മാധ്യമങ്ങൾ തുറന്നാൽ ആകെ കേൾക്കാനുള്ളത് ഗർഭക്കഥമാത്രം. ഒരു എംഎൽഎയും അയാളുടെ ഗർഭക്കഥയുമാണ് ഇന്ന് കേരളത്തിലെ മുഖ്യ ചർച്ചാ വിഷയം. സോഷ്യൽ മീഡിയയിലും പൊതുയോഗങ്ങളിലും മാധ്യമ ചർച്ചകളിലും നിറയുന്നത് എംഎൽഎ അറസ്റ്റിലാകുമോ.. കൂടുതൽ പെൺകുട്ടികൾ പരാതിയുമായി വരുമോ.... എംഎൽഎ രാജി വക്കുമോ തുടങ്ങിയ നൂറു നൂറു ചോദ്യങ്ങൾ.. വാദവും പ്രതിവാദവുമായി അണിനിരക്കുന്ന നിരവധി പേർ.
എന്നാൽ എന്താണ് കേരളത്തിൽ സംഭവിക്കുന്നതെന്ന തിരിച്ചറിവുള്ളവർ വളരെ കുറച്ചുമാത്രം. വിദ്യാസമ്പന്നരെന്ന് അഹങ്കരിക്കുന്ന മലയാളികൾക്ക് മുന്നിൽ പട്ടിക്ക് എല്ലിൻ കഷണം ഇട്ടുകൊടുക്കുന്നതുപോലെ രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും ഇട്ടുകൊടുക്കുന്ന ഇരയാണ് ഈ കഥകളെന്ന് ചിന്തിക്കുന്നവർ എത്ര പേരുണ്ട്.
ജനകീയ വിഷയങ്ങളിൽ നിന്നും തെരഞ്ഞെടുപ്പ് കാലത്ത് ജനശ്രദ്ധ തിരിക്കണം, ഇതിനായി ഏറ്റവും നല്ല മാർഗമാണ് ഗർഭവും പീഡനവും. വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടുന്ന ഒരു നാട്ടിലാണ് ഇന്ന് മലയാളികൾ ജീവിക്കുന്നത്. വരുമാനം കുറയുകയും ചിലവ് കൂടുകയും ചെയ്യുന്ന സാഹചര്യം.
നിലനിൽപ്പിനായി വിദേശ രാജ്യങ്ങളിലേക്ക് കുടിയേറി പാർക്കേണ്ട അവസ്ഥ. ഒന്നും രണ്ടുമല്ല, ആയിരക്കണക്കിന് പേരാണ് ഇപ്പോൾ രാജ്യം വിട്ടുകൊണ്ടിരിക്കുന്നത്. നിലനിൽപ്പിനു വേണ്ടി വിദേശങ്ങളിലേക്ക് ചേക്കേറുന്ന പലരും അവിടെ പൗരത്വം സ്വീകരിച്ച് നാടിനെ ഉപേക്ഷിക്കുന്ന കാഴ്ച്ചയും ഇന്ന് കണ്ടു വരുന്നുണ്ട്.
എന്നിട്ടും ഇവിടെ രാഷ്ട്രീയം നല്ല വ്യവസായമായി വളർന്നുകൊണ്ടിരിക്കുന്നു. ഓരോ രാഷ്ട്രീയക്കാരനും വലിയ വ്യവസായികളായി പണം കൊയ്‌തുകൊണ്ടിരിക്കുന്നു. ഒരു വാർഡ് മെമ്പറിൽ തുടങ്ങി മേലോട്ട് ആസ്തികൾകെട്ടിപ്പടുക്കാനുള്ള ഉപാധിയായി മാറിയിരിക്കുന്നു രാഷ്ട്രീയം. ഇവരെ അധികാരത്തിലേറ്റാൻ വിദ്യാസമ്പന്നരായ മലയാളികൾ വീണ്ടും വീണ്ടും തയാറാകുന്നു.
വീടിനു പുറത്തിറങ്ങിയാൽ പിഞ്ചു കുഞ്ഞുങ്ങളെ പോലും തെരുവുനായ്ക്കൾ കടിച്ചുകൊടയുന്നു. പേ വിഷബാധയേറ്റ് മരിക്കുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു. അഴിമതി ആരോപണങ്ങളിൽ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ, ശബരിമലയിൽ നടന്ന സ്വർണക്കൊള്ളയ്ക്ക് പിന്നിൽ ആരൊക്കെയുണ്ട്... ആരുടെ മാസ്റ്റർ പ്ലാൻ ആണ് ശബരിമലയിലെ സ്വർണക്കൊള്ള...
ഈ സർക്കാർ അധികാരത്തിലെത്തുമ്പോൾ ഉണ്ടായിരുന്നതിലും അഞ്ചിരട്ടിയോളമാണ് പൊതുക്കടം വർധിച്ചത്. ഇതൊന്നും പൊതുജനം ചർച്ച ചെയ്യാതിരിക്കാൻ ഒരു ഗർഭം മതിയെന്നതാണ് കേരളത്തിലെ രസകരമായ സാഹചര്യം. മുഖ്യധാരാ മാധ്യമങ്ങളും ഇത്തരത്തിൽ അവിഹിതത്തിനും ഗർഭത്തിനും പിന്നാലെ പായുന്നതാണ് കാഴ്ച്ച. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കാണും ഇതുപോലെ ചില എല്ലിൻ കഷണങ്ങൾ.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

Post A Comment: