തെരഞ്ഞെടുപ്പു കാലം വെല്ലുവിളികളുടെയും നേർക്കു നേർ പോരാട്ടങ്ങളുടെയും കാലമാണ്. മുമ്പ് തെരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ തലമൊട്ടയടിച്ച ഇടുക്കിയിലെ കോൺഗ്രസ് ദേശീയ നേതാവിന്‍റെ വാർത്ത രാജ്യാന്തര മാധ്യമങ്ങൾ അടക്കം ഏറ്റെടുത്തിരുന്നു.
ഇവിടെ ഇപ്പോൾ തോറ്റു തുന്നംപാടി നിക്കുന്നവർക്കും വെല്ലുവിളികൾക്ക് കുറവൊന്നും ഇല്ലെന്നതാണ് സോഷ്യൽ മീഡിയയിൽ കണ്ടുവരുന്ന ട്രെന്‍റ്. സംസ്ഥാനത്താകെ യുഡിഎഫ് തംരംഗം അലയടിച്ചപ്പോഴും തങ്ങൾ നിലമെച്ചപ്പെടുത്തിയെന്ന മട്ടിലാണ് ഇടത് സൈബർ കേന്ദ്രങ്ങളുടെ വിശദീകരണ പോസ്റ്ററുകൾ.
ഇടുക്കിയിൽ ഇടതുപക്ഷത്തിനു നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത തിരിച്ചടിയാണ്. ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും ഇടതിനു പച്ചതപ്പാൻ അവസരം കിട്ടിയില്ല. കൈയിലുണ്ടായിരുന്ന പഞ്ചായത്തുകളിലും ബഹുഭൂരിപക്ഷവും പോയികിട്ടി.
ഇതിനിടെ അറ്റത്തും മൂലക്കും ഓരോ വിജയം നേടിയത് മാത്രമാണ് ഇടതുപക്ഷത്തിന് ആകെ പുറത്ത് കാണിക്കാനുള്ള മേൻമ. ഇത്തരം വിജയങ്ങളെ പർവതീകരിച്ച് കാണിച്ചാണ് പലരും സോഷ്യൽ മീഡിയയിൽ ആളാകാൻ നടക്കുന്നത്. ജില്ലാ പഞ്ചായത്തിൽ അടക്കം പാർട്ടിക്കുണ്ടായ വലിയ തോൽവിയും വോട്ട് ചോർച്ചയും ചർച്ച ചെയ്യുന്നതിനു പകരം വല്ലാണ്ടൂന്നും കാറ്റടിച്ച് കിട്ടിയ വിജയത്തിൽ അഹങ്കരിക്കുന്നവരാണ് നേതാക്കളിൽ പലരും.
ഇത്തരം സോഷ്യൽ മീഡിയ യുദ്ധങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറയുമ്പോൾ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ് ഇടുക്കി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഒരു സാമ്പിൾ വെടിക്കെട്ട് മാത്രമായിട്ടാണ് മുന്നണികൾ കാണുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ യുഡിഎഫ് ഇനിയും നിലമെച്ചപ്പെടുത്തുമെന്ന സൂചനകൾ തന്നെയാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും വ്യക്തമാകുന്നത്.
Join Our Whats App group

Post A Comment: