തിരുവനന്തപുരം: ക്രിസ്തുമസ് പരീക്ഷയുടെ ഭാഗമായി നാളെ (ശനി) നടക്കാനിരുന്ന ഹയർസെക്കണ്ടറി രണ്ടാം വർഷ (പ്ലസ് ടു) വിദ്യാർഥികളുടെ ഹിന്ദി പരീക്ഷ മാറ്റിവച്ചു. സാങ്കേതിക കാരണങ്ങളാണ് പരീക്ഷ മാറ്റാന് കാരണമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച സര്ക്കുലറില് വ്യക്തമാക്കുന്നു.
മാറ്റിവച്ച പരീക്ഷ ക്രിസ്മസ് അവധിയ്ക്കു ശേഷം സ്കൂള് തുറക്കുന്ന ദിവസം നടത്തുമെന്നു സര്ക്കുലറില് പറയുന്നു. സ്കൂള് തുറക്കുന്ന ദിവസം ഉച്ചയ്ക്ക് ശേഷമായിരിക്കും പരീക്ഷ. ജനുവരി അഞ്ചിനാണ് സ്കൂൾ തുറക്കുന്നത്.
ഡിസംബർ 15-ന് ആരംഭിച്ച ക്രിസ്തുമസ് പരീക്ഷകൾ 23-ന് അവസാനിക്കും. ഡിസംബർ 24 മുതൽ ജനുവരി 05 വരെയായിരിക്കും ക്രിസ്തുമസ് അവധി. സാധാരണ ക്രിസ്മസിന് പത്ത് ദിവസമാണ് അവധി ലഭിച്ചിരുന്നതെങ്കിൽ ഈ വര്ഷം അത് 12 ആയി. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ക്രിസ്തുമസ് പരീക്ഷയുടെ തീയതിയിൽ മാറ്റം വരുത്തിയതോടെയാണ് അവധി ദിവസങ്ങളുടെ എണ്ണം വർധിച്ചത്.
Join Our Whats App group