ഇടുക്കി: രണ്ട് ടേമുകളിലായി എൽ.ഡി.എഫ് ഭരണം നിലനിർത്തിയ അയ്യപ്പൻകോവിൽ പഞ്ചായത്തിൽ ഇത്തവണ യു.ഡി.എഫ് തരംഗം. ഇടതിന്‍റെ കരുത്തൻമാരെ വരെ തറപറ്റിച്ചാണ് യു.ഡി.എഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്. സി.പി.എം ചപ്പാത്ത് മുൻ ലോക്കൽ സെക്രട്ടറി അടക്കം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഈ വാർഡിൽ യുഡിഎഫ് സ്ഥാനാർഥി ജയിച്ചപ്പോൾ എൽഡിഎഫ് വിമതനാണ് രണ്ടാം സ്ഥാനത്തെത്തിയത്. ചപ്പാത്ത് വാർഡിൽ നിന്നും ജനവിധി തേടിയ മുൻ പഞ്ചായത്ത് പ്രസിഡന്‍റ് യുഡിഎഫിനോട് തോറ്റു. സിപിഎം ടിക്കറ്റിൽ ജനവിധി തേടിയിറങ്ങിയ കുടുംബശ്രീ ചെയർപേഴ്‌സണും യുഡിഎഫ് തരംഗത്തിൽ പജായം അറിഞ്ഞു.
പഞ്ചായത്ത് ഭരണം പോയതിനു പിന്നാലെ ബ്ലോക്ക് പഞ്ചായത്തിലും പരാജയം ഏറ്റുവാങ്ങിയത് ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയായി. ജില്ലാ പഞ്ചായത്ത് ഡിവിഷനിലും പഞ്ചായത്ത് മേഖലയിൽ ഇടതുപക്ഷത്തിന് നേട്ടമുണ്ടാക്കാനായിട്ടില്ല. സ്ഥാനാർഥി നിർണയത്തിൽ അടക്കം വന്ന പാളിച്ചകളാണ് കനത്ത പരാജയത്തിനു കാരണമെന്ന് ഇടതുപക്ഷത്ത് വിമർശനം ഉയർന്നിട്ടുണ്ട്.
പാർട്ടിയിലെ ചിലരുടെ താൽപര്യത്തിനു വഴങ്ങി വിജയ സാധ്യതയില്ലാത്തവരെ മത്സരിപ്പിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. ഇത് വരും നാളുകളിൽ പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുൻ പഞ്ചായത്ത് പ്രസിഡന്‍റിനെ അടക്കം പരാജയപ്പെടുത്താൻ ഇടതുപക്ഷത്തിനുള്ളിലെ ഒരു വിഭാഗം നീക്കം നടത്തിയതായും സൂചനകളുണ്ട്.
പഞ്ചായത്തിൽ വിജയിച്ചവർ ഇങ്ങനെ
വാർഡ് ഒന്ന്- വിജയമ്മ ജോസഫ് (യു.ഡി.എഫ്), രണ്ട്- ലത സുരേഷ് (യുഡിഎഫ്), മൂന്ന്- അഭിലാഷ് മാത്യു (എൽഡിഎഫ് ), നാല്- അജേഷ് മോഹൻ (യുഡിഎഫ്), അഞ്ച്- സുലോചന ചന്ദ്രൻ (യുഡിഎഫ്), ആറ്- സലീന സലിം (യുഡിഎഫ്), ഏഴ്- തമ്പി (യുഡിഎഫ് ), എട്ട് -സബിൻ ഇസ്മയിൽ (എൽഡിഎഫ് ), ഒമ്പത് ബിനോയ് ഫിലിപ് (യുഡിഎഫ്), പത്ത് -വിനീത ബിനു (എൽഡിഎഫ് ), പതിനൊന്ന് ജാൻസി ചെറിയാൻ (യുഡിഎഫ്), പന്ത്രണ്ട്- പി.ജി ബാലകൃഷ്ണൻ (എൽഡിഎഫ്), പതിമൂന്ന്- നിഷാമോൾ ബിനോജ് (എൽഡിഎഫ്), പതിനാല് ജയേഷ് (യുഡിഎഫ് ).
Join Our Whats App group

Post A Comment: