദ്യയുടെ പ്രചരണം.
യുവത്വത്തിന്‍റെ പ്രതീകമായിട്ടാണ് വിദ്യ മത്സര രംഗത്തേക്കെത്തുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ആദ്യമാണെങ്കിലും നാട്ടിലെ പൊതു രംഗങ്ങളിൽ നിറ സാനിധ്യമാണ് വിദ്യ. കോൺഗ്രസ് ടിക്കറ്റിൽ സ്ഥാനാർഥിത്വം ഉറപ്പിച്ചതോടെ പ്രചരണം ഒരു നാട് ഏറ്റെടുക്കുകയായിരുന്നു.
സ്ത്രീകളും കുട്ടികളും പുരുഷൻമാരും അടക്കം വലിയൊരു ജനാവലിയാണ് സ്ഥാനാർഥിക്ക് വേണ്ടി വോട്ടഭ്യർഥിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്. ജോലി കാര്യങ്ങൾ വരെ മറന്ന് ഇത്തരണം ഒരു പ്രചരണത്തിന് ഹെവൻവാലി വേദിയാകുന്നത് ചരിത്രത്തിൽ ആദ്യമാണെന്ന് പ്രായമായവർ സാക്ഷ്യപ്പെടുത്തുന്നു.
ഒരാഴ്ച്ചയോളമായി നൂറു കണക്കിനു പേരാണ് വാർഡിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് പ്രചരണ രംഗത്ത് സജീവമായിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന ഹെവൻവാലി വാർഡിൽ ഒരു മാറ്റം ആഗ്രഹിക്കുന്ന നിരവധി പേർ വിദ്യക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
രാജ്യം ഫൈവ് ജിയിലേക്ക് മാറിയിട്ടും മൊബൈൽ റേഞ്ച് പോലുമില്ലാതെ വട്ടം ചുറ്റുന്നവരാണ് ഹെവൻവാലി വാർഡിലുള്ളവരിൽ ഏറെയും. ഒരു മൊബൈൽ ടവറിനായി പ്രദേശവാസികളുടെ മുറവിളിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്.
കുണ്ടും കുഴിയും നിറഞ്ഞ റോഡും, കാർഷിക മേഖലയിലെ പ്രതിസന്ധിയും ഇത്തവണ തെരഞ്ഞെടുപ്പിൽ ചൂടേറിയ ചർച്ചയായി. പെരിയാർ തീര വാസികളുടെ പട്ടയ പ്രശ്നം അടക്കമുള്ള വിഷയങ്ങളിൽ നിലവിലെ ഭരണകൂടങ്ങൾ കാണിക്കുന്ന നിഷേധാത്മക നിലപാടും മേഖലയിൽ സജീവ ചർച്ചയാണ്. രണ്ടാഴ്ച്ച നീണ്ടു നിന്ന പ്രചരണങ്ങൾക്ക് ഞായറാഴ്ച്ച കലാശക്കൊട്ട് മുഴങ്ങുമ്പോൾ ഭരണ മാറ്റത്തിന്‍റെ ധ്വനികളാണ് എവിടെയും പ്രകടമാകുന്നത്.
Join Our Whats App group

Post A Comment: