ഇടുക്കി: ഗ്രൂപ്പ് തർക്കവും മുതിർന്ന നേതാക്കളുടെ പിടിവാശിയും കാരണം ഇടുക്കിയിലെ കോൺഗ്രസ് സീറ്റുകളിൽ സ്ഥാനാർഥി തീരുമാനം വൈകുന്നു. പീരുമേട്, ഇടുക്കി, ഉടുമ്പൻചോല സീറ്റുകളിലാണ് തർക്കം തുടരുന്നത്. കാലങ്ങളായി ഇടതുപക്ഷം വിജയിക്കുന്ന മണ്ഡലങ്ങളാണ് ഇവ.
ഇത്തവണ മണ്ഡലം തിരികെ പിടിക്കണമെന്ന് പാർട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും ധാരണയുണ്ടായിരുന്നെങ്കിലും ഗ്രൂപ്പ് പോരും നേതാക്കളുടെ കിട മത്സരവും ഇത്തവണയും വെല്ലുവിളിയാകുകയാണ്.
ഇടുക്കി സീറ്റ് കേരളാ കോൺഗ്രസിൽ നിന്നും കോൺഗ്രസ് ഏറ്റെടുത്തെങ്കിലും ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തിലാണ് തർക്കം നിലനിൽക്കുന്നത്. യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴിയുടെ പേരാണ് ഉയരുന്നതെങ്കിലും റോയി കെ. പൗലോസിന്‍റെ പേരും ഇതിനോടൊപ്പം ഇപ്പോൾ ചർച്ചയാകുന്നുണ്ട്.
ഉടുമ്പൻചോലയിൽ മുതിർന്ന നേതാക്കളെയെല്ലാം വെട്ടി ജില്ലാ പഞ്ചായത്തംഗം മിനി പ്രിൻസിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്. പീരുമേട്ടിൽ റോയി കെ. പൗലോസിന്‍റെയും സിറിയക് തോമസിന്‍റെയും പേരുകളാണ് പരിഗണനയിൽ.
വേണുഗോപാൽ പക്ഷത്തുള്ള റോയി കെ. പൗലോസും എ വിഭാഗത്തിൽ നിന്നുള്ള സിറിയക് തോമസും തമ്മിൽ രമ്യതയിലെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ഇടുക്കി സീറ്റ് റോയി കെ. പൗലോസിനും പീരുമേട് സിറിയക് തോമസിനും കൊടുത്ത് പ്രശ്നം പരിഹരിക്കാനുള്ള നീക്കത്തിലാണ് കെപിസിസി നേതൃത്വം.
തർക്കം തുടരുന്നതിനിടെ മണ്ഡലങ്ങളിൽ ഇടതുപക്ഷം പ്രചരണം ശക്തമാക്കി മുന്നോട്ടു പോകുന്നത് പ്രവർത്തകരെ ആശങ്കയിലാക്കുന്നുണ്ട്. ഉടുമ്പൻചോലയിലെ സ്ഥാനാർഥി നിർണയത്തിൽ അടക്കം പാർട്ടിക്കുള്ളിൽ വലിയ അമർഷം ഉള്ളതായിട്ടാണ് വിവരം. നിലവിലെ സ്ഥിതി തുടർന്നാൽ തെരഞ്ഞെടുപ്പിൽ ഇത്തവണയും ഇടുക്കിയിൽ കോൺഗ്രസ് തിരിച്ചടി നേരിടേണ്ടിവരുമെന്ന ആശങ്കയും പ്രവർത്തകർക്കിടയിലുണ്ട്.
Join Our Whats App group

Post A Comment: