ഇടുക്കി: താപനില പൂജ്യത്തിൽ താഴെയെത്തിയതോടെ മൂന്നാറിലേക്ക് സഞ്ചാരികളുടെ പ്രവാഹം. മൂന്നാറിലെ ലക്ഷ്മി എസ്റ്റേറ്റിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. മഞ്ഞ് വീഴ്ച്ചയും തണുപ്പും ആസ്വദിക്കാൻ നിരവധി പേരാണ് മൂന്നാറിലേക്ക് എത്തുന്നത്.
ലക്ഷ്മി എസ്റ്റേറ്റിൽ മൈനസ് ഒന്ന് വരെയാണ് താപനില താണത്. ഒരാഴ്ച്ചയിലേറെയായി മൂന്നാറിൽ മഞ്ഞ് വീഴ്ച്ച തുടരുകയാണ്. ഉൾപ്രദേശങ്ങളിലെ അത്രയും തണുപ്പ് ജനവാസ മേഖലകളിൽ ഇല്ല. എന്നാൽ മഞ്ഞ് വീഴ്ച്ചയുടെയും തണുപ്പിന്‍റെയും കാഴ്ച്ചകളും വാർത്തകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞതോടെ നിരവധി പേർ മൂന്നാറിലേക്ക് എത്തുന്നുണ്ട്.
ഇതോടെ മൂന്നാർ കുരുക്കിൽ കുടുങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ ദിവസം മൂന്നാർ മുതൽ അടിമാലി വരെ നീണ്ട ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. ഇതോടെ സഞ്ചാരികൾക്ക് യാത്ര ആസ്വദിക്കാനും കഴിയാതെയായി.
മൂന്നാറിനു പുറമേ ഇടുക്കിയുടെ മറ്റു ഭാഗങ്ങളിലും അതിശൈത്യം അനുഭവപ്പെടുന്നുണ്ട്. കുട്ടിക്കാനം, വാഗമൺ പ്രദേശങ്ങളിലും നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്. അതേസമയം പകൽ സമയത്ത് ചൂടും അനുഭവപ്പെടുന്നുണ്ട്. സന്ധ്യ ആകുന്നതോടെയാണ് തണുപ്പ് ആരംഭിക്കുന്നത്. ഇടുക്കിയിൽ തണുത്ത കാറ്റും ഇപ്പോൾ വ്യാപകമായിട്ടുണ്ട്.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

Post A Comment: